ചിത്രത്തൂണിലെ പ്രതിമ

മഹിഷാസുരൻ

കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയ്ക്കായി വയലാർ രചിച്ച്, ദേവരാജൻ മാസ്റ്റർ സംഗീതം നൽകി ജയചന്ദ്രനും, മാധുരിയും ചേർന്നാലപിച്ച അതിസുന്ദരമായ ഗാനമാണ് “തൊട്ടേനേ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ..” എന്നത്; ഗാനത്തിൻ്റെ തുടക്കം അങ്ങനെയല്ല എങ്കിലും ആദ്യം മനസ്സിൽ വരിക ആ വരികളാണ്.

നായികയുടെ രണ്ടുകണ്ണുകൾ…. ഹോ എന്തുമാതിരികണ്ണുകളാണവ!!! അവ വെറും നീലക്കണ്ണുകളാണോ? അതോ നിത്യമുള്ള ‘അതിതീവ്രമായ’ മധുരസ്വപ്നങ്ങളുടെ ചന്ദനക്കുളിരരുവിയിൽ വിടരുകയും പാതിയടയുകയും ചെയ്യുന്ന നൈവേദ്യപുഷ്പങ്ങളോ? കാലം പുനർസൃഷ്ടിച്ച ദമയന്തിക്കായി നളൻ ആലങ്കാരികഭംഗിയോടെ എഴുതിയ സന്ദേശകാവ്യങ്ങളാണോ ആ കണ്ണുകളുടെ ചലനങ്ങളിലൂടെ പ്രവഹിക്കുന്നത്? ആ ഹംസദൂതുകളെ വഹിക്കുന്ന അരയന്നങ്ങളാണോ ആ കണ്ണുകൾ?

തൊട്ടേനേ… മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ… എന്നാണ് പറയുന്നത്! മനസ്സുകൊണ്ട് കെട്ടിപ്പിടിക്കാനൊക്കുമോ? കെട്ടിപ്പിടിക്കുക ആലിംഗനം മാത്രമല്ല, ചുംബനം മുതൽ മൈഥുനം വരെയാവാം, ഉവ്വോ? എന്തായാലും മറുപടിയായി പറയുന്നത് നമ്മുടെ പുരാതനക്ഷേത്രങ്ങളിലെ തൂണുകളിലെ പ്രതിമകൾ പോലെ മാറിൽ ഒട്ടിപ്പിടിച്ചേനേ.. എന്നാണ്. ആ പ്രതിമകളിലെ നായികമാർ നായകൻ്റെ ശരീരത്തിൽ പടർന്ന് കയറുന്നതും, അക്ഷരാർത്ഥത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതും കണ്ടാൽ അതൊരു വല്ലാത്ത വാഗ്ദാനവും, പ്രലോഭനവും ആയിപ്പോയി…എന്നു പറയാതെ വയ്യ!!!

ചുവന്ന ചുണ്ടുകൾ കൊണ്ടൊരു നക്ഷത്രചിഹ്നത്തിൻ ചിത്രം വരയ്ക്കുമായിരുന്നു എന്നാണ് പ്രഖ്യാപനം, പക്ഷേ എവിടെ? ചുംബനങ്ങൾ കൊണ്ട് നക്ഷത്രമോ, പൂവോ, കായോ ഒക്കെ വരയ്ക്കട്ടേ.. നല്ല കാര്യം, അത് സ്വർണ്ണമേഘമാകുന്ന വസ്ത്രത്തിൻ്റെ ഞൊറിത്തുമ്പിലാണ്, ഈ മേഘം ചന്ദ്രബിംബത്തിൻ്റെ മുഖം പാതിമൂടിയിരിക്കുന്നു; അതും മുൻഭാഗത്ത്… എന്തായാലും ഞൊറിത്തുമ്പിലല്ലേ? ആയിക്കോട്ടേ…വസ്ത്രത്തിൻ്റെ അഗ്രഭാഗവും, മുറുക്കിഉടുക്കുന്നിടവുമാണല്ലോ ഞൊറിയായിവരിക, അപ്പോൾ പിന്നെ തുകിലിലോ ഉടലിലോ ചുണ്ടുകൾ ഒന്ന് മറുകയോ കേറുകയോ ചെയ്താൽ അത് സ്വാഭാവികം മാത്രം! എന്തായാലും ഒരു നക്ഷത്രചിഹ്നമൊക്കെ വരയ്ക്കാൻ ഇടമുള്ള സമതലം തന്നെ തിരഞ്ഞെടുക്കട്ടേ… അതല്ലേ രണ്ടാൾക്കും സൗകര്യം!

നായിക ആ രീതിയിലുള്ള ചുംബന ദന്തക്ഷതങ്ങളാൽ പുളകിതയായാൽ, മീട്ടാൻ സൗകര്യത്തിനൊരു വീണയായി മടിയിൽ കിടന്നു കൊടുക്കും എന്നത് മനസ്സിലായി, പക്ഷേ മറ്റൊരാൾ മീട്ടാത്ത വീണയാണെന്ന് മീട്ടുന്ന നായകനു ബോദ്ധ്യമായില്ല എന്നാണോ? അതെന്താ ഇക്കിളിയാവാഞ്ഞോ? തട്ടും ഏറുമില്ലാതെ ഒറ്റക്കിടപ്പായിപ്പോയോ അത്? പിന്നീടാണൊ അൽപ്പം മസിലുപിടിത്തം കൂടി ആവാമായിരുന്നു എന്ന് തോന്നിയത്? എന്തായാലും മോഹം മനസ്സിലുള്ളിൽ ഒരു മൗനസംഗീതം ചിട്ടപ്പെടുത്തി പാടി വികാരത്തിൻ്റെ പാരമ്യതയിലെത്തി, തളർന്നൊരു കിടപ്പായിരിക്കാം അത്, മീട്ടുന്നവനു കൃത്യമായി രാഗം അറിയാതെ പോയോ??

എനിക്കൊന്നുമറിയില്ലെൻ്റെ സ്വാമീ…സംശയം ചോദിക്കാമെന്നു വച്ചാൽ വയലാറാണെങ്കിൽ ദിവംഗതനുമായി, ഗാനരംഗവും അധികം കാണാൻ കിട്ടുന്നില്ല, ആകെ എടങ്ങേറായീല്ലോൻ്റെ ദേവ്യേ….

ശിഷ്യരേ… നിങ്ങൾ ഇത് ഹോംവർക്കായി ഒന്ന് ചെയ്തുനോക്കുക…

“നീലക്കണ്ണുകളോ ദിനാന്തമധുരസ്വപ്നങ്ങൾ‍ തൻ‍
ചന്ദനച്ചോലയ്ക്കുള്ളിൾ‍ വിടർ‍ന്നു പാതിയടയും
നൈവേദ്യ പുഷ്പങ്ങളോ?
കാലം കൊത്തിയെടുത്ത ഹംസദമയന്തീ ശിൽ‍പ്പം
ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും
സന്ദേശകാവ്യങ്ങളോ…. സന്ദേശകാവ്യങ്ങളോ?

തൊട്ടേനേ ഞാൻ‍ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ – ഈ ചിത്രത്തൂണിലെ പ്രതിമപോലെ മാറിൽ‍
ഒട്ടിപ്പിടിച്ചേനെ ഞാൻ‍

മുന്നിൽ‍ മൃഗാംഗബിംബം മുഖം പാതി മൂടിയ
സ്വർണ്ണമേഘത്തുകിൽ‍ ഞൊറിത്തുമ്പിൽ‍
ചെഞ്ചൊടികൊണ്ടൊരു നക്ഷത്ര ചിഹ്നത്തിൻ‍
ചിത്രം വരച്ചേനെ ഞാൻ‍ ചിത്രം വരച്ചേനെ

മോഹം മനസ്സിനുള്ളിൽ‍ സ്വരപ്പെടുത്തുന്നൊരീ
മൌനസംഗീതത്തിന്‍ ചിറകൊതുക്കീ
മറ്റൊരാൾ‍ മീട്ടാത്ത മാണിക്യവീണയായ്
മടിയിൽ‍ക്കിടന്നേനേ ഞാൻ‍
മടിയിൽ‍ക്കിടന്നേനേ”