ഫഹദ് നോ പറയാന്‍ പഠിക്കുന്നു

തിരുവനന്തപുരം:ആരോടും നോ പറയാന്‍ തനിക്ക് കഴിയുന്നില്ലെന്ന് ഫഹദ് ഫാസില്‍. തന്നിലെ നടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും അതാണെന്ന് താരം പറഞ്ഞു. പലപ്പോഴും നോ പറയാന്‍ മനസാ പഠിക്കുമെങ്കിലും ആളുകളുടെ മുഖത്ത് നോക്കി അത് പറയാന്‍ കഴിയുന്നില്ലെന്നും താരം വ്യക്തമാക്കി. അഭിനയിച്ചാല്‍ ശരിയാകില്ലെന്ന് തോന്നിയ പല പ്രോജക്ടുകളില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. എന്നാല്‍ വിശ്വസിച്ച് ചെയ്ത പലതും പരാജയപ്പെട്ടിട്ടുണ്ട്. പരാജയം വരുമ്പോള്‍ പൈസയുടെ കണക്ക് മാത്രമേ എല്ലാവരും പറയൂ. അധ്വാനത്തിന്റെ കണക്ക് എങ്ങും കേട്ടിട്ടില്ല.

എല്ലാത്തരം സിനിമകളും മലയാളത്തില്‍ ഉണ്ടാകണം എന്നാണ് താരം ആഗ്രഹിക്കുന്നത്. അതെല്ലാം വിനോദ സിനിമകളായിരിക്കണം. അതിലൊന്നും സന്ദേശം വേണമെന്നില്ല. സമൂഹത്തെ നന്നാക്കാനൊന്നും സിനിമയ്ക്ക് പറ്റില്ല. ജനങ്ങള്‍ സിനിമയെ പോസിറ്റീവായി കാണുകയും വേണം. തന്റെ സിനിമകള്‍ അത്തരത്തിലുള്ളതാണെന്ന് കരുതുന്നതായും താരം പറഞ്ഞു. ഒരുപാട് പരാജയങ്ങള്‍ക്ക് ശേഷം മഹേഷിന്റെ പ്രതികാരം വിജയിച്ചു. പക്ഷെ, വാരിവലിച്ച് സിനിമ ചെയ്യാനൊന്നും താരം തയ്യാറല്ല. ഇക്കൊല്ലം അന്‍വര്‍ റഷീദിന്റെ സിനിമ മാത്രമാണ് ചെയ്യുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കസേരകളില്‍ കയറിയിരിക്കാന്‍ ഇനി ആര്‍ക്കുമാവില്ല. അവര്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ അവര്‍ക്ക് പിന്നാലെയാണ് ഇന്നും മലയാള സിനിമ. അതുകൊണ്ട് തന്റേതായ ഇടം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി. സാറ്റലൈറ്റ് അവകാശം ഇല്ലാതിരുന്ന കാലത്ത് മലയാള സിനിമയെ പിടിച്ച് നിര്‍ത്തിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും ഫഹദ് ഓര്‍മിപ്പിച്ചു.