പ്രിയ ധോനീ,എന്തിനാണ് നിങ്ങൾ ഇവിടെ വന്നുപിറന്നത്?

സന്ദീപ് ദാസ്

2019ലെ ക്രിക്കറ്റ് ലോകകപ്പിൻ്റെ ആദ്യ സെമിഫൈനൽ ഒാൾഡ് ട്രാഫോർഡിൽ നടക്കുകയാണ്.ഇന്ത്യൻ ഇന്നിങ്സിലെ നാല്പത്തിയൊമ്പതാമത്തെ ഒാവറാണ്.ജയിക്കാൻ 12 പന്തുകളിൽ 31 റണ്ണുകൾ ആവശ്യമായിരുന്നു.പക്ഷേ ന്യൂസീലൻഡ് ഒരല്പം പോലും ആശ്വസിച്ചിരുന്നില്ല.പന്തെറിയാനെത്തിയ ലോക്കി ഫെർഗ്യൂസൻ്റെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു.കാരണം ക്രീസിൽ ഉണ്ടായിരുന്നത് ലിമിറ്റഡ് ഒാവർ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷറായ മഹേന്ദ്രസിംഗ് ധോനിയായിരുന്നു !

ഫെർഗ്യൂസൻ്റെ ആദ്യ ഡെലിവെറി മണിക്കൂറിൽ 143 കിലോമീറ്റർ വേഗത്തിലാണ് ധോനിയുടെ നേരെ പാഞ്ഞെത്തിയത്.ഒാഫ്സൈഡ് ബൗണ്ടറിയിൽ ഫീൽഡറുടെ സംരക്ഷണമുണ്ടായിരുന്നു.പക്ഷേ പന്ത് അയാളുടെ തലയ്ക്കുമുകളിലൂടെ പറന്നു ! സിക്സർ ! ഒറ്റ ഷോട്ടിലൂടെ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർന്നു.2011 ലോകകപ്പിൽ ധോനി കളിച്ച ആ വിഖ്യാതമായ ലോഫ്റ്റഡ് സ്ക്വയർകട്ട് ഒാർമ്മയിൽ തെളിഞ്ഞു!

അടുത്തത് ഒരു ഡോട്ട്ബോളായിരുന്നു.ഒാവറിലെ മൂന്നാമത്തെ പന്ത് ലെഗ്സൈഡിലേക്ക് പായിച്ച് ബാറ്റ്സ്മാൻ ഒാട്ടം ആരംഭിച്ചു.ഒാടുന്നത് എം.എസ് ധോനിയായിരുന്നു.റൺസിനുവേണ്ടിയുള്ള കുതിപ്പിൻ്റെ കാര്യത്തിൽ ഇന്നും ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർ എന്ന് ഡീൻ ജോൺസ് വിശേഷിപ്പിച്ച സാക്ഷാൽ ധോനി !! പന്ത് പോയത് മാർട്ടിൻ ഗപ്ടിലിൻ്റെ അടുത്തേക്കായിരുന്നു.­അയാൾ ഒരു മോശം ലോകകപ്പിലൂടെ കടന്നുപോവുകയായിരുന്നു.പക്ഷേ ഭീകരമായ സമ്മർദ്ദത്തിൻ്റെ സമയത്തും ഗപ്ടിലിന് ഉന്നം പിഴച്ചില്ല ! ഡിറെക്റ്റ് ഹിറ്റ് !

തീരുമാനമെടുക്കാനുള്ള ചുമതല ടെലിവിഷൻ അമ്പയറിൽ വന്നുചേർന്നു.ഒാസ്ട്രേലിയക്കാരനായ റോഡ് ടക്കർ റീപ്ലേകൾ പരിശോധിച്ചു.ധോനിയുടെ ബാറ്റ് പുറത്തായിരുന്നു ! മില്ലീമീറ്ററുകളുടെ വ്യത്യാസം !

ജയൻ്റ് സ്ക്രീനിൽ ‘ഒൗട്ട് ‘ എന്ന് തെളിയുന്നത് കാണാൻ ധോനി കാത്തുനിന്നില്ല.അയാൾ സാവകാശം ചെയ്ഞ്ച് റൂമിലേക്കുള്ള നടത്തം ആരംഭിച്ചിരുന്നു.ഇടയ്ക്ക് നിരാശമൂലം തലതാഴ്ത്തി.പിന്നീട് പ്രയാണം തുടർന്നു.കൂടാരം ഏറെ അകലെയാണെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവണം.ഒരു തുള്ളി കണ്ണുനീർ അടർന്നുവീഴാൻ മടിച്ചുനിന്നു!

ധോനി പോകുന്ന വഴിയിൽ നിറയെ ആരാധകരുണ്ടായിരുന്നു.പക്ഷേ അയാളെ ഒന്ന് ആശ്വസിപ്പിക്കാനുള്ള ധൈര്യം ആരും കാണിച്ചില്ല.പുറത്തൊന്ന് തട്ടിയാൽ ആ മനുഷ്യൻ സ്ഫടികപാത്രം പോലെ പൊട്ടിത്തകരുമെന്ന് കാണികൾ ഭയന്നിരിക്കാം! പൊതുവെ വളരെ ‘കൂൾ’ ആയ ധോനിയെ ലോകം അതുവരെ അത്രമേൽ സങ്കടത്തോടെ കണ്ടിരുന്നില്ല.

സ്റ്റേഡിയത്തിൻ്റെ പടികൾ സാവകാശം കയറി ഗാലറിയിലെത്തിയപ്പോൾ രവിശാസ്ത്രിയും ജസ്പ്രീത് ബുംറയും ധോനിയെ ചേർത്തുപിടിക്കാൻ ശ്രമിച്ചു.പിടിനൽകാതെ അയാൾ എങ്ങോ മറഞ്ഞു.ഇന്ത്യയെ ഫൈനലിലെത്തിക്കണമെന്ന് ധോനി അത്രമേൽ ആഗ്രഹിച്ചിരുന്നു…

ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ധോനി എന്ന വന്മരം കൂടി കടപുഴകിയതോടെ കിവീസ് അനായാസം ജയിച്ചുകയറി.പിന്നാലെ സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് പണ്ഡിതൻമാർ ധോനിയ്ക്കുനേരെ വിമർശനശരങ്ങൾ തൊടുത്തുതുടങ്ങി.

”വള്ളംകളി അവസാനിച്ചു…”
”ടീമിനെ ജയിപ്പിക്കാൻ ശ്രമിക്കാതെ,തുഴഞ്ഞ് തുഴഞ്ഞ് ഫിഫ്റ്റി നേടിയ സ്വാർത്ഥൻ….”
”ഒന്ന് വിരമിച്ച് പോയിത്തരുമോ?എങ്കിൽ ഈ ടീം രക്ഷപ്പെടും….”

ഇങ്ങനെയൊക്കെയായിരുന്നു ശാപവാക്കുകൾ.സത്യത്തിൽ അവയിൽ പലതും വിമർശനങ്ങളായിരുന്നില്ല,അധിക്ഷേപങ്ങളായിരു­ന്നു ! അതും അവസാനനിമിഷം വരെ ദേശീയടീമിനുവേണ്ടി പല്ലും നഖവും ഉപയോഗിച്ച് പൊരുതിയ ഒരു 38കാരനെതിരെ !

അതുകണ്ടപ്പോൾ ഒട്ടുംതന്നെ അത്ഭുതംതോന്നിയില്ല.അല്ലെങ്കിലും ഈ ധോനി വിരോധികൾ എന്നാണ് അയാളെ അംഗീകരിച്ചിട്ടുള്ളത്? ലോകകപ്പ് ഫൈനലിൽ നന്നായി കളിച്ച് ടീമിനെ ജയിപ്പിച്ചതിൻ്റെ പേരിൽ പഴികേട്ട ചരിത്രത്തിലെ ഏകതാരമാണ് ധോനി ! അന്ന് ഈ ഹേറ്റേഴ്സ് അയാളെ വിശേഷിപ്പിച്ചത് ‘ക്രെഡിറ്റ് സ്റ്റീലർ’ എന്നായിരുന്നു ! ധോനി എങ്ങനെ കളിച്ചാലും അയാളെ കുറ്റം പറയാൻ ഒരു മാർഗ്ഗം അവർ കണ്ടെത്തിയിരിക്കും.ഹീറോയെ വില്ലനാക്കിമാറ്റാൻ പരമാവധി പരിശ്രമിക്കും….!

റാഞ്ചിയുടെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചുനടന്നിരുന്ന ഒരു നീളൻമുടിക്കാരൻ്റെ പ്രതിഭ ആദ്യമായി തിരിച്ചറിഞ്ഞ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി മത്സരത്തിനിടെ കമൻ്ററി ബോക്സിലുണ്ടായിരുന്നു.ദാദ ഒരു കാര്യം പലവട്ടം പറയുകയും ചെയ്തിരുന്നു-

”ഡെത്ത് ഒാവറുകളിൽ എങ്ങനെ കളിക്കണമെന്ന് ധോനിയെ ആരും പഠിപ്പിക്കേണ്ടതില്ല.­അക്കാര്യത്തിൽ അയാളുടെ മികവും അറിവും വേറെ ആർക്കുംതന്നെയില്ല….”

ധോനി ഉദ്ദ്യേശിച്ചത് എന്താണെന്ന് വളരെ വ്യക്തമായിരുന്നു.ധോനി-ജഡേജ സഖ്യം അവസാനത്തെ അംഗീകൃത ബാറ്റിങ്ങ് ജോഡിയായിരുന്നു.ധോനി നേരത്തെ ഒൗട്ടായിരുന്നുവെങ്കിൽ പകരം എത്തുന്നത് ഭുവ്നേശ്വർ കുമാറായിരുന്നു.അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ മത്സരം അവിടെ അവസാനിക്കുമായിരുന്നു.പന്തുകൾ കുറയുംതോറും മികവ് കൂടിക്കൂടിവരുന്ന ഒരപൂർവ്വ പ്രതിഭാസമാണ് ധോനി.അതുകൊണ്ട് ജഡേജ ആക്രമിച്ചതും ധോനി ഒരറ്റത്ത് നങ്കൂരമിട്ടതും മികച്ച തന്ത്രമായിരുന്നു.രണ്ടുകൂട്ടരും അമിതമായി ആക്രമിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നില്ല.

ഒരു പ്രഷർ ഗെയിം ഫിനിഷ് ചെയ്യാനാണ് ക്രിക്കറ്റിൽ ഏറ്റവും പ്രയാസം.നന്നായി തുടങ്ങുകയും അവസാനം പടിയിൽ കൊണ്ടുപോയി കലമുടയ്ക്കുകയും ചെയ്യുന്ന എത്രയെത്ര കളിക്കാരെ നാം കണ്ടിരിക്കുന്നു ! അവസാനത്തെ 2-3 ഒാവറുകളാണ് ഏറ്റവും ദുഷ്കരം.ഇതിനു നേർവിപരീതമാണ് ധോനി ! അയാൾ ഏറ്റവും കരുത്തനാകാറുള്ളത് ആ ഘട്ടത്തിലാണ്.അത്തരമൊരു സാഹചര്യം വന്നാൽ ക്രീസിൽ ധോനിയുടെ സാന്നിദ്ധ്യം നിർബന്ധമായിരുന്നു.ഇന്ത്യ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ വന്നതുമാണ്.

11 പന്തുകളിൽ 25 റണ്ണുകൾ എന്ന ലക്ഷ്യം ധോനി ഗ്രൗണ്ടിൽ ഉള്ളപ്പോൾ അസാദ്ധ്യമായിരുന്നില്ല.ഇപ്പോൾ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാറുണ്ടെങ്കിലും ബിഗ് ഹിറ്റുകൾ ധോനിയെ വിട്ടൊഴിഞ്ഞുപോയിട്ടില്ലെന്ന് മിച്ചൽ സ്റ്റാർക്കും ഒഷെയ്ൻ തോമസ്സുമെല്ലാം സാക്ഷ്യപ്പെടുത്തും.ഒരേയൊരു പിഴവിലാണ് എല്ലാം കൈവിട്ടുപോയത്.അത്തരമൊരു റണ്ണൗട്ട് കിവീസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്നുറപ്പാണ്.

ധോനിയും ഒരു മനുഷ്യനല്ലേ!? ഭാഗ്യനിർഭാഗ്യങ്ങളെ വരുതിയ്ക്ക് നിർത്തുന്ന കാര്യത്തിൽ ഒരു പരിധിയില്ലേ!?

രോഹിതും വിരാടും രാഹുലും പരാജയപ്പെട്ടപ്പോഴും പ്രതീക്ഷ അവശേഷിച്ചിരുന്നു.ചെയ്ഞ്ച് റൂമിൽ ഒരു ചില്ലിനപ്പുറത്ത് ധോനിയെ കണ്ടപ്പോൾ ഒരാശ്വാസമായിരുന്നു.മൈതാനത്ത് കിവീസ് ബൗളർമാർ നാശം വിതയ്ക്കുമ്പോഴും അയാൾ സമചിത്തത കൈവിട്ടിരുന്നില്ല.ടീം അംഗങ്ങൾ പോലും ചിന്തിച്ചിരുന്നത് ആ രീതിയിലായിരുന്നു.ബും­റ ചിരിച്ചുകൊണ്ട് ധോനിയോട് സംസാരിക്കുന്നത് കണ്ടിരുന്നു.ഇങ്ങനെയുള്ള വിശ്വാസം പ്രദാനംചെയ്ത മറ്റൊരു ലോവർ ഒാർഡർ ബാറ്റ്സ്മാൻ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല.

ദിനേഷ് കാർത്തിക് ഒൗട്ടായപ്പോൾ പകരം ഇറങ്ങിയത് ഹാർദ്ദിക് പണ്ഡ്യയാണ്.ടീം ഇന്ത്യയുടെ പുതിയ സൂപ്പർസ്റ്റാർ ! പക്ഷേ അപ്പോഴും എല്ലാ കണ്ണുകളും തിരഞ്ഞത് ധോനിയേയായിരുന്നു.ആ സാഹചര്യം കൈകാര്യം ചെയ്യാൻ ധോനിയാണ് മികച്ചത് എന്ന് കമൻ്റേറ്റർമാർ പറയുന്നുണ്ടായിരുന്നു !

ഒടുവിൽ 71/5 എന്ന നിലയിൽ ക്രീസിലെത്തിയപ്പോൾ ഒരിക്കൽക്കൂടി എല്ലാ പ്രതീക്ഷകളും ‘മോശം ഫോമിലുള്ള’ ധോനിയിലേക്ക് ചുരുങ്ങുകയായിരുന്നു ! 15 വർഷത്തോളം രാജ്യത്തെ സേവിച്ച ഒരു ക്രിക്കറ്റർക്ക് തൻ്റെ അവസാന ലോകകപ്പ് മത്സരത്തിലും മുഴുവൻ ഭാരവും ചുമലിലേറ്റാനായിരുന്നു വിധി !

അയാൾക്ക് സ്വയം പഴിക്കാനേ കഴിയുമായിരുന്നുള്ളൂ.ഒരു മഹേന്ദ്രസിംഗ് ധോനിയെക്കുറിച്ചുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ പ്രതീക്ഷകൾ അത്രമേൽ വളർന്നുപോയിരുന്നു !

എെ.സി.സി ടൂർണ്ണമെൻ്റുകളിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ള ടീമാണ് ന്യൂസിലാൻഡ്.അവരുടെ ബൗളിങ്ങ് നിര അതിശക്തവുമായിരുന്നു.240 എന്ന ലക്ഷ്യം ധോനിയ്ക്ക് ഒറ്റയ്ക്ക് ഭേദിക്കാൻ സാധിക്കുമായിരുന്നില്ല.ഒരു പങ്കാളി അത്യാവശ്യമായിരുന്നു.രവീന്ദ്ര ജഡേജ അതിന് പറ്റിയ ആളായിരുന്നു.

ധോനിയേക്കാൾ നന്നായി കളിച്ചത് ജഡേജയാണ് എന്ന കാര്യത്തിൽ ഒരു തർക്കംപോലുമില്ല.പക്ഷേ ജഡേജ തീകൊണ്ട് കളിച്ചത് ധോനി എന്ന എെസ് മറ്റേയറ്റത്ത് ഉണ്ടായിരുന്നതുകൊണ്ടുകൂടിയായിരുന്നു.മറുവശത്ത് ഭുവിയോ ചാഹലോ ആയിരുന്നുവെങ്കിൽ ജഡേജയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടില്ലായിരുന്നു.ഇത്തരം ഘട്ടങ്ങളിൽ ധോധിയുടെ പ്രസൻസ് പോലും ഗുണം ചെയ്യും.മുൻവിധികളില്ലാതെ ഈ കളി ഫോളോ ചെയ്യുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണത്.

ധോനി എല്ലാവിധത്തിലും പരിശ്രമിച്ചു.റ്റൂ-പേസ്ഡ് ആയിരുന്ന ഒരു പിച്ചിൽ കിവി ബൗളർമാർ അയാളെ പരമാവധി ബുദ്ധിമുട്ടിച്ചു.പല തവണ ബാറ്റിൻ്റെ അറ്റവും അരികുകളും പരീക്ഷിക്കപ്പെട്ടു.പക്ഷേ ധോനി വിട്ടുകൊടുത്തില്ല.താൻ ഒരു പരാജിതനെപ്പോലെ കാണപ്പെടുന്നത് അയാൾക്കൊരു വിഷയമായിരുന്നില്ല.ടീമിൻ്റെ വിജയം മാത്രമായിരുന്നു ധോനിയുടെ ഉന്നം !

സാൻ്റ്നറെ ജഡേജ സിക്സറടിച്ചപ്പോൾ ധോനി ഒാടിച്ചെന്ന് തൻ്റെ പങ്കാളിയുടെ ഗ്ലൗസിൽ സന്തോഷത്തോടെ ആഞ്ഞിടിച്ചിരുന്നു.നാല്പത്തിയെട്ടാമത്തെ ഒാവറിൽ ബൗണ്ടറിയെന്നുറപ്പിച്ച ഒരു ഷോട്ട് സാൻ്റ്നർ തടുത്തിട്ടപ്പോഴും ധോനി ചിരിക്കുകയായിരുന്നു.എത്ര മോശം അവസ്ഥയിലാണെങ്കിലും ഇതുപോലുള്ള ആത്മവിശ്വാസത്തിനുമുന്നിൽ ഏത് എതിരാളികളാണ് ഒന്ന് പതറാതിരിക്കുക!?

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ധോനിയ്ക്ക് പരിക്കേറ്റിരുന്നു.തള്ളവിരൽ വായിലിട്ട് രക്തംതുപ്പിക്കളയുന്ന ധോനിയുടെ ചിത്രം ശരിക്കും ഞെട്ടിച്ചിരുന്നു.പക്ഷേ ആ ഫോട്ടോ ധോനി വിരോധികൾ ഇപ്പോൾ ഉപയോഗിക്കുന്നത് ധോനിയെ ട്രോൾ ചെയ്യാനാണ് ! ഒരാളുടെ പരിക്കുപോലും ആഘോഷമാക്കുന്ന വൃത്തികെട്ട വിരോധം !

ഇതുപോലെ നെറികെട്ട ഒരു ആരാധകക്കൂട്ടം ധോനിയെപ്പോലൊരു ഇതിഹാസത്തെ അർഹിക്കുന്നില്ല എന്നതാണ് ശരി.പ്രിയ ധോനീ,എന്തിനാണ് നിങ്ങൾ ഇവിടെ വന്നുപിറന്നത്? എന്തിനാണ് നേടാവുന്നതെല്ലാം നേടിത്തന്നത്? ഈ കുത്തുവാക്കുകൾ കേൾക്കാനോ???

കളി കഴിഞ്ഞപ്പോൾ ഒരു കൊച്ചുകുട്ടി സ്റ്റേഡിയത്തിലിരുന്ന് കരയുന്നത് കണ്ടിരുന്നു.അവൻ്റെ കൈവശമുണ്ടായിരുന്ന ബാനറിൽ ഇപ്രകാരം എഴുതിയിരുന്നു-

”No fear when Dhoni is here…!! ”