ഫേസ് ആപ് മാനിയ, ഒറ്റ രാത്രികൊണ്ട് ജരാനരകള്‍ ബാധിച്ച് താരങ്ങളും

ഇന്ത്യയൊട്ടാകെ ഇപ്പോള്‍ ട്രന്‍ഡായി മാറിയിരിക്കുകയാണ് ഫേസ് ആപ് ചലഞ്ച്. രാജ്യത്തെ യുവതീ-യുവാക്കള്‍ ഒട്ടാകെ തങ്ങളുടെ ഭാവി വാര്‍ദ്ധക്യകാലം എങ്ങനെയെന്ന് കണ്ടെത്താനും അത് സമൂഹ മാധ്യമങ്ങലിലൂടെ പങ്കുവയ്ക്കാനുമുള്ള തിരക്കിലുമാണ്. മലയാളികള്‍ക്കിടയില്‍ ഈ ആപിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എല്ലാ മേഖലയില്‍ നിന്നുള്ളവരും ഫേസ് ആപ് ചലഞ്ചുമായി രംഗത്തെത്തിയിട്ടുണ്ട്.

സിനിമ മേഖലയിലും ഫേസ് ആപ് ചലഞ്ചിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. മലയാളത്തില്‍ നീരജ് മാധവ് തുടങ്ങിവെച്ച ചലഞ്ച് പിന്നീട് സഹതാരങ്ങളെല്ലാം തന്നെ ഏറ്റെടുത്തിരുന്നു.

ഇപ്പോള്‍ ഈ ചലഞ്ച് മോളീവുഡ് കടന്ന് അങ്ങ് ബോളിവുഡിലും എത്തി നില്‍ക്കുന്നു. അര്‍ജുന്‍ കപൂറിന്റെ വാര്‍ദ്ധക്യ ഫോട്ടോയ്ക്ക കമന്റുമായി ജാന്‍വി കപൂര്‍, പരിണിതി ചോപ്ര തുടങ്ങി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. അര്‍ജുന്‍ കപൂറിന് പുറകെ വരുണ്‍ ധവാന്‍ തന്റെ 70 വര്‍ഷങ്ങള്‍ എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചിരുന്നു.

ഇതോടൊപ്പം ബോളിവുഡ് സൂപ്പര്‍താരങ്ങളായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അജയ് ദേവ്ഗണ്‍, ഹൃത്വിക്ക് റോഷന്‍ തുടങ്ങിയവരുടെ ഫേസ് ആപ്പ് ചലഞ്ച് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ക്യാപ്ഷനോടെ ഇറങ്ങിയ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

അതേസമയം ആപ്പിനെ ട്രോളി ട്രോളന്മാരും കട്ടയ്ക്ക് രംഗത്തുണ്ട്. വാര്‍ദ്ധ്യക്യം കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞപ്പോള്‍ ഒരു വൃദ്ധസദനം ആലോചനയില്‍ ഉണ്ടെന്നുവരെ ട്രോളന്മാര്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം വയസ്സായിരിക്കുന്നു, താന്‍ ഇത്രയും കാലം കോമയില്‍ കിടപ്പായിരുന്നോ എന്നാണ് മറ്റൊരു ട്രോളന്‍ ചോദിക്കുന്നത്.എന്നാല്‍ ഈ ആപിന്റെ വിശ്വാസ്യതയെക്കുറിച്ചും ചിലര്‍ ആകുലതകള്‍ പറയുന്നുണ്ട്. എത്രമാത്രം സുരക്ഷിതമാണ് ഇതെന്ന് പറയാന്‍ കഴിയില്ലെന്നും നമ്മുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്താന്‍ ഇതിന് കഴിയുമെന്നും ചില ആരോപണങ്ങളും ആപിനെതിരെ നിലവിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ