രതിയിലെ നായികാനായകന്മാർ

മഹിഷാസുരൻ

ശ്രീമൻ വാത്സ്യായനമഹർഷി എഴുതിയ കാമസൂത്രത്തിൽ രതിയിലേർപ്പെടുന്ന പുരുഷനേയും സ്ത്രീയേയും തരംതിരിച്ച് അവയുടെ അടിസ്ഥാനത്തിൽ രതിയെ തരംതിരിച്ചിരിക്കുന്നു.

നായികമാരെ ആചാര്യൻ മൂന്നായി തരംതിരിച്ചിരിക്കുന്നു.

1. പുരുഷസമ്പർ‍ക്കമേറ്റിട്ടില്ലാത്ത യൗവ്വനയുക്തയായ പെൺകുട്ടിയാണ് കന്യക.

2. പുത്രലാഭത്തിനായി സ്വജാതിയിൽ‍നിന്നു വിവാഹംകഴിച്ച കന്യകയാണ് പുത്രഫല.

3. സുഖപ്രാപ്തിക്കായി അന്യജാതിയിൽ‍നിന്നു വരിച്ച വധുവാണ് സുഖഫല.

4. മറ്റൊരുവനു വശംവദയായിരുന്ന നായികയെ പുനർ‍ഭൂ എന്നു തരംതിരിക്കാം. അതായത് വിവാഹത്തിനുമുമ്പ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളവളും, വിവാഹശേഷം പരപുരുഷഗമനം നടത്തുന്നവളൂം പുനർ‍ഭു ആണ്.

ആദ്യത്തെ മൂന്ന് വിഭാഗങ്ങളെ മറ്റൊരുതരത്തിലും ഉപവിഭാഗമായി കാണുന്നുണ്ട്.

1. വിവാഹിതയെങ്കിലും ഭർ‍ത്താവിനാൽ‍ സ്പർ‍ശിക്കപ്പെട്ടിട്ടില്ലാത്ത നായികയാണ് അക്ഷതയോനി.

1. ഭർ‍ത്താവുമൊത്ത് കിടക്ക പങ്കിട്ടിട്ടുള്ളവൾ ക്ഷതയോനി.

കാമകലയിൽ‍ പ്രാവീണ്യം നേടിയ സ്ത്രീകൾ‍ക്കേ പുരുഷന്മാരെ സ്വാധീനിച്ചു നിലനിർ‍ത്താനാകൂവെന്നാണ് ആചാര്യൻ്റെ നിരീക്ഷണം. മന്മഥകലാപ്രവീണയായ ഒരുസ്ത്രീയ്ക്ക് കുടുംബകലഹം ഒരുപരിധിവരെ ഒഴിവാക്കി ആനന്ദകരമായ ദാമ്പത്യജീവിതം നിലനിർ‍ത്താനുമാകുമെന്നും, കാമകലയിലൂടെ തനിക്ക് അത്യാനന്ദമേകിയ അംഗനയെ ഒരു പുരുഷനും ഉപേക്ഷിക്കുകയില്ലെന്നു മാത്രമല്ല, വീണ്ടും വീണ്ടും അവളെ പ്രാപിക്കുവാന്‍ മോഹിക്കുകയും ചെയ്യുമെന്ന് ആചാര്യൻ പറഞ്ഞുവയ്ക്കുന്നു. ആവർത്തനവിരസതയും, പുതുമയുടെ തൃഷ്ണയും തേടി ഉഭയസമ്മതത്തോടെയുള്ള വ്യതിയാനങ്ങളിൽ രതിവൈകൃതപ്രയോഗങ്ങൾ പോലും നിഷിദ്ധമല്ല!

സാമ്പ്രയോഗികം എന്ന സ്ത്രീപുരുഷബന്ധം തരംതിരിക്കാൻ ജനനേന്ദ്രിയത്തിൻ്റെ ദൈർഘ്യമോ, ആഴമോ അനുസരിച്ച് പുരുഷസ്ത്രീകളെ വേർതിരിച്ചാണു ക്രമീകരിച്ചിരിക്കുന്നത്. ജനനേന്ദ്രിയങ്ങളുടെ വലിപ്പവും ശരീരഘടനയും സ്വഭാവവിശേഷങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു ആചാര്യന്മാരുടെ നിഗമനം.

ആദ്യമായി പുരുഷന്മാരെ ലിംഗത്തിൻ്റെ നീളമനുസരിച്ച് തരം തിരിക്കുന്നു

1. മുയല്‍ – മുയൽ‍ജാതിയില്‍പ്പെട്ട പുരുഷന്മാർ‍ ഉയരം കുറഞ്ഞവരും ശാന്തസ്വഭാവക്കാരുമായിരിക്കും.

2. കാള – കാളജാതിയിൽ‍പ്പെട്ട പുരുഷന്മാർ‍ കരുത്തന്മാരും അസ്വസ്ഥപ്രകൃതികളും കൂടെക്കൂടെ സംഭോഗതൃഷ്ണ പ്രകടിപ്പിക്കുന്നവരുമാണ്.

3. കുതിര – നീണ്ടുതടിച്ച് ഘനശബ്ദമാർ‍ന്നവരെ കുതിരജാതിയിൽ‍പ്പെട്ടവരായും, ഭക്ഷണപ്രിയരും വികാരലോലുപരുമായ അക്കൂട്ടർ‍ പെട്ടെന്നു വികാരഭരിതരായി കാമകേളികൾ‍ക്കൊരുങ്ങുമെന്നും കണക്കാക്കി.

പിന്നീട് സ്ത്രീകളെ യോനിയുടെ വലിപ്പമനുസരിച്ച്

1. മാന്‍ – മെലിഞ്ഞ ശരീരവും വിരിഞ്ഞ മാറിടവും, നല്ല സ്തനങ്ങളോടും, ദൃഢമായ നിതംബത്തോടും കൂടിയവളും മൈഥുനത്തില്‍ വിദഗ്ധയുമായിരിക്കും.

2. പെണ്‍കുതിര – വിശാലമായ കണ്ണും കാതും കണ്ഠവുമുള്ള പെണ്‍കുതിരജാതിയിൽ‍പ്പെട്ട സ്ത്രീയെ തൃപ്തയാക്കുവാന്‍ പ്രയാസമത്രേ.

3. പിടിയാന – വലിപ്പമുണ്ടെങ്കിലും ശാന്തരാണ്, വികാരമാണാ അമിതാംഗസൗഭഗം എന്നു കരുതി തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുതെന്നും പറയപ്പെടുന്നു.

എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

പ്രാചീനലൈംഗികശാസ്ത്രജ്ഞനായ കൊക്കോകന്‍ സ്ത്രീകളെ മറ്റൊരു രീതിയിലാണ് വര്‍ഗ്ഗീകരിച്ചിരിക്കുന്നത്.

1. താമരയിതളിനു സമാനമാവും തിളങ്ങുന്നതുമായ കണ്ണുകളും, ചെറിയ നാസാദ്വാരങ്ങളും, സുന്ദരമായ മുഖവും, നേർ‍മ്മയാർ‍ന്ന ത്വക്കും, ചേലൊത്ത മാറിടങ്ങളും, ഭംഗിയുള്ള കേശം, വടിവൊത്ത അംഗങ്ങൾ, അരയന്നനടയും, മൃദുവായി സംസാരിക്കുന്ന,നല്ല ശീലങ്ങളുള്ള, പാട്ടിലും വാദ്യോപകരണങ്ങളിലും തൽപ്പരയായ, കുയില്‍ നാദവുമുള്ളവളെ അദ്ദേഹം പത്മിനി എന്നു വിശേഷിപ്പിച്ചു. അവളുടെ മദജലത്തിന് താമരയുടെ സുഗന്ധമുണ്ടാകുമത്രേ.

2. തടിച്ചനിതംബവും, മാറിടങ്ങളുമുള്ളവളും, അധികം നേർ‍ത്തതോ സ്ഥൂലയായോ അല്ലാത്തവള്‍ ചിത്രിണി. അവളുടെ ജനനേന്ദ്രിയം അല്പം പൊങ്ങിവളഞ്ഞതായിരിക്കും. തീരെ ഹ്രസ്വമല്ലാത്ത നാവ്‌, മികച്ച ഉപസ്ഥം, എള്ളിൻപൂവിനു സമാനമായ നീണ്ടതല്ലാത്ത മൂക്ക്‌, കരീംകൂവളപ്പൂപോലെയുള്ള വഴുവഴുത്ത കണ്ണുകൾ, മൃദുവല്ലാത്ത ഭാരമുള്ള കുചങ്ങൾ, സുന്ദരിയും നല്ലശീലങ്ങളോട്‌ കൂടിയവളും, സകല ഗുണങ്ങളുള്ളവളും, ഭംഗിയുള്ള വായയോടും കൂടിയ അവളുടെ മദജലത്തിന് മധുവിന്റെ ഗന്ധവുമായിരിക്കും. ആനച്ചന്തത്തിൽ‍ നടക്കുന്ന അവള്‍ രതിക്രീഡയിലും നൃത്തനൃത്യങ്ങളിലും വിദഗ്ധയായിരിക്കും.

3. സാമാന്യം വലിയ ശരീരവും, മൃദുലമായ ത്വക്കും, ചെറിയകാലുകളും, നീണ്ട വിരലുകളുമുള്ള നായികയാണു ശംഖിനി. അവളുടെ ഗുഹൃപ്രദേശത്ത് രോമം നിബിഡമായി വളരുമത്രേ. അരക്കെട്ട് നീണ്ടതായിരിക്കും, നീണ്ട കണ്ണുകളുള്ള ഉത്തമസുന്ദരി, വിഷയസുഖം ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, പലവിധ ഗുണങ്ങളുമുള്ളവൾ, കണ്ഠത്തിൽ മൂന്നു വരകളാകുന്ന അലങ്കാരത്തോട്‌ കൂടിയ അവൾ രതിക്രീഡയിൽ‍ നഖക്ഷതമേൽ‍ക്കുന്നതിൽ‍ തൽ‍പ്പരയായിരിക്കും.,

4. ഹസ്തിനിയുടെ തടിച്ചു കുറുകിയ ശരീരവും, പരുക്കന്‍ ചര്‍മ്മവും, തടിച്ച അധരങ്ങളും, മന്ദഗതിയും, അവളെ വേറിട്ടതാക്കുന്നു. കൂടുതൽ ഭയക്കുന്ന, രതി ഇഷ്ടപ്പെടുന്ന, കാമോത്സുകയും സുശീലയും, ശരീരവും വിരലുകളും സ്തനങ്ങളും തടിച്ചതും, നിതംബമാകട്ടെ തടിച്ച്‌ ഉരുണ്ടതും. അവളുടെ യോനീസ്രാവത്തിന് ആനയുടെ മദജലത്തിന്റെ ഗന്ധമായിരിക്കുമത്രേ.

സ്ത്രീപുരുഷന്മാരെ ഇങ്ങനെ ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനോട് ആധുനിക ലൈംഗികശാസ്ത്രജ്ഞന്മാരില്‍ പലരും യോജിക്കുന്നില്ല. ഉയരം കുറഞ്ഞ് ക്ഷീണഗാത്രരായവരില്‍ പലര്‍ക്കും ബലിഷ്ഠമായ ലിംഗവും നീണ്ടു ദൃഢഗാത്രരായവരിൽ‍ ദുര്‍ബലമായ ലിംഗവും കണ്ടേക്കാമെന്ന് അവർ‍ ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയിൽ‍ രണ്ടുവ്യക്തികള്‍ തമ്മിലുള്ള ലിംഗവലിപ്പ വ്യത്യാസം അവ ഉത്തേജിപ്പിക്കപ്പെടുന്ന അവസരത്തിൽ‍ കാണപ്പെടുന്നില്ലെന്നതാണ് സത്യം. താരതമ്യേന ചെറുതായി തോന്നുന്ന ലിംഗം ഉത്തേജിതാവസ്ഥയിൽ‍ ഇരട്ടിയോ അതിലധികമോ വലിപ്പം വയ്ക്കും. എന്നാല്‍ സ്വതേ ദൈർ‍ഘ്യം കൂടിയ ലിംഗം ഉത്തേജിക്കപ്പെടുമ്പോള്‍ ആദ്യമുള്ളതിന്റെ മുക്കാൽ‍ ഭാഗം കൂടിയേ ദൈർ‍ഘ്യം വയ്ക്കൂ എന്നവർ സമർത്ഥിക്കുന്നു.

1. ലൈംഗികാവയവങ്ങൾ സാദൃശ്യമുള്ള സ്ത്രീയുടെയും പുരുഷന്റെയും സംയോഗത്തിനാണ് സമരതം. സാദൃശ്യമുള്ളവരുടെ സംയോഗം നിമിത്തം മൂന്നുതരം സമരതങ്ങളുണ്ടാവുന്നു.

1. മുയലും X മാൻ
2. കാള X പെൺകുതിര
3. കുതിര X പിടിയാന

2. സാദൃശ്യമില്ലാത്ത ലൈംഗികാവയവങ്ങളോടു കൂടിയ സ്ത്രീയുടെയും പുരുഷന്റെയും സംയോഗമാണ് വിഷമരതം. ആറുതരമാണ് വിഷമരതങ്ങള്‍.

2.1 ലിംഗദൈർ‍ഘ്യമുള്ള പുരുഷന്‍ ആഴം കുറഞ്ഞ യോനിയുള്ള സ്ത്രീയോടു ചേരുന്നതിനെ ഉച്ചരതമെന്നു വിളിക്കുന്നു. പുരുഷലിംഗം വളരെവലുതും സ്ത്രീയോനി തീരെചെറുതുമായാൽ‍ അത്യുച്ചരതം.

2.2 യോനിക്ക് ആഴം കൂടുകയും ലിംഗത്തിന് വലിപ്പം കുറയുകയും ചെയ്യുമ്പോള്‍ നീചരതമായി. യോനിയുടെ ആഴം വളരെകൂടുകയും ലിംഗത്തിന്റെ വലിപ്പം തീരെ കുറയുകയും ചെയ്യുന്നത് അതിനീചരതം ആണ്.

സംഭോഗങ്ങളിൽ‍ സമരതമാണ് ശ്രേഷ്ഠം. ഉച്ചരതവും നീചരതവും നികൃഷ്ടവും, ശേഷമുള്ളവ മധ്യമങ്ങളുമത്രേ. ഉച്ചരതത്തിലും നീചരതത്തിലും ഒമ്പതുതരം രതങ്ങളുണ്ട്.

സ്ത്രീപുരുഷന്മാരുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം, ഇരുവര്‍ക്കും ഭോഗതൃഷ്ണയൊടുങ്ങുവാനെടുക്കുന്ന സമയദൈർ‍ഘ്യം എന്നിവ അനുസരിച്ച് അവരെ പ്രത്യേക വകുപ്പുകളായി ഋഷി തിരിച്ചിരിക്കുന്നു. ഇതില്‍ ഏതേതു വിഭാഗങ്ങള്‍ ചേരുമ്പോഴാണ് പരമാവധി സുഖപ്രാപ്തിയുണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സംഭോഗത്തിനെടുക്കുന്ന ഊർജ്ജത്തിൻ്റെ, സമ്മർദ്ദത്തിൻ്റെ അടിസ്ഥാനമാക്കി സ്ത്രീപുരുഷന്മാരെ

1. മന്ദവേഗൻ/വേഗ – സുരതം പൂർ‍ത്തിയാക്കുന്നതിനു സാവധാനം ഇളങ്കാറ്റായി മുന്നേറുന്നവർ.
2. മധ്യവേഗൻ/വേഗ- സാധാരണവേഗത്തിൽ സമ്മർദ്ദം പ്രയോഗിക്കുന്നവർ
3. ചണ്ഡവേഗൻ/വേഗ – പ്രചണ്ഡമായി സമ്മർദ്ദം പ്രയോഗിക്കുന്നവർ.

എന്നിങ്ങനെ ആചാര്യന്‍ മൂന്നായി തരംതിരിച്ചിരിക്കുന്നു. .

മന്ദവേഗന്‍ മന്ദവേഗയോടും, മധ്യവേഗന്‍ മധ്യവേഗയോടും, ചണ്ഡവേഗന്‍ ചണ്ഡവേഗയോടും യോജിക്കേണ്ടതാണ്. ഈ മൂന്നുതരം സമരതങ്ങളും ശ്രേഷ്ഠമാണെന്ന് ആചാര്യന്‍ അഭിപ്രായപ്പെടുന്നു. മന്ദവേഗന്‍ മധ്യവേഗയോടും ചണ്ഡവേഗയോടും ചേർ‍ന്നാല്‍ വിഷമരതമാവുകയായി. മന്ദവേഗകളും ചണ്ഡവേഗകളും തമ്മിലുള്ള സംഭോഗം വിഷമതരരതമെന്നറിയപ്പെടുന്നു.

രതിക്രീഡയിൽ‍ തൃപ്തിനേടാന്‍ വേണ്ടിവരുന്ന സമയത്തെ അടിസ്ഥാനമാക്കി

1. ശീഘ്രകാലന്‍/ ശീഘ്രകാല
2. മധ്യകാലന്‍ / മധ്യകാല
3. ചിരകാലന്‍ / ചിരകാല

എന്നിങ്ങനെ വിഭജിക്കാമെന്ന് ആചാര്യൻ അഭിപ്രായപ്പെടുന്നു. ശീഘ്രകാലൽ‍ ശീഘ്രകാലയോടും മധ്യകാലൽ‍ മധ്യകാലയോടും ചിരകാലൽ‍ ചിരകാലയോടും ചേരുന്നത് സമരതമാണ്. ശീഘ്രകാലൽ‍ മധ്യവേഗയോടും ചിരകാലയോടും, മധ്യവേഗന്‍ ശീഘ്രകാലയോടും ചിരകാലയോടും, ചിരകാലൽ‍ ശീഘ്രവേഗയോടും മധ്യവേഗയോടും എന്നിങ്ങനെ സംഭോഗസമയ ദൈർ‍ഘ്യം അടിസ്ഥാനമാക്കി രതങ്ങള്‍ ഒന്‍പതു വിധമെന്ന് ആചാര്യന്‍ വിശദമാക്കുന്നു. അതായത് സമരതങ്ങള്‍ മൂന്നും വിഷമരതങ്ങള്‍ ആറും.

ദീർ‍ഘമൈഥുന സിദ്ധിയാർ‍ന്ന പുരുഷനെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ശീഘ്രസ്ഖലനം സംഭവിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീയും സംഭോഗസുഖത്തിൽ തൽപ്പരയാണെന്നും വാത്സ്യായനന്‍ സമർ‍ത്ഥിക്കുന്നു.

സ്ത്രീക്ക് പുരുഷനെപ്പോലെ രതിമൂർ‍ച്ച ഉണ്ടാകുന്നില്ലെന്നാണ് മറ്റൊരു പ്രാചീനലൈംഗിക ശാസ്ത്ര പണ്ഡിതനായ ഔദ്ദാലകിയുടെ അഭിപ്രായം. സംഭോഗാവസരത്തിൽ‍ അവള്‍ക്കു വികാരശമനം അനുഭവപ്പെടുക മാത്രമേ ചെയ്യുന്നുവുള്ളുവെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. സംഭോഗാവസരത്തിലെ സുഖം വിവരണാതീതമായ ഒരവസ്ഥാവിശേഷമത്രേ. ശുക്ലസ്ഖലനത്തോടെ പുരുഷന്‍ സുരതത്തിൽ‍ നിന്നു പിന്മാറുന്നു. സ്ത്രീക്ക് സുഖതൃപ്തി അനുഭവപ്പെട്ടിരുന്നുവെങ്കില്‍ അവളും സുരതത്തിൽ‍ നിന്ന് സ്വമേധയാ വിരമിക്കേണ്ടതല്ലേ എന്നാണ് ഔദ്ദാലകിയുടെ വാദഗതി. എന്നാൽ‍ സ്ത്രീയ്ക്ക് സ്രവണസുഖം ആരംഭം മുതലേ ഒരുപോലെ ആയിരിക്കുമെന്നും പുരുഷന് ഭോഗാവസാനത്തിൽ‍ മാത്രമേ അത് അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സ്ത്രീയ്ക്കു സംഭോഗാരംഭം മുതലേ സുഖം തോന്നുമെന്നും എന്നാൽ‍ പുരുഷന് ശുക്ലസ്ഖലനത്തോടെയേ സുഖം അനുഭവപ്പെടുകയുള്ളൂവെന്നും മറ്റ് ആചാര്യന്മാരും അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീ ആദ്യം മുതൽ‍ അവസാനം വരെയും പുരുഷന്‍ അവസാനവുമാണ് രതിസുഖം അനുഭവിക്കുന്നത്. യോനിയിൽ‍ ജലം പൊടിയുന്നത് അവള്‍ക്ക് സ്ഖലനമുണ്ടെന്നതിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ജലകുംഭം പൊട്ടി വെള്ളം അരിച്ചിറങ്ങുന്നതുപോലെയാണ് സ്ത്രീയുടെ സ്രവണമെന്നും എന്നാൽ‍ പുരുഷന് അത് മൈഥുനാന്ത്യത്തിലേ അനുഭവപ്പെടുകയുള്ളുവെന്നുമാണ് ബാഭ്രവ്യന്റെ അഭിപ്രായം.

കുശവന്റെ ചക്രവും പമ്പരവും സാവധാനത്തിൽ‍ കറങ്ങി പിന്നീട് വേഗതനേടി അനങ്ങാതാകുന്നതുപോലെയാണ് സ്ത്രീ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഔദ്ദാലകിയുടെയും ബാഭ്രവ്യന്റെയും അഭിപ്രായങ്ങളെ അപഗ്രഥിച്ചശേഷം വാത്സ്യായനന്‍ തൃപ്തനാകാതെ വാരനാരിയായ വസന്തസേനയെ പ്രാപിച്ച് അവളിലുണ്ടാകുന്ന വിവിധ വികാരങ്ങളെ അപഗ്രഥിച്ചും ചോദിച്ചറിഞ്ഞും സ്ത്രീയുടെ സുഖപ്രാപ്തി സംബന്ധിച്ച തൻ്റേതായ നിഗമനങ്ങളിൽ‍ എത്തിച്ചേർന്നു; ചുരുക്കിപ്പറഞ്ഞാൽ പുരുഷൻ്റെ രതിസുഖത്തെപ്പറ്റി ഋഷി വാത്സ്യായനനും സ്ത്രീസുഖത്തെപ്പറ്റി വസന്തസേനയുമാണ് നമ്മൾക്കായി കാമസൂത്രത്തിൽ അറിവുപകർന്നത്.