ര​സ​മു​ള്ള വി​ശേ​ഷ​ങ്ങ​ളു​മാ​യി രസ്ന

ഓണച്ചിത്രങ്ങൾ തിയെറ്ററുകളിൽ വിജയയാത്രയിലാണ്. അക്കൂട്ടത്തിൽ മലയാളികളുടെ പ്രിയ സംവിധായകനും യുവതാരവും ഒന്നിച്ച ഒരു ചിത്രമുണ്ട്. മെമ്മറീസ് എന്ന വലിയ വിജയത്തിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ഊഴം എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഊഴം കണ്ടവരാരും തന്നെ ചിത്രത്തിലെ ഐശ്വര്യ കൃഷ്ണമൂർത്തിയെ മറന്നിട്ടുണ്ടാകില്ല. സൂര്യ കൃഷ്ണമൂര്‍ത്തി എന്ന പൃഥ്വിരാജ് കഥാപാത്രത്തിനൊപ്പം ഇണങ്ങിയും പിണങ്ങിയും കുസൃതി കാട്ടിയും ഐശ്വര്യ കൃഷ്ണമൂര്‍ത്തി പ്രേക്ഷക മനസില്‍ ഇടം നേടി. ഐശ്വര്യ കൃഷ്ണമൂര്‍ത്തിയിലൂടെ പുതുമുഖം രസ്ന പവിത്രനും മലയാളികളുടെ പ്രിയം നേടിക്കഴിഞ്ഞിരിക്കുകയാണ്. ഊഴത്തില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ രസ്ന പവിത്രന്‍റെ വിശേഷങ്ങളിലൂടെ…

രസ്നയുടെ
ഊഴം
ഊഴത്തില്‍ പൃഥ്വിരാജിന്‍റെ അനുജത്തിയുടെ വേഷമാണ് രസ്നയ്ക്ക്. ഒരു ത്രില്ലര്‍ എന്നതിനപ്പുറം ഏട്ടനും അനിയത്തിയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം കൂടിയാണ് ഊഴം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ഐശ്വര്യയുടേത്. സുഹൃത്ത് വഴിയാണ് ചിത്രത്തിലേക്ക് എത്തുന്നത്. ജീത്തു ജോസഫിന്‍റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് സുഹൃത്ത് പറയുമ്പോഴാണ് ഫോട്ടൊ അയയ്ക്കുന്നത്. ആദ്യം കുറച്ച് പോര്‍ട്ട്ഫോളിയോ ചിത്രങ്ങളായിരുന്നു അയച്ചിരുന്നത്. ചിത്രങ്ങള്‍ കണ്ട് ജീത്തു ജോസഫ് നല്ലതെന്ന് കമന്‍റ് ചെയ്തിരുന്നു. സംവിധായകര്‍ നാച്വറലായ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് അറിയാമായിരുന്നു. അതിനാല്‍ മേക്കപ്പൊന്നുമില്ലാത്ത ഫോട്ടൊയും അയച്ചുകൊടുത്തിരുന്നു. ഈ ചിത്രം കണ്ടതോടെ സെലക്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. പിന്നീട് നടന്ന ഓഡിഷനിലൂടെയാണ് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഐശ്വര്യ കൃഷ്ണമൂര്‍ത്തിയെന്ന
അനിയത്തിക്കുട്ടി
ഊഴത്തിലെ ഐശ്വര്യ കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞപ്പോള്‍ ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. അഭിനയിച്ച് തുടങ്ങിയപ്പോള്‍ ഐശ്വര്യ കൃഷ്ണമൂര്‍ത്തിയായി മാറിപ്പോവുകയായിരുന്നു. തുടക്കക്കാരിയുടെ പതര്‍ച്ചയൊന്നും ഉണ്ടായില്ല. അതിന് സഹായിച്ചത് ആദ്യ ചിത്രങ്ങള്‍ തന്നെയായിരുന്നു. പുതുമുഖം എന്ന പരിഗണനയില്ലാതെ എല്ലാവരും നല്ല പിന്തുണയാണ് നല്‍കിയത്. നല്ല സൗഹൃദത്തോടെയാണ് എല്ലാവരും പെരുമാറിയത് രസ്ന പറയുന്നു.
ജീത്തു ജോസഫിനെ പോലെ വലിയൊരു സംവിധായകനും പൃഥ്വിരാജിനെ പോലെ മികച്ച യുവതാരത്തിനൊപ്പെവും അഭിനയിക്കാന്‍ ലഭിച്ച അവസരം ഏറെ ഭാഗ്യമെന്നാണ് രസ്ന പറയുന്നത്. ആദ്യം കുറച്ച് ടെന്‍ഷനൊക്കെ ഉണ്ടായെങ്കിലും പിന്നീട് അടിപൊളിയായിരുന്നുവെന്നു രസ്ന പറയുന്നു. ഏപ്രിലിലായിരുന്നു ഷൂട്ട് നടന്നത്. വെക്കേഷനായിരുന്നതിനാല്‍ ജീത്തുജോസഫിന്‍റെ കുടുംബവും സെറ്റിലുണ്ടായിരുന്നു. ജീത്തുവിന്‍റെ ഭാര്യ ലിന്‍ഡയാണ് ചിത്രത്തിന്‍റെ കോസ്റ്റ്യൂം ഡിസൈനർ. ഷൂട്ടിങ്ങിനായി ഇറങ്ങുമ്പോള്‍ സെറ്റിലേക്കാണ് പോകുന്നതെന്ന തോന്നല്‍ ഉണ്ടായിരിന്നില്ല. സ്വന്തം ചേച്ചിയുടെ വീട്ടിലേക്ക് പോകുന്ന അനുഭവമായിരുന്നു. ശരിക്കും വീടുപോലെയായിരുന്നു സെറ്റ് രസ്ന പറയുന്നു.
സെറ്റില്‍ ഏറെ ശാന്ത സ്വഭാവത്തോടെയാണ് ജീത്തു സാറിന്‍റെ പെരുമാറ്റം. ഒരു തരത്തിലുള്ള ടെന്‍ഷനും അദ്ദേഹം കാണിക്കാറില്ല. ഇത് നമ്മളെയും സ്വാധീനിക്കുന്നു. നമുക്കും ടെന്‍ഷനൊന്നും ഉണ്ടാകില്ല രസ്ന പറയുന്നു. എന്തൊക്കെ സീനുകള്‍ വേണമെന്നു ജീത്തു സാറിന്‍റെ മനസില്‍ ഉണ്ടായിരിക്കും. അതിനാല്‍ അതില്‍ കൂടുതലായി ഒന്നും അദ്ദേഹം ഷൂട്ട് ചെയ്യില്ല. ഓരോ സീനും കഴിഞ്ഞ് നമ്മള്‍ എങ്ങനെ ചെയ്തു എന്ന് കാണിച്ചു തരുമായിരുന്നു. അതിനുശേഷം ആ സീൻ എങ്ങനെ ചെയ്താല്‍ മെച്ചമാകുമെന്നും പറഞ്ഞു തരും. ആര്‍ട്ടിസ്റ്റിനെ മെന്‍റലി ഫ്രീ ആക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ജീത്തുവെന്നും രസ്ന. ജോലിയോട് ഏറെ ആത്മാർഥതയുള്ളയാളാണ് പൃഥ്വിരാജ്. കോമ്പിനേഷന്‍ സീനുകള്‍ ഒരുപാട് ഉണ്ടായിരുന്നു. ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന താരമായിരുന്നതില്‍ പൃഥ്വിരാജിനൊപ്പമുള്ള അഭിനയിക്കുന്നു എന്നറിഞ്ഞതു മുതൽ ഏറെ ത്രില്ലായിരുന്നു. അഭിനയിച്ച് തുടങ്ങിയപ്പോള്‍ ടെന്‍ഷന്‍ തോന്നിയിരുന്നുവെങ്കിലും പിന്നീട് സ്വന്തം ഏട്ടനോടുള്ള അടുപ്പമാണ് പൃഥ്വിരാജിനോട് തോന്നിയതെന്നും നടി പറയുന്നു.

സിനിമയിലേക്കുള്ള
വരവ്
മൗനം ആയിരുന്നു രസ്നയുടെ ആദ്യ മലയാള ചിത്രം. അതൊരു ആര്‍ട്ട് ഫിലിം ആയിരുന്നു. സുരേഷ് മച്ചാട് ആണ് ചിത്രം സംവിധാനം ചെയ്തത്. മാടമ്പ് കുഞ്ഞുക്കുട്ടനായിരുന്നു തിരക്കഥ. നമ്പൂതിരിക്കുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിലേത്. തിലകൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. തിലകനെപ്പോലെ വലിയൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്ന് രസ്ന പറയുന്നു. കമ്മ്യൂണിസത്തെ കുറിച്ചൊക്കെ പറയുന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിനു ശേഷം കുറച്ച് കാലം മികച്ച കഥാപാത്രങ്ങള്‍ക്കായി കാത്തിരുന്നു. അപ്പോഴാണ് തമിഴിലേക്ക് അവസരം ലഭിച്ചത്. തെരിയാമ ഉന്നൈ കതലിച്ചിട്ടേന്‍ ആയിരുന്നു ചിത്രം. കെ. രാജു സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് വസന്തനായിരുന്നു നായകൻ.

കണ്ണൂരുകാരിയുടെ
കുടുംബവിശേഷങ്ങൾ

കണ്ണൂര്‍ സ്വദേശിനിയാണ് രസ്ന പവിത്രൻ. അച്ഛന്‍ പവിത്രന്‍ ഒരു വര്‍ഷം മുൻപ് മരിച്ചു. സുജന പവിത്രനാണ് അമ്മ. നിത്യ അനിൽ, തൃഷ്ണ മഹേഷ് എന്നിവര്‍ ചേച്ചിമാരാണ്. കുട്ടിക്കാലം മുതല്‍ അഭിനയത്തോട് ഏറെ താത്പര്യം ഉണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് അഭിനയത്തോട് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. വീട്ടുകാര്‍ക്ക് ആര്‍ക്കും സിനിമയുമായി ഒരു ബന്ധവുമില്ലാത്തതു കൊണ്ടും സിനിമ മേഖലയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതു കൊണ്ടും എങ്ങനെ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന ഭയമായിരുന്നു വീട്ടുകാര്‍ക്ക്. അച്ഛനായിരുന്നു ഏറ്റവുമധികം എതിര്‍ത്തിരുന്നതെന്നും രസ്ന. സിനിമയില്‍ അഭിനയിക്കാനായി അവസരം ചോദിച്ച് നടക്കേണ്ടി വന്നിട്ടില്ലെന്നും ദൈവാനുഗ്രഹം കൊണ്ട് ചിത്രങ്ങള്‍ തന്നെത്തേടി വന്നുവെന്നും പറയുമ്പോൾ ആ കണ്ണുകളിൽ സന്തോഷവും അഭിമാനവും ഒരുപോലെ നിറയുന്നു. പഠനവും കണ്ണൂരിൽ തന്നെയായിരുന്നു. ലിറ്ററേച്ചറായിരുന്നു വിഷയം. എല്‍എല്‍ബി ചെയ്യണമെന്ന് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ സിനിമാ പാഷന്‍ കാരണം അതിന്‍റെ പിന്നാലെ പോയില്ലെന്നു മാത്രം.

പുതിയ ചിത്രങ്ങള്‍
ഊഴത്തിനു പിന്നാലെ മികച്ച കഥാപാത്രങ്ങള്‍ രസ്നയെ തേടിയെത്തിയിരിക്കുകയാണ്. ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്‍റെ സുവിശേഷം എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് രസ്ന ഇപ്പോൾ. ഇതിനു ശേഷം കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലും രസ്ന മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിദ്യാബാലനാണ് ചിത്രത്തിലെ നായിക.