ക്രമസമാധാന തകര്‍ച്ച: മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ക്രമസമാധാന തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. രാവിലെ ഒമ്പത് മണിക്കാണ് യോഗം. ഡിവൈഎസ്പിമാരും എസ്പിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഇതാദ്യമായാണ് ക്രമസമാധന ചുമതലയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്.നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം ഉള്‍പ്പെടെ പൊലീസിനെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

യോഗത്തില്‍ ഡിജിപി നിലവിലുള്ള ക്രമസമാധാനനിലയെ കുറിച്ചും പൊലീസ് സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ആമുഖ പ്രസംഗം നടത്തും.അതിന് ശേഷം മുഖ്യമന്ത്രി സംസാരിക്കും. മൂന്നാം മുറ, അഴിമതി എന്നിവ അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. അഡീഷണല്‍ എസ്പിമാര്‍ മുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ ഓരോ ജില്ലകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും പങ്കെടുക്കുന്നുണ്ട്