സാഹിത്യകാരന്‍ ദേവരാജ് കാരാവള്ളില്‍ (ഹ്യൂസ്റ്റന്‍) നിര്യാതനായി

ഹ്യൂസ്റ്റന്‍: കവിയും ഗാനരചയിതാവുമായ ദേവരാജ് കുറുപ്പ് കാരാവള്ളില്‍ (75) ജൂലൈ 15 വെളുപ്പിന് ഹ്യൂസ്റ്റണിലെ സ്വവസതിയില്‍ വച്ചു നിര്യതനായി. ഊര്‍മിള കുറുപ്പാണ് ഭാര്യ.ഓനില്‍, അശ്വിന്‍, ധീരജ് എന്നിവരാണ് മക്കള്‍. മരുമക്കള്‍; നീതു, പ്രീയ, ഹന്നാന്‍, കൊച്ചുമക്കള്‍; ആദ്യന്‍, ആരവ്, ആര്യാ, സിയാ, ലൈലാ, എന്നിവരാണ്. നിര്യാതരായ നാരായണകുറുപ്പ്, ലക്ഷ്മിക്കുട്ടിയമ്മ (ആലപ്പുഴ ജില്ല) ആണു മാതാപിതാക്കള്‍. ഹ്യൂസ്റ്റണിലെ ആസ്ഥാന കവി എന്നാണ് ദേവരാജിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്.

എന്‍ജിനീയര്‍, നാടകകൃത്ത്, കവി, സാഹിത്യ നിരൂപകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശോഭിച്ച ശ്രീ ദേവരാജ കുറുപ്പ് ഹ്യൂസ്റ്റണ്‍ മലയാളി സംഘടനകളില്‍ നിറ സാന്നിധ്യമായിരുന്നു. ഇനിയും ദേവരാജ് ഓര്‍മ്മകളില്‍.തെക്കന്‍ കുട്ടനാട്ടില്‍ ജനനം. ബാംഗളൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദം. 1990 ല്‍ അമേരിക്കയില്‍ കുടിയേറി കുടുംബസമേതം ഹ്യൂസ്റ്റണില്‍ താമസമാക്കി. നാടകം, നാടക ഗാനങ്ങള്‍ എന്നിവ എഴുതുകയും നാടകം സംവിധാനം നിര്‍വഹിക്കുകയും ചെയ്തു. കവിതാ രചനയിലായിരുന്നു പ്രത്യേക താല്പര്യം. ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അന്ധനാരെന്ന നാടകം 2011 ല്‍ പ്രസിദ്ധീകരിച്ചു. ഇതു നാടകമായി അമേരിക്കയിലെ പല വേദികളിലും അരങ്ങേറുകയുണ്ടായി. 1996 ല്‍ ഈ നാടകത്തിനു ഫൊക്കാനാ അവാര്‍ഡ് ലഭിച്ചു. ജോണ്‍ മാത്യുവിന്റെ അന്ധകവിത്ത് എന്ന ചെറുകഥ നാടകമാക്കി അവതരിപ്പിച്ചു. തന്റെ ഏഴു കവിതകളുടെ ഒരു സി.ഡി. കേദാരമാനസം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പ്രശസ്ത ഗായകരാണ് ഈ കവിതകള്‍ ആലപിച്ചിരിക്കുന്നത്.

മലയാള സാഹിത്യത്തിനും അമേരിക്കന്‍ പ്രവാസി മലയാളി സമൂഹത്തിനും ഒരു തീരാ നഷ്ടമാണ് ശ്രീ ദേവരാജിന്റെ വിയോഗം വരുത്തുന്നത്.കേരളാ റൈറ്റേഴ്‌സ് ഫോറം, മലയാളം സൊസൈറ്റി, കേരളാ ഡിബേറ്റ് ഫോറം , മലയാളി പ്രസ്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടന പ്രതിനിധികള്‍ അനുശോചനം രേഖപെടുത്തുകയുണ്ടായി. സംസ്ക്കാര ചടങ്ങുകള്‍ പിന്നീടു അറിയിക്കുന്നതായിരിക്കും.

Picture2