ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളാവണം

തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായി മാറേണ്ട ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ജില്ലാ ജയിലിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു തരത്തിലുള്ള പരിരക്ഷയും ലഭിക്കില്ലെന്നും കുറ്റവാളികളെ തെറ്റു തിരുത്തി പുതിയ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

ശിക്ഷാകാലാവധി പൂര്‍ത്തീകരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ എന്നതിലുപരി ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളാവണം. കുറ്റവാളികളെ കുറ്റബോധത്തില്‍ തളച്ചിടാതെ അവരെ നല്ലവരാക്കുന്നതിനുള്ള മനശാസ്ത്രം ജയില്‍ ഉദ്യോഗസ്ഥര്‍ സ്വായത്തമാക്കണമെന്നും കുറ്റവാളികളെ നല്ല മനുഷ്യരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ മാതൃകയാവണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. ജയിലുകളുടെ ആധുനികവത്ക്കരണവുമായി ബന്ധപ്പെട്ട് കോടതികളെ ജയിലുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 24 കോടി ചെലവില്‍ സംസ്ഥാനത്തെ 54 ജയിലുകളെ കോടതികളുമായി ബന്ധിപ്പിക്കും. കൂടാതെ സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ 2.29 കോടി ചെലവില്‍ ടെട്രോ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പദ്ധതി നിലവില്‍ വരുന്നതോടെ കൂടുതല്‍ കാര്യക്ഷമമായി ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വിവര വിനിമയം നടത്താനാകും. ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 4.60 കോടി ചെലവില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. പോലീസ് സേനയിലെ ജീവനക്കാരുടെ നിയമനത്തിനുള്ള തടസങ്ങള്‍ പരിഹരിച്ച് പുതിയ ബാച്ചിന്റെ നിയമനം ആഗസ്റ്റ്-സെപ്റ്റംബറില്‍ നടത്തും. മനുഷ്യാവകാശത്തിന്റെ പേരില്‍ അച്ചടക്കലംഘനം നടത്താനാകില്ലെന്നും ജയിലുകള്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം തടവുകാരുടെ ക്ഷേമത്തിനായി 17.25 കോടിയും ജയിലുകളുടെ നവീകരണത്തിനായി 38.50 കോടിയും ചെലവഴിച്ചിട്ടുണ്ട്. കൂടാതെ ജയിലുകളിലെ സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ജാമര്‍, ബോഡി സ്‌കാനര്‍, ലീനിയര്‍ എമിഷന്‍ ഡിറ്റക്ടര്‍ എന്നിവ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.