സി.എന്‍.കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്ന് മൂന്നുവര്‍ഷം

വരകളുടെയും വര്‍ണ്ണങ്ങളുടെയും തമ്പുരാനായിരുന്നു സി.എന്‍. കരുണാകരന്‍

-സി.ടി.തങ്കച്ചന്‍-

സി.എന്‍.കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്നു മുന്നു വര്‍ഷങ്ങളാകുന്നു. ഭാരതിയ പാരമ്പര്യ ചിത്രകലാ സങ്കേതങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ആധുനികമായ ആവിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കിയ ഭാരതത്തിലെ അപൂര്‍വ്വം ചിത്രകാരന്‍മാരില്‍ ഒരാളായിരുന്നു. സിയെന്‍ എന്ന് അറിയപ്പെട്ടിരുന്ന സി.എന്‍ കരുണാകരന്‍. സാധാരണ ചിത്രകാരന്‍മാരില്‍ നിന്നു വ്യത്യസ്ഥമായി ദ്വിമാനതലത്തില്‍ നിന്ന് പ്രേക്ഷകരുമായി സംവദിക്കുന്നവയാണ് കരുണാകരന്റെ ചിത്രങ്ങള്‍.
ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്ത് ചിറ്റാടനായ്ക്കത്ത് മീനാക്ഷി അമ്മയുടേയും ടി.പി.ചന്ദ്രശേഖരമേനോനേറെയും അഞ്ചു മക്കളില്‍ ഇളയവനായി ജനിച്ച സി.എന്‍ കരുണാകരന്‍ നന്നേ ചെറുപ്പത്തിലെ ചിത്രങ്ങള്‍ വരച്ചു തുടങ്ങി ഒന്‍പതു വയസ്സുള്ളപ്പോള്‍ വീടിനടുത്തെ കുളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂവിന്റെ ചിത്രം അരക്കൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്നുകൊണ്ട് തന്റെ കൈവശമുണ്ടായിരുന്ന പെന്‍സില്‍ ഉപയോഗിച്ചു വരച്ച ഈ ചിത്രം ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി പ്രസിദ്ധീകരിച്ചു വന്നതോടെയാണ് കരുണാകരന്റെ കലാജീവിതം ആരംഭിക്കുന്നത്.

പന്ത്രണ്ടാം വയസ്സില്‍ സ്‌കൂള്‍ ജീവിതത്തിന് താല്‍ക്കാലിക വിരാമമിട്ട് കരുണാകരന്‍ മദിരാശി സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ചേര്‍ന്നു. പ്രശസ്ത ശില്‍പ്പി ഡോ.ഡി.പി.റോയ് ചൗധരിയുടെയും പ്രശസ്ത ചിത്രകാരന്‍ കെ.സി എസ്സ്.പണിക്കരുടേയും കീഴിലായിരുന്നു ചിത്രകലാ പഠനം. പഠനം കഴിഞ്ഞ് മദിരാശിയിലായിരുന്നു രണ്ടു പതിറ്റാണ്ടുകാലം ജീവിച്ചത്. മദിരാശിയിലെ ആദ്യകാല ജീവിതം ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. മറീന ബീച്ചില്‍ ശംഖില്‍ പെയിന്റ് ചെയ്ത് ജീവിച്ച അത്രയൊന്നും പ്രകാശമാനമല്ലാത്ത ഒരു ഭൂതകാലം കരുണാകരന്‍ അവസാന കാലം വരെ മറന്നില്ല.

ഇന്ത്യന്‍ ചിത്രകലയില്‍ ഇന്നും സജീവമായി നില്‍ക്കുന്ന യൂറോപ്യന്‍ സ്വാധീനത്തെ പാടേ നിരാകരിച്ചു കൊണ്ട് ചിത്രരചനയില്‍ സ്വന്തം വഴിയും സത്യവും കണ്ടെത്തിയ ചിത്രമെഴുത്തുകാരനായിരുന്നു.കരുണാകരന്‍ ചിത്രമെഴുത്തിലെന്നതു പോലെ സിമന്റ് മ്യൂറലുകള്‍ രചിക്കുമ്പോഴും കരുണാകരന്റെ നിറങ്ങളും രേഖകളും സ്വന്തം വ്യക്തിത്വം നില നിര്‍ത്തി. എട്ടാം വയസില്‍ ബ്രഹ്മ കുളത്തെ എലിമന്ററി സ്‌ക്കൂളില്‍ സ്വതന്ത്ര്യ ദിനാഘോഷത്തിനായി അശോകസ്തംഭം വരച്ചു കൊണ്ട് ചിത്രകലാ ജീവിതം ആരംഭിച്ച കരുണാകരന്‍ മരിക്കുന്നതിന് രണ്ടാഴ്ച്ച മുന്‍പാണ് അവസാന ചിത്രം വരച്ചത്.. രോഗംമൂലം ചിത്രരചനയില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടു നിന്ന സി യെന്‍ എന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അവസാന ചിത്രം വരച്ചത്. മുട്ടിലിഴയുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം അന്നു ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പ്രസാധക സംഘം ചെറുശ്ശേരിയുടെ കൃഷ്ണ ഗാഥ പുനപ്ര.സിദ്ധീകരിക്കുകയായിരുന്നു. അതിന്റെ കവര്‍ സി.എന്‍.വരക്കണമെന്നായിരുന്നു.

എന്റെ മോഹം തങ്കച്ചന്‍ ആവശ്യപ്പെട്ടാല്‍ ഏട്ടന്‍ വരക്കും സിയെന്റെ ഭാര്യ ഈശ്വരി ചേച്ചി പറഞ്ഞു. അങ്ങിനെയാണ് ഞാന്‍ ചിത്രം വരയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. രണ്ടു ദിവസങ്ങള്‍ക്കകം കൃഷ്ണഗാഥയുടെ ശീര്‍ഷകവും ചിത്രവും സി.എന്‍ വരച്ചു തന്നു. പിന്നെ ബ്രഷും പേനയും കൈയ്യിലെടുത്തില്ല. രണ്ടാഴ്ച്ചകഴിഞ്ഞ് സിയെന്‍ അനന്തതയിലേക്ക് യാത്രയായി. പ്രിയ മിത്രത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം..