ലേക് പാലസ്:സംസ്ഥാന സര്‍ക്കാരിനോട് യുദ്ധത്തിനില്ലെന്ന് ആലപ്പുഴ നഗരസഭ

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് യുദ്ധത്തിനില്ലെന്ന് ആലപ്പുഴ നഗരസഭ. നികുതിയിനത്തില്‍ നഗരസഭക്ക് കിട്ടാനുള്ള തുക വാങ്ങിയെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് പ്രതികരിച്ചു.

മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. 1.17 കോടി രൂപ പിഴ ഈടാക്കണമെന്ന ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവാണ് തള്ളിയത്.

റിസോര്‍ട്ടില്‍ നിന്നും പിഴയും നികുതിയും ഈടാക്കുന്നത് സര്‍ക്കാര്‍ തടയുകയും 1.17 കോടി രൂപ പിഴ ഈടാക്കിയത് 34 ലക്ഷമായി കുറക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

രണ്ട് കോടി 71 ലക്ഷം രൂപയാണ് നേരത്തെ പിഴ ഈടാക്കിയത്. ഇതിനെതിരെ ലേക്ക്പാലസ് ഉടമകള്‍ സര്‍ക്കാരിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് മാസം മുമ്പ് നഗരസഭ ചുമതലയുള്ള റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ റിസോര്‍ട്ടിലെത്തി പരിശോധനകള്‍ നല്‍കിയത്. പിഴ തുക വളരെ കൂടുതലായി കണ്ടെത്തുകയും പിന്നീട് ഇത് 1.17 കോടി രൂപയായി കുറക്കുകയായിരുന്നു.