തങ്ങള്‍ സ്വപ്നജീവികളെങ്കില്‍ ആ സ്വപ്നം മാറോട് ചേര്‍ക്കും: ബിനോയ് വിശ്വം

മാവോയിസ്റ്റ് വേട്ടയെ എതിര്‍ത്തതിന് തന്നെ പരിഹസിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ബിനോയ് വിശ്വത്തിന്റെ മറുപടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനോയ് വിശ്വത്തിന്റെ രൂക്ഷമായ പ്രതികരണം. വഴിതെറ്റിയവരെ തങ്ങള്‍ വര്‍ഗ്ഗ ശത്രുക്കളായി കാണുന്നില്ല. ഇവരെ ആശയപരമായി തിരുത്തുകയാണ് വേണ്ടത്. തോക്കിന്‍ കുഴലല്ല. മര്‍ദ്ധിതരായ മനുഷ്യരുടെ സംഘടിത പ്രസ്ഥാനമാണ് പരിവര്‍ത്തനത്തിന്റ മാര്‍ഗം. തങ്ങള്‍ സ്വപ്ന ജീവികളെങ്കില്‍ ആ സ്വപ്‌നത്തെ തങ്ങളെന്നും ഹൃദയോത്തോട് ചേര്‍ത്തു പിടിക്കുമെന്ന് പറഞ്ഞാണ് ബിനോയ് വിശ്വം പോസ്റ്റ് അവസാനിപ്പിക്കുന്നത്. നേരത്തെ ആകാശത്ത് ജീവിക്കുന്ന സ്വപ്നജീവികളാണ് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്ന് പി.ജയരാജന്‍ വിമര്‍ശിച്ചിരുന്നു.

ബിനോയ് വിശ്വത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…

binoy-facebook-postമാവോയിസ്റ്റ് രാഷ്ട്രീയത്തോട് സി പി ഐ ക്കുള്ള വിയോജിപ്പ് എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. വഴിതെറ്റി പോയ സഖാക്കളായാണ് അവരെ സി പി ഐ കാണുന്നത്. അവര്‍ ഇന്ന് അവലംബിക്കുന്ന പാത പാര്‍ട്ടി ദരാബ്ദങ്ങള്‍ക്കു മുന്‍പേ പരീക്ഷിച്ചതും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുയോജ്യമല്ലാത്തതിനാല്‍ ഉപേക്ഷിച്ചതുമാണ്. തോക്കിന്‍ കുഴലല്ല; മര്‍ദ്ദിതരായ മനുഷ്യരുടെ സംഘടിത പ്രസ്ഥാനമാണ് പരിവര്‍ത്തനത്തിന്റെ മാര്‍ഗമെന്ന് സി പി ഐ തുടര്‍ന്ന് എന്നും പറഞ്ഞു പോന്നു.അതുള്‍ക്കൊള്ളാന്‍ വിസമ്മതിച്ച് മാവോയിസ്റ്റ് മാര്‍ഗത്തെ മഹത്വവല്‍ക്കരിച്ച ഒരു പറ്റം സഖാക്കളാണ് 1964ല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതു്. പിന്നീട് ആ പുതിയ പാര്‍ട്ടി പ്രഖ്യാപിത പാതയില്‍ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ചു കൊണ്ടാണ് ഇവിടെ നക്സലൈറ്റ് പ്രസ്ഥാനം ഉടലെടുത്തതു്.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആശയസമരത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ക്ക് ഇതു കാണാന്‍ കഴിയും.
വഴിതെറ്റി പോയവരെ വര്‍ഗശത്രുക്കളായി സി പി ഐ ഒരിക്കലും കണ്ടിട്ടില്ല, അവരുടെ നയങ്ങള്‍ തിരുത്തേണ്ടതു തന്നെയാണ്. അതിന് ആശയപരമായ പോരാട്ടമാണ് ഉചിതമായ വഴി എ ന്ന് സി പി ഐ വിശ്വസിക്കുന്നു. വിയോജിപ്പുള്ളവരെ വെടിവച്ചു വീഴ്ത്തുന്നതിനോട് കമ്മ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാനാവില്ല.’ ചൂവപ്പ് ഭീകരത’ എന്ന വലതുപക്ഷ പ്രചാരവേലയോട് വര്‍ഗപരമായി തന്നെ സി പി ഐ വിയോജിക്കുന്നു .ഇത്തരം ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് മേധാവികളുടെ കണ്ടെത്തലുകള്‍’ വെള്ളം തൊടാതെ വിഴുങ്ങേണ്ടവരല്ല ഇടതുപക്ഷക്കാര്‍.
കേരളത്തിലെ എല്‍ഡിഎഫ് ഗവണ്മെന്റിനെ സി പി ഐ വീക്ഷിക്കുന്നത് ഇന്ത്യക്ക് വഴികാട്ടിയാകേണ്ട ഇടതുപക്ഷ സര്‍ക്കാരായാണ്. ഇവിടത്തെ പോലീസ് മദ്ധ്യപ്രദേശിലെ യോ, ഛത്തിസ്ഗഢിലെ യോ പോലെയാകരുത്. ഇടതുപക്ഷവും വലതുപക്ഷവും ഒരു പോലെയാണെ’ന്ന ദുഷ്പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ അതിനു കഴിയണം.അതിനു പ്രാപ്തിയുള്ള നേതാവാണ് ഭരണത്തെ നയിക്കന്ന തെന്ന് സി പി ഐ വിശ്വസിക്കുന്നു. ഇതാണു ഞങ്ങള്‍, സി പി ഐ സഖാക്കള്‍ എന്നും പറഞ്ഞത്. അതു കൊണ്ട് ഞങ്ങള്‍ സ്വപ്‌നജീവികളാകുമെങ്കില്‍ ആ സ്വപ്‌നത്തെ ഞങ്ങള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു പിടിക്കും.