കെ.ടി ജലീലിനെതിരായ ഹര്‍ജി പിന്‍വലിച്ച് പികെ ഫിറോസ്

കൊച്ചി: മന്ത്രി കെടി ജലിലീനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ജലീല്‍ ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനില്‍ ബന്ധുനിയമനം നടത്തിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി ഇനിയും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കാര്യമില്ലെന്ന നിയമ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം.

പികെ ഫിറോസ് സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ജിയില്‍ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

പരാതിയില്‍ കേസെടുക്കുന്നില്ലെന്ന വിജിലന്‍സ് നിലപാടിനെതിരെ ഹര്‍ജിക്കാരന്‍ കീഴ്‌ക്കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറോസ് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത്.