ഇനി രാമായണ ശീലുകളുടെ ദിവസങ്ങൾ

മിനി നായർ അറ്റ്‌ലാന്റാ

ഇന്ന് കർക്കിടകം ഒന്ന് .രാമായണത്തിന്റെ ശീലുകൾ കേൾക്കുന്ന കാലം മനുഷ്യന്റെ താൽക്കാലികവും ലൗകികവുമായ ലക്ഷ്യങ്ങൾക്കപ്പുറത്ത് നിതാന്തവും സ്വച്ഛന്തവുമായ ആത്മീയനേട്ടങ്ങളുണ്ടെന്നു  നമ്മെ പഠിപ്പിക്കുന്നത് രാമായണമാണ് . മനശക്തി ക്ഷയിപ്പിക്കുന്ന പ്രവണതകളെ ചെറുത്ത് ശുഭപ്രതീക്ഷയിലേക്ക് മടങ്ങാൻ രാമായണം സഹായിക്കുന്നു. ശോകത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ ധർമ്മക്കനി , ശോകമകറ്റുന്നു.ഇങ്ങനെ നിത്യജീവിതത്തിലെ ഓരോരോ നിമിഷങ്ങളിലും മനുഷ്യൻ കടന്നുപോകുന്ന ഓരോ സംഭവവും എന്തുത്യാഗം സഹിച്ചായാലും  അത് ധർമ്മ നിബദ്ധമായിരിക്കട്ടെ എന്നനുശാസിക്കുന്ന  രാമായണസന്ദേശം ലോകത്തിനും പ്രചോദനമാകണം .

മനുഷ്യനുതുല്യം  പക്ഷിമൃഗാദികളും കഥാപാത്രങ്ങളാകുന്ന രാമായണത്തിൽ ഈ തിര്യക്കുകളുടെ പ്രവൃർത്തിയിൽപ്പോലും മനുഷ്യനന്മയ്ക്കുതകുന്ന ഉദാത്തമായ ധർമ്മത്തിൻറെ പരിസ്ഫുരണങ്ങൾ കാണാം.ഭാരതീയ സംസ്കൃതിയുടെയും ആധ്യാത്മിക പാരമ്പര്യത്തിൻറെയും ആരാധനാക്രമതിൻറെയും ആകെ തുകയാണ് രാമായണം.സാർവ്വ  ലൌകികമായ ധർമ്മബോധത്തിൻറെ പ്രസക്തി തന്നെയാണ് രാമായണത്തെ എങ്ങും എവിടെയും മഹത്തരമാക്കുന്നത് .മനുഷ്യ മനസ്സിൽ സംഭൂതമാകുന്ന  സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങൾ ഏതൊക്കെയെന്നു നിരവധി സംഭവങ്ങളിലൂടെ രാമായണം പറഞ്ഞു തരുന്നു .ന്യായവും നിഷ്കല്മഷവുമായ എതുകാര്യത്തെയും അത് തനിക്കു എത്രകണ്ട് പ്രിയപ്പെട്ടതായാലും വ്യാകുലതയില്ലാതെ  നടപ്പാക്കുന്ന ആ നീതിയാണ് ശ്രീരാമധർമ്മം. അത് തന്നെയാണ് രാമായണ സന്ദേശവും.പ്രയാസങ്ങൾ ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്ന കർക്കിടകത്തെ അല്പം വിഷമത്തോടെ സ്വീകരിക്കാനോരുങ്ങുമ്പോൾ നമ്മുടെ  മനസ്സിൽ ആശ്വാസത്തിൻറെയും ഭക്തിയുടെയും  രാമായണശീലുകൾ ഒഴുകിയെത്തി ദുഃഖങ്ങളെ ഇല്ലാതാക്കുന്നു .

സഹജീവികളിൽ ഏറ്റവും എളിയവരുടെപോലും ദുഃഖം സഹിക്കാൻ കഴിയാത്ത ത്യാഗനിഷ്ടനായ ഒരു മുനിയുടെ ഹൃദയവേദനയിൽ നിന്ന് അധർമ്മത്തിനെതിരെയുള്ള വിലക്കിൽ നിന്നാണ് രാമായണം  ഉടലെടുത്തത് .സംഘർഷ നിർഭരിതവും സ്വാർത്ഥ ജടിലവുമായ ഇന്നത്തെ ലോകത്തിൽ സമാധാനവും ക്ഷമയും ത്യാഗവും ഉണ്ടെങ്കിൽ എല്ലാ വിപത്തുമകറ്റാമെന്നു രാമായണം പഠിപ്പിക്കുന്നു .ധർമ്മ ത്തിൻറെ  അടിസ്ഥാന സമസ്യകളെ അവതരിപ്പിക്കുന്ന രാമായണമഹത്വം  ഒരിക്കലും  അവസാനിക്കുന്നില്ല.