വ്യവസായ തകർച്ച ;ഉത്തരവാദിത്വം കെ എസ് ഇ ബി യ്ക്ക്

അടുത്ത ദശാബ്ദത്തിൽ കേരളത്തിലെ ഇപ്പോൾ തന്നെ ക്ഷീണിതവും ദുർബലവുമായ ചെറിയ വ്യവസായങ്ങളും ഏറ്റവും വലിയ തൊഴിൽ ദാതാവായ വ്യാപാരവും തകർന്നു വീണാൽ അതിലെ ഏറ്റവും വലിയ കാരണം KSEB എന്ന വെള്ളാന ആയിരിക്കും.

അതിന്റെ കാരണം ചുരുക്കി പറയാം. കുറച്ചു ഡാറ്റാ അനാലിസിസ് കൂടെ നടത്തിയതിനു ശേഷം ആണ് ഈ നിഗമനം.

ഈ വർഷവും KSEB നിരക്കുകൾ വർധിപ്പിച്ചു. കാരണം പറയുന്നത് കഴിഞ്ഞു പോയ വർഷത്തെ നഷ്ടം നികത്താൻ ആണല്ലോ? കഴിഞ്ഞ വർഷം ഡാമുകൾ നിറഞ്ഞു കവിഞ്ഞ വർഷം. തീർച്ചയായും പുറത്ത് നിന്നും വൈദ്യുതി വാങ്ങേണ്ടി വന്നിട്ടില്ല. പോരാത്തതിന് അതിന് രണ്ട് വർഷം മുൻപ് നിരക്കുകൾ സർചാർജ് രൂപത്തിൽ കൂട്ടിയിരുന്നു. ഇതിന്റെ പുറമെ ആണ് എല്ലാവരിൽ നിന്നും അഡീഷണൽ ഡിപ്പോസിറ്റ് സ്വീകരിക്കൽ വഴി വേറെയും റിസോഴ്‌സ് മൊബിലൈസേഷൻ.

ഇങ്ങനെ ശേഖരിക്കുന്ന പണമൊന്നും പുതിയ പ്രൊജെക്ടുകളിൽ അല്ല നിക്ഷേപം. റെവെന്യു അക്കൗണ്ടിൽ ശമ്പളം, പെൻഷൻ, പലിശ എന്നിവയിൽ സിംഹ ഭാഗം ചിലവ്. രസകരമായ കാര്യം ദീർഘ കാല കരാറിൽ പുറത്തു നിന്നും 3.30 പൈസക്ക് കിട്ടുന്ന വൈദ്യുതി ഇപ്പോൾ ടെലിസ്കോപിക് ആയിട്ട് പോലും 6.5 രൂപക്ക് വിൽക്കുന്ന trading കമ്പനി പോലെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ് എല്ലാ വർഷവും നഷ്ടം എന്നോർക്കണം. ഇപ്പോൾ kseb ഉപഭോഗത്തിന്റെ 12% മാത്രമേ ഉത്പാദനം ഉള്ളൂ.

കേരളത്തിൽ എണ്ണം പറഞ്ഞ കൊടും അഴിമതികളിൽ മികച്ചത് എല്ലാം ഈ വകുപ്പിന് സ്വന്തം. ഇടമലയാർ, ഗ്രാഫൈറ്റ്, കുറ്റിയാടി, ബ്രഹ്മപുരം, നല്ലളം മുതൽ ഇങ്ങ് ഇപ്പോളും കെട്ടടങ്ങാത്ത ലാവ്‌ലിൻ വരെയും ഉള്ളവ പൊതുജനങ്ങളെ കാർന്നു തിന്നു. എന്നിട്ടും നഷ്ട ജാതകം പേറുന്ന പാഴ്ജന്മം. വരുന്ന സർക്കാർ എല്ലാം തട്ടിപ്പ് നടത്തുന്ന വകുപ്പ്.

ഈ വർഷം വർധനയിൽ ഇനി ടെലിസ്കോപിക് fare ഇല്ലെന്ന് ഉറപ്പായി. എന്ന് വെച്ചാൽ ഇനി ഉയർന്ന ഉപഭോഗം ഉള്ളവരുടെ നിരക്ക് നന്നായി ഉയരും. ചെറിയ ഫോട്ടോസ്റ്റാറ്റ് കട, കോൾഡ് സ്റ്റോറേജ്, വർക്ഷോപ്പ് പോലെയുള്ളവരുടെ നിലവിളി കേൾക്കാൻ കഴിയും.

ഉയർന്ന നിരക്ക് മൂലം കൊമേഴ്‌സ്യൽ ഉപഭോക്താക്കളായ വ്യാപാരികൾ തകർന്നു പോകും. പൊതുവെ മാന്ദ്യം നില നിൽകുമ്പോൾ, യാതൊരു എസ്റ്റാബ്ലിഷ്‌മെന്റ് ചിലവുകളും ഇല്ലാത്ത ആമസോൺ, ഫ്ലിപ്കാർട് എന്നിവരോട് മത്സരത്തിൽ ഇക്കൂട്ടർക് ഇനി ഇത്തരം വർധന ഇരുട്ടടി ആവും. ഇത് കൂടാതെ Kseb യുടെ ടൈം ഓഫ് ദി ഡേ ബില്ലിംഗ് പുതിയ മീറ്റർ, പ്രീ പൈഡ് മീറ്റർ എന്നിവ വന്നു കഴിയുമ്പോൾ ഉണ്ടാകും. വൈകുന്നേരം മുതൽ രാത്രി വരെയും നിരക്ക് മൂന്ന് ഇരട്ടി ആകുന്നത് ഉടനെ ഉണ്ടാകും.

ഇതൊക്കെ മറികടക്കാൻ സോളാർ ആക്കിയാൽ KSEB കൂടുതൽ കുഴപ്പങ്ങൾ ആകും നമുക്ക് വരുത്തുക. കാരണം അവരുടെ ശമ്പളം, പെൻഷൻ, പലിശ നിരക്കുകൾ വിൽക്കുന്ന വൈദ്യുതിയുടെ വരുമാനത്തിന്റെ പെർസെന്റജ് അടിസ്ഥാനത്തിൽ വീണ്ടും ഉയരും. ഡിമാൻഡ് വൻകിട ഉപഭോക്താക്കൾ വേറെ രീതിയിൽ മീറ്റ് ചെയ്താൽ അത്രയും വരുമാനം നഷ്ടമാകുന്ന KSEB യുടെ നഷ്ടം വീണ്ടും കൂടുമെന്ന ഊരാക്കുടുക്കിൽ CONSUMER വീഴും. എന്ന് വെച്ചാൽ വൈദ്യുതി ഉപഭോഗം കുറച്ചാൽ അത് തിരിച്ചടിക്കുന്ന പ്രതിഭാസം.

ഇതൊക്കെ കുറേയേറെ വ്യാപാരി ഉപഭോക്താക്കൾ കണക്ഷൻ വേണ്ടെന്നു വെച്ച് തിരികെ കൊടുക്കാൻ സാധ്യത ഉള്ള അവസ്ഥ ഉണ്ടാക്കും. ഇപ്പോൾ തന്നെ കൊമേർഷ്യൽ ഡിമാൻഡ്, EHT ഇൻഡസ്ട്രിയൽ ഡിമാൻഡ് താഴുന്ന പ്രവണത ഉണ്ട്. വൻകിട ഉപഭോക്താക്കൾ പവർ ഗ്രിഡ് ലൈൻ പൂര്ണമായാൽ ലൈസന്സി ആയി ഇന്ത്യൻ എനർജി എക്സ്ചേഞ്ച് വഴി വാങ്ങുന്ന രീതിയിൽ എത്തും. ഇപ്പോൾ അങ്ങനെ ചെയ്യുന്നവരെ KSEBഉപദ്രവിക്കുന്ന സമീപനമുണ്ട്. കാരണം അവർ പോയാൽ വെടി തീരും അത് തന്നെ കാരണം.

ആകെയുള്ള രജത രേഖ മോദി ഈ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ത്യക്ക് ഒറ്റ ഗ്രിഡ് എന്ന പ്രഖ്യാപനം ആണ്. കാശുള്ളവർക്ക് പിന്നെ ഇന്ത്യയിൽ എവിടെ നിന്നും KSRB യുടെ അല്ലാത്ത ലൈനിൽ സബ് സ്റ്റേഷനിൽ എത്തിച്ചു ലോക്കൽ ലൈസെൻസി ആയി വൈദ്യുതി എത്തിക്കാൻ പറ്റും. ഇവരുടെ പരിസരത്ത് ഉള്ളവർക്കും ഇവരിൽ നിന്നും വൈദ്യുതി വാങ്ങാവുന്ന കിനാശ്ശേരി.

ബൈജു സ്വാമി

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ