യുഎസില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബലൂച്ച് യുവാക്കള്‍. പാക്കിസ്ഥാനെതിരായും ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നും യുവാക്കള്‍ മുദ്രാവാക്യം മുഴക്കി.

വാഷിങ്ടണിലെ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അമേരിക്കയിലുള്ള പാക്കിസ്ഥാനികളെ ഇമ്രാന്‍ ഖാന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രതിഷേധം. സീറ്റുകളില്‍നിന്ന് എണീറ്റ ശേഷമാണ് ഇവര്‍ മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയ യുവാക്കളെ പരിപാടി നടക്കുന്നിടത്തുനിന്നും പുറത്താക്കി.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഇമ്രാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. എന്നാല്‍ ഇന്നലെ അമേരിക്കയില്‍ എത്തിയ ഇമ്രാന് വിമാനത്താവളത്തില്‍ തണുത്ത സ്വീകരണമാണ് ലഭിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.