നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാളെ ഒറ്റ തിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഈ പശ്ചാത്തലത്തിൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. ഇന്നു മുതൽ നാലുദിവസം വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമുദ്ര ഭാഗങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് നിർദേശിക്കുന്നു. ജൂലൈ പത്തിന് രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.