ചന്ദ്രയാന്‍-2 ; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍മാര്‍ക്ക് അഭിനന്ദന പ്രവാഹവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ശ്രീഹാരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍-2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്നും ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. പുതിയ സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഐഎസ്ആര്‍ഒ തുടരട്ടെയെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ഇത് അഭിമാന നിമിഷമാണെന്നും ഓരോ ഇന്ത്യക്കാരനും ഇന്ന് വളരെയധികം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ഈ ദൗത്യം ചന്ദ്രനെക്കുറിച്ചുള്ള പുതിയ അറിവ് നല്‍കുമെന്നും മോദി പറഞ്ഞു. ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.

അതേസമയം ചന്ദ്രനിലേക്കുള്ള ചരിത്ര യാത്രയ്ക്ക് തുടക്കമായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ടെന്നും ചന്ദ്രയാന്‍-2 വിക്ഷേപണം വിജയകരമാണും അദ്ദേഹം പറഞ്ഞു. എല്ലാ തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്ന ടീമിനെ അഭിനന്ദിക്കുന്നതായും ശിവന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. ഇതോടെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതില്‍ ശാസ്ത്രജ്ഞര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പേടകം 181.616 കിലോമീറ്റര്‍ അകലെയുള്ള ആദ്യ ഭ്രമണപഥത്തില്‍ എത്തി. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു.

ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്‌സല്‍ ജൂലൈ 20ന് പൂര്‍ത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

വിക്ഷേപണം കാണാനെത്തിയിരുന്നത് 7500ഓളം പേര്‍. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ