കർക്കിടകമഴ (കവിത)

കവിത ബിജു

മുടിക്കെട്ടിലൊളിപ്പിച്ച
മണിമുത്തുകൾ കുടഞ്ഞെറിഞ്ഞ്
ജാലകത്തിനപ്പുറം നിൽക്കുന്നു;
കറുപ്പ് പുതച്ചൊരു ഭ്രാന്തി!

ഒരുകുടന്നകുളിരുമായ്
ചേമ്പിലകുമ്പിളിൽ തപസ്സിരിക്കുന്നു;
നീലാകാശത്തെ മാറിലൊതുക്കി
നിലംതൊടാതൊരു
നീർത്തുള്ളി

ഈറനുടുത്ത്
വാനനിരീക്ഷണം നടത്തിയ
മരച്ചില്ലയെ
ആയിരംകൈകൾനീട്ടി
ഞെരിച്ചമർത്താനൊരുങ്ങി
താന്തോന്നിക്കാറ്റ്,

ചിതറിവീഴുന്ന മഴത്തുള്ളികൾ
കുളിർചാലുകളൊരുക്കി
തിരക്കിവരുന്നതും കാത്ത്,
പെരുമഴയത്ത്
വഴിക്കണ്ണുമായി പുഴ!

കൂട്ടിമുട്ടി തീപ്പൊരി ചിതറുന്ന ഉറുമിവീശി
ആകാശകളരിയിൽ
പയറ്റാനിറങ്ങിയ അങ്കകലിമൂത്ത
ഇടിയും മിന്നലും !

ചീറിക്കരയുന്ന മഴയുംനോക്കി
കാർമുകിൽപന്തലിൽ
മുഖം കറുപ്പിച്ചിരിക്കുന്ന
സാഗരസ്നാനത്തിന്
പുറപ്പെട്ട സൂര്യൻ!