പാദസരം (നൊസ്റ്റാൾജിയ-2)

ഡോ.എസ് രമ
ഓർമ്മകളുടെ ഇടവഴികളിൽ
പിന്തുടരുന്ന ഒരു പാദസരകിലുക്കം…
പല തരം പാദസരങ്ങളെ
പരിചയപ്പെടുത്തിയ പാദങ്ങൾ…

നീളൻ പാവാട തെല്ലുയർത്തി..
മെല്ലെ ഒതുക്കു കല്ലുകൾ ഇറങ്ങുന്ന
പാദങ്ങളുടെ മനോഹാരിതയെ
പുണർന്ന പാദസരങ്ങൾ….

പ്രദക്ഷിണവഴിയിലൊരു നനുത്ത നിസ്വനമായി…
തൊഴുതു നിൽക്കവേ പാതിയടഞ്ഞ
കണ്ണുകൾ ആരും കാണാതെ
സമ്മാനിച്ച ഒരു നോട്ടം..
പറയാതെ പറഞ്ഞ പ്രണയത്തിന്റെ
നിർവൃതിയായി….
മനസ്സിന്റെ ഉള്ളറയിലൊരമൂല്യനിധിയായിന്നും…

ഒരു പ്രഭാതത്തിൽ കേൾക്കാതായ കിലുക്കം…
ഇരുളിൽ അവളറിയാതെ ആരോ
കവർന്നെടുത്ത പാദസരങ്ങൾ…
തിരിച്ചു കിട്ടാതെ പോയ പാദസരങ്ങൾ..

നഗ്നമായ പാദങ്ങൾ നിശബ്ദമായി നടന്നപ്പോൾ
അവളുടെ കണ്ണുകൾ ചത്ത മലച്ച മീൻകുഞ്ഞുങ്ങളെ പോലെയായിരുന്നു….
പാതിയടഞ്ഞ കണ്ണുകൾ പിന്നൊരിക്കലും
എനിക്കൊരു നോട്ടം സമ്മാനിച്ചില്ല….