യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം നാളെ: നേതൃസ്ഥാനങ്ങള്‍ക്കായി ശക്തമായ പിടിവലി

മുസ്ലീം യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെ തീരുമാനിക്കുന്ന നിര്‍ണ്ണായക സംസ്ഥാന കൗണ്‍സില്‍ നാളെ കോഴിക്കോട്ട് ലീഗ് ഹൗസില്‍ നടക്കും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറാണ് റിട്ടേണിംഗ് ഓഫീസര്‍, പുതിയ ഭാരവാഹികള്‍ നിലവില്‍ വരേണ്ടിയിരുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയായിട്ടും സമവായമുണ്ടാക്കാന്‍ നേതൃത്വത്തിനായിട്ടില്ല. രൂക്ഷവിഭാഗീയതയും ചേരി തിരിവും അതേ പടി തുടരുകയാണ്. എങ്കിലും സംഘടനയുടെ ഭരണഘടനയും ജനാധിപത്യ രീതികളും പാലിക്കപ്പെടുകയും നേതൃത്വം സ്ഥാനമാനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായില്ലെങ്കില്‍ നിലവിലെ ദേശീയകണ്‍വീനര്‍ പി.കെ. ഫിറോസ് യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായേക്കും. എന്നാല്‍ പാര്‍ട്ടിയില്‍ മുന്‍കാലങ്ങളിലുണ്ടായിരുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മറു വിഭാഗവും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരുപക്ഷേ യൂത്ത് ലീഗ് ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ ഒരു പ്രസിഡന്റുണ്ടാകാനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. അതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മുനവ്വറലി ശിഹാബ് തങ്ങളുടെ പേര് സമവായമെന്ന നിലയില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല.

ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി സമവായ ചര്‍ച്ചകള്‍ നടന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് വാഗ്ദാനം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ വരെ നേതൃത്വം മുന്നോട്ടു വെച്ചതായാണ് അറിയുന്നത്. എന്നാല്‍ പ്രസിഡന്റ്  സ്ഥാനത്തിനായുള്ള മത്സരത്തിന് നജീബും ഫിറോസും ഉറച്ചു നില്‍ക്കുകയാണ്. ഏറ്റവും ഒടുവിലായി മൂന്നു ദിവസം മുമ്പ് യൂത്ത്‌ലീഗിന്റെ മുഴുവന്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരെയും ഹൈദരലി തങ്ങള്‍ പാണക്കാട്ടെക്ക് വിളിപ്പിച്ചിരുന്നു. വോട്ടെടുപ്പ് ഒഴിവാക്കി ഒരു സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.

നിലവില്‍ സംസ്ഥാന കൗണ്‍സിലില്‍ നാന്നൂറോളം അംഗങ്ങളാണുള്ളത്. ഇതില്‍ പി.കെ. ഫിറോസ് പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ഫിറോസിനെ അനുകൂലിക്കുന്നവരാണ്. കൗണ്‍സിലില്‍ വോട്ടെടുപ്പ് ഉണ്ടായാല്‍ ജയം ഉറപ്പെന്നാണ് ഫിറോസ് പക്ഷം പറയുന്നത്. പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം നേതാക്കളുടെയും പിന്തുണയും ഇവര്‍ക്കുണ്ട്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണ ഉണ്ടായിട്ടും കെ.പി.എ മജീദിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞിരുന്നില്ല. ചേളാരി വിഭാഗം സുന്നികളുടെയും മറ്റും സമ്മര്‍ദ്ദത്തിന് വഴങ്ങി മജീദിനെ ഒഴിവാക്കി പി.വി. അബ്ദുല്‍ വഹാബിനെ സ്ഥാനാര്‍ത്ഥിയായി പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇത്തരം നീക്കങ്ങളിലാണ് നജീബ് വിഭാഗത്തിന്റെ പ്രതീക്ഷ. നജീബിന് വേണ്ടി ചില സമ്മര്‍ദ്ദ ശക്തികള്‍ രഹസ്യ നീക്കങ്ങള്‍ അവസാന ഘട്ടത്തിലും തുടരുകയാണ്.