കേകേയവും പായസവും

മഹിഷാസുരൻ

ചരിത്രമോ, പുരാണങ്ങളോ, ഇതിഹാസങ്ങളോ, വർത്തമാന.. ആനുകാലിക സംഭവങ്ങളോ. എന്തുതന്നെ തിരഞ്ഞാലും കേകേയം എന്ന ഭൂവിഭാഗവും അവിടുത്തെ ജനതയും മറ്റുള്ളവർക്ക് മുള്ളുകെട്ടാണ്. നമുക്കറിയാം ഇന്ന് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായുള്ള ആ പ്രദേശം ത്രേതായുഗത്തിൽ ദശരഥൻ്റെ കാലം വരെ കേകേയമായിരുന്നു, രാമായണമെന്ന ഇതിഹാസത്തിൻ്റെ ഗതി തിരിച്ചത് കേകേയരാജകുമാരിയാണ്, പിന്നീട് ഭരതനാണു കേകേയം ഗാന്ധാരമാക്കി ഭരിച്ചത്. ദ്വാപരയുഗത്തിൽ ഗാന്ധാരരാജകുമാരൻ സൗബലൻ എന്ന ശകുനിയാണ് ഭാരതമെന്ന ഇതിഹാസത്തിലെ ശരിയായ പ്രതിനായകൻ. ഭാരതയുദ്ധത്തിനുശേഷവും ഭാരതരാഷ്ട്രീയത്തിൽ ഇടപെട്ട് പരീക്ഷിത്ത് മഹാരാജാവിനെ വധിച്ച തക്ഷകൻ ആ നാട്ടുകാരനായിരുന്നു. പിന്നീടും ആ നാട്ടിലെ ആക്രമണകാരികളെക്കൊണ്ട് ഭാരതീയർ പൊറുതിമുട്ടിയിട്ടുണ്ട്; ഇന്നും താലിബാനും, ഐ.എസ്സും ആയി ആ നാട് അങ്ങനെതന്നെ നിൽക്കുന്നു!

നമുക്ക് സരയുവിൻ്റെ വടക്കേ കരയിലുള്ള ആ യാഗസ്ഥലത്തേയ്ക്ക് പോകാം, അവിടെ അയോദ്ധ്യയിലെ മഹാരാജാവ് ദശരഥനു പുത്രന്മാർ ജനിക്കുവാനായി ആദ്യം അശ്വമേധവും പിന്നീട് പുത്രകാമേഷ്ടിയും നടക്കുകയായിരുന്നല്ലോ… യാഗത്തിൻ്റെ അവസാനഘട്ടത്തിലാണു നാമവിടെയെത്തിയത്…

ഒരു തേജസ്വിയായ പുരുഷരൂപം കണ്മുന്നിൽ നിൽക്കുന്നെങ്കിലും ആ മഹാപ്രഭയിൽ ആളെ മനസ്സിലാക്കുവാൻ കഴിയുന്നില്ല, എങ്കിലും അദ്ദേഹം വച്ചുനീട്ടുന്ന ആ സ്വർണ്ണപ്പാത്രം കാണാം, അതിനൊരു മൂടിയുള്ളത് വെള്ളികൊണ്ടാണെന്നതിനാൽ തന്നെ ആ വർണ്ണവ്യത്യാസത്തിൽ പാത്രം വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നുണ്ട്. അത് നിറയെ ദിവ്യമായ പായസമാണെന്നും അത് അർഹ്ഹരായ ഭാര്യമാർക്ക് കൊടുക്കുവാനുമരുളി യജ്ഞപുരുഷൻ യാത്രയായി. പുത്തൻ കളിപ്പാട്ടംകിട്ടിയ കുട്ടിയുടെ ഉത്സാഹത്തോടെ മഹാരാജാവ് ദശരഥൻ, ധനം നൽകി യാഗാചാര്യന്മാരിൽ നിന്നും തിരിച്ചുവാങ്ങിയ റാണിമാരെ സമീപിച്ചു.

ആദ്യം കണ്ടത് പ്രഥമറാണി കൗസല്യയെയാണ്, രാജകീയപ്രൗഢിയിൽ രാജ്യതന്ത്രത്തിൻ്റെ ഭാഗമായി വിവാഹം ചെയ്തതല്ലാത്ത, ആദ്യപ്രണയത്തിൻ്റെ സാഫല്യമായ മഹാറാണിക്ക് ആകെയുള്ള പായസത്തിൻ്റെ പകുതി നൽകുമ്പോൾ പൂർണ്ണമനസ്സായിരുന്നു ദശരഥന്; കടിഞ്ഞൂൽ പ്രണയത്തിൻ്റെ കനലുകൾ ആ കണ്ണുകളിൽ അഗ്നിയായെരിഞ്ഞുനിന്നു. അതുതിരിച്ചറിഞ്ഞ കൗസല്യ ഒട്ടും വൈകാതെ അത് ആഹരിച്ചു.

അടുത്തതായി കണ്ടത് സുമിത്രയെയാണ്, അവൾക്ക് അവശേഷിച്ച പകുതിയുടെ പകുതി (നാലിലൊന്ന്) കൊടുത്തു വീണ്ടും മുന്നോട്ടുനീങ്ങി, സാധുവായ സുമിത്ര ഇളയറാണിക്കായി കാത്തുനിന്നു. കൈകേയിയുടെ അരികിലെത്തി ബാക്കിയുള്ളതിൻ്റെ പകുതി (എട്ടിലൊന്ന്) അവൾക്കും നൽകി, പതിവുപോലെ അതവൾക്ക് അത്ര രസിച്ചില്ല; ബാക്കിയുള്ളതുമുഴുവൻ (എട്ടിലൊന്ന്) തനിക്ക് കിട്ടുമെന്നവൾ പ്രതീക്ഷിച്ചു. ഇനിയും അവശേഷിക്കുന്നു എട്ടിലൊന്ന് തനിക്കുതന്നെ തരുമെന്ന് കരുതിയവൾ കിട്ടിയതുകഴിക്കാതെ ദശരഥനെ നോക്കിനിന്നു.

ദശരഥൻ പാത്രത്തിൽ അവശേഷിച്ച എട്ടിലൊന്നു പായസവുമായി മുന്നോട്ടാഞ്ഞു, അദ്ദേഹത്തിൻ്റെ കാലുകൾ എങ്ങോട്ടാണെന്ന് കൈകേയിക്ക് വ്യക്തമായിരുന്നു, കോപാകുലയായ അവൾ തൻ്റെ കയ്യിൽ കിട്ടിയ പായസം കുടിച്ചിട്ട് ദശരഥൻ്റെ കയ്യിൽ പിടിച്ചുനിർത്തി. അദ്ദേഹം തിരിഞ്ഞു നിന്നു, പായസം കുടിച്ച രണ്ടു റാണിമാരേയും കയ്യിൽ പായസവുമായി നിൽക്കുന്ന സുമിത്രയേയും ആണദ്ദേഹം കണ്ടത്, നീട്ടിയ കൈകേയിയുടെ കൈകളെ അവഗണിച്ച് അദ്ദേഹം സുമിത്രയ്ക്കരികിലെത്തി പാത്രത്തിൽ അവശേഷിച്ച എട്ടിലൊന്നു പായസം കൂടി അവൾക്ക് നൽകി, ആദ്യനാലിലൊന്നും രണ്ടാമത് എട്ടിലൊന്നും ചേത്ത് സുമിത്രയും കഴിച്ചു. എങ്കിലും ദശരഥൻ ആ എട്ടിലൊന്നു പായസവുമായി എങ്ങോട്ടാണു നടന്നത്? (1)

ഉത്തരം ലളിതമല്ല, എങ്കിലും അശ്വമേധയാഗത്തെപ്പറ്റി അറിഞ്ഞാൽ അതുമനസ്സിലാകും. ദശരഥമഹാരാജാവിനു കുട്ടികൾ ഉണ്ടാകുമായിരുന്നു, പട്ടമഹിഷി കൗസല്യക്കും കുട്ടികളുണ്ടാകുമായിരുന്നു; കോസലരാജ്യം രണ്ടായിരുന്നകാലത്ത് മഗധയ്ക്കരികിലെ സുകൗശൽ മഹാരാജാവിൻ്റെ കൊട്ടാരത്തിൽ അതിഥിയായി എത്തിയ നേമിയെന്ന ആ രാജകുമാരൻ പൂന്തോട്ടത്തിൽ വച്ചുകണ്ടുമുട്ടിയ തന്നേക്കാൾ മുതിർന്നവളെങ്കിലും അതിസുന്ദരിയായ രാജകുമാരിയെ ആദ്യദർശനത്തിൽത്തന്നെ പ്രണയിച്ചുപോയിരുന്നു. ആ വിവാഹം കോസലത്തെ ഉത്തരദക്ഷിണസംഗമത്തിലൂടെ ഒരു വലിയരാജ്യമാക്കുമെന്നതിനാൽ അയോദ്ധ്യയിൽ സന്തോഷം മാത്രമായിരുന്നു ആ പ്രണയത്തിൽ; അവർക്കൊരു പെൺകുഞ്ഞു ജനിച്ചു. രാജ്യഭാരമേറ്റതോടെ ദശരഥനായ നേമി പുത്രിയെ വേദവും ശാസ്ത്രവും പഠിപ്പിക്കുന്നതിനൊപ്പം ആയുധാഭ്യാസവും പഠിപ്പിച്ചുതുടങ്ങിയപ്പോൾ, വസിഷ്ടൻ്റെ കണ്ണുകളിലതുപെടുകയും, അനന്തരാവകാശിയായി പുത്രൻ വേണമെന്ന് കുലഗുരുവിൻ്റെ വാക്കുകളിൽ പുത്രിയെ മറികടന്ന പുത്രദാഹം ഉണരുകയും ചെയ്തു.

ആ സമയത്ത് സാകേതത്തിലെത്തിയ രോമപാദമഹാരാജാവ് ആ കുമാരിയുടെ കൗതുകത്തിനുമുന്നിൽ അവളുമായി കരവാളിനാൽ പൊരുതാനിറങ്ങി, ആ കുരുന്നിൻ്റെ ആയുധാഭ്യാസമികവദ്ദേഹത്തെ അത്ഭുതപ്പെടുത്തി. “പുത്രിയെങ്കിൽ പുത്രി” ഒരു കുഞ്ഞാണാവശ്യം എന്നുപറഞ്ഞ് കേണപേക്ഷിച്ച ആത്മമിത്രം അംഗരാജ്യത്തെ രോപപാദനു ആദ്യത്തെകണ്മണിയെ ദാനംചെയ്യാൻ ദശരഥനധികം ആലോചിക്കേണ്ടിവന്നില്ല. ശാന്തയെന്ന പേരിൽ അവൾ എല്ലാവിധ സൗഭാഗ്യങ്ങളോടും കൂടി അംഗരാജ്യത്തുവളർന്നു. വൈശാലിയെന്ന പുംശ്ചലീകന്യക വനത്തിൽ നിന്നും കൂട്ടിക്കൊണ്ടുവന്ന ഋഷിവിഭാണ്ഡകൻ്റെ പുത്രൻ ഋഷ്യശൃംഗനു രോമപാദൻ ശാന്തയെ വിവാഹം കഴിച്ചുനൽകി.

പടിഞ്ഞാറുനിന്നും ശക്തമായ കേകേയത്തിലെ രാജകുമാരിയെയും തെക്ക് കാശിയിൽ നിന്നും രാജകുമാരി സുമിത്രയേയും വിവാഹം കഴിച്ചു ബന്ധുബലവും, രാജ്യവിസ്തൃതിയും വർദ്ധിപ്പിച്ച ദശരഥനു മഹാരാജാവിനുമപ്പുറം സാർവ്വഭൗമനെന്ന പദവിയിലേക്ക് ആശയുദിച്ചു, അതിനായി അശ്വമേധയാഗം നടത്തുവാനും നിശ്ചയിച്ചു,പാപപരിഹാരമാണ് അശ്വമേധയാഗം എങ്കിലും മിക്കപ്പോഴും രാജ്യതാൽപ്പര്യങ്ങളാണതിൻ്റെ പിന്നിൽ!

എന്നാൽ അതിലൊരപകടം കേകേയറാണി തിരിച്ചറിഞ്ഞു. അശ്വവുമായി ദിഗ്വിജയത്തിനു പോകുന്ന രാജാവ് രാജ്യതാല്പര്യപ്രകാരം ഇനിയും വിവാഹം കഴിക്കാം, രാജ്യത്തിൻ്റെ അവകാശിയായൊരു പുത്രനുണ്ടാകാനാണെന്ന പേരിലായാൽ അതുവളരെയധികം നീതീകരിക്കപ്പെടും. അതിനാൽത്തന്നെ അശ്വമേധവും പുത്രകാമേഷ്ടിയും ഒരുമിച്ചാവണം എന്നു മൂന്നുറാണിമാരും ചേർന്നാവശ്യപ്പെട്ടപ്പോൾ ദശരഥൻ വഴങ്ങി. അപ്പോഴും ആ യാഗം നടത്താൻ വസിഷ്ടനും, വിശ്വാമിത്രനും, ജബാലിയും, കശ്യപനും, അഗസ്ത്യനുമുള്ളപ്പോഴും, തൻ്റെ പുത്രീഭർത്താവ് ഋഷ്യശൃംഗൻ തന്നെ പുത്രകാമേഷ്ടി നടത്തണമെന്നദ്ദേഹം ശഠിച്ചതെന്തിനാണ്? (2)

ചടങ്ങുകളിലേയ്ക്ക് വിശാലമായി കടക്കുന്നില്ല, യാഗാശ്വത്തെ യജമാനത്തി അതായത് റാണിയാണു വധിക്കേണ്ടതെങ്കിലും അതുപതിവില്ല, ആരെങ്കിലും വധിച്ച ആ കുതിരയുടെ മേൽ ചെറിയ സൂചി പോലെയുള്ള സ്വർണ്ണക്കത്തി കുത്തിയിറക്കുകയും അതിൻ്റെ ശവത്തോടൊപ്പം ആ രാത്രി മുഴുവൻ യാഗശാലയിൽ കഴിയുകയുമാണു കൗസല്യ ചെയ്തത്. നമുക്ക് കാണേണ്ടത് കൽപ്പസൂത്രപ്രകാരമുള്ള ആ ദാനകർമ്മങ്ങളാണ്, ഒന്നാംദിനം ചതുഷ്ടോമവും, രണ്ടാംദിനം ഉക്ഥ്യവും, മൂന്നംദിനം ജ്യോതിഷ്ടോമവും ആയി ആയുഷിയും, അതിരാത്രവും അവസാനിക്കുമ്പോഴുള്ള രസകരമായ ആചാരങ്ങൾ!

യഗത്തിൻ്റെ ആചാര്യന്മാർ നാലുപേരാണ്.
1. ബ്രഹ്മ,
2. ഹോതാ,
3, അധ്വര്യൂ,
4. ഉദ്ഗാതാ,
അവർക്ക് യജമാനനായ രാജാവ് എല്ലാം ദാനം ചെയ്യണം, അതായത് ധനം, ധാന്യം, വസ്തുവകകൾ, കൊട്ടാരം, ഭാര്യമാർ, തുടങ്ങിയവയെല്ലാം! ഇവർക്കു നാലുപേർക്കും കൊടുക്കേണ്ടതിനാൽ രാജാവിനു 4 ഭാര്യമാർ ആവശ്യമാണ്.
1. മഹിഷി (റാണി)
2. പരിവ്രിത്തി (അവഗണിക്കപ്പെട്ട ഭാര്യ)
3. വാവാത ( കുലത്തിൽ താണ രാജസ്ത്രീ)
4. പാലാകലി (പാനപാത്രം നിറയ്ക്കുന്നതോഴി)

റാണിയെ ബ്രഹ്മയ്ക്കും, പരിവ്രിത്തിയെ ഹോതയ്ക്കും, വാവാതയെ അധ്വര്യുവിനും, പാലാകലിയെ ഉദ്ഗാതയ്ക്കും ദാനം ചെയ്യണം. പിന്നീട് രാജ്യത്തെ നാലായി വിഭജിച്ച്, ദക്ഷിണം ബ്രഹ്മയ്ക്കും, പൂർവ്വഭാഗം ഹോതയ്ക്കും, പശ്ചിമം അധ്വര്യുവിനും, ഉത്തരഭാഗം ഉദ്ഗാതയ്ക്കും ദാനം ചെയ്യണം. പിന്നീട് ഉചിതമായ ദക്ഷിണനൽകി നൽകി രാജ്യവും, റാണിമാരേയും വീണ്ടെടുക്കും!

നമ്മുടെ പ്രശ്നമതല്ല; മൂന്നു റാണിമാരെ ബ്രഹ്മക്ക് ദാനം ചെയ്തുകഴിഞ്ഞാൽ, കുലത്തിൽ താണരാജസ്ത്രീയേയും, പാനപാത്രം നിറക്കുന്നവതോഴിയേയും അധ്വര്യുവിനും ഉദ്ഗാതയ്ക്കും ദാനം ചെയ്തുകഴിഞ്ഞും ഒരാൾ അവശേഷിക്കുന്നു, ഹോതയ്ക്ക് ദാനം ചെയ്ത അവഗണിക്കപ്പെട്ട ഭാര്യ… അവൾക്ക് നേരേയാണു ദശരഥൻ എട്ടിലൊന്നു പായസവുമായി നടന്നതും, കൈകേയി തടഞ്ഞതും! രാജാനോ ബഹുവല്ലഭാഃ, ആഹാ.. എന്നല്ലാതെ എന്തുപറയാൻ!!! (അപ്പോൾ ചോദ്യം 1 നുത്തരമായി)

എന്തായാലും ആദ്യം പായസം കുടിച്ച കൗസല്യ 12 മാസം കഴിഞ്ഞപ്പോൾ ചൈത്രമാസത്തിലെ നവമിക്കു ശ്രീരാമനു ജന്മം നൽകി. പിന്നേയും 8 മാസം കഴിഞ്ഞ് പൗഷമാസത്തിൽ ദശമിക്ക് കാലത്ത് ഭരതനും, ഉച്ചകഴിഞ്ഞ് ലക്ഷ്മണശത്രുഘ്നന്മാരും പിറന്നു. (അല്ലാതെ ഇവർ നവമിക്കും, അടുത്തദിവസം ദശമിക്കുമല്ല ജനിച്ചത്) ചുരുക്കിപ്പറഞ്ഞാൽ പായസം കുടിച്ച ഉടൻ ആരും ഗർഭിണികളായില്ല, പിന്നീട് ദശരഥനുമായുള്ള ലൈഗികബന്ധത്തിൽ ഓരോരുത്തരായി ഗർഭിണികളായി, പ്രസവിച്ചു. അപ്പോൾ എന്തായിരുന്നു ശരിയായ പ്രശ്നം? അതാണുചോദ്യം (2) ൻ്റെ ഉത്തരവും കേകേയത്തിൻ്റെ പ്രാധാന്യവും!

ദശരഥനും കൗസല്യക്കും ഒരു കുഞ്ഞുണ്ടാകാമെങ്കിൽ മറ്റൊന്നുകൂടിയുണ്ടാകാമായിരുന്നു, എന്നാൽ കൈകേയിക്ക് ദശരഥനിലുണ്ടായിരുന്ന ദുസ്വാധീനവും, മന്ഥരയെപ്പോലെയുള്ള കേകേയത്തിൽ നിന്നെത്തിയ ദാസിമാരും അതിനനുവദിച്ചില്ല. മറ്റുറാണിമാർ ഗർഭം ധരിക്കുവാൻ സാദ്ധ്യതയുള്ള ഋതുവിൻ്റെ ഊഷ്മളദിനങ്ങളിൽ അവരോടൊപ്പം കഴിയാൻ കൈകേയി ഒരിക്കലും അനുവദിച്ചിരുന്നില്ല, കൈകേയിക്ക് ഗർഭധാരണത്തിനു തടസ്സവുമുണ്ടായിരുന്നു. ഇതും രണ്ടും പരിഹരിക്കാതെ ഒരു കുഞ്ഞ് ആ കൊട്ടാരത്തിൽ പിറക്കില്ലെന്ന് ദശരഥനറിയാമായിരുന്നു, അതിനദ്ദേഹം ആദ്യം കണ്ടുപിടിച്ച പരിഹാരമായിരുന്നു അശ്വമേധം, ദിഗ്വിജയത്തിൻ്റെ നാളുകളിൽ ഏതെങ്കിലും വിദേശരാജ്യത്തിൽ കൈകേയുടെ നിയന്ത്രണമില്ലാതെ ഒരു രാജകന്യകയിൽ പുത്രനെ നേടാം; അത് കൈകേയി തടഞ്ഞപ്പോൾ അദ്ദേഹം സ്വന്തം പുത്രിയുടെ സഹായം തേടി ഋഷ്യശൃംഗനെന്ന താന്ത്രികൻ്റെ മറവിൽ!

പിതാവിനോടൊപ്പം അയോദ്ധ്യയിലെത്തിയ ശാന്തയ്ക്ക് എല്ലാം മനസ്സിലായി. അവൾ നടത്തിയ ഇടപെടലുകളാണ് അമ്മമാർക്ക് പുത്രന്മാരെ ലഭിക്കുവാൻ കാരണമായത്. യജുർ, സാമവേദങ്ങളിലെ എല്ലാ ചികിത്സയും കൈകേയിക്കു നൽകിയതാണ്, ഫലമുണ്ടായില്ല, ഋഷ്യശൃംഗൻ്റെ പ്രാധാന്യം ഇവിടെയാണ്, അസുരികൽപ്പയിൽ അസാധാരണവിദഗ്ധനായ അദ്ദേഹം പുത്രകാമേഷ്ടി നടത്തിയത് അതുപ്രകരമാണെന്ന് വാല്മീകി പ്രത്യേകം പറയുന്നുണ്ട്, സാത്വികമായിരുന്നില്ല ആ യാഗം! കൈകേയിയുടെ ചികിത്സനടന്നു, ഒപ്പം കൗസല്യോടൊപ്പം ദശരഥൻ്റെ സഹസയനവും; രാമൻ പിറന്നു. എന്നാൽ അടുത്ത ഊഴം സുമിത്രയ്ക്ക് അധികം ലഭിച്ചില്ല, തനിക്ക് പുഷ്‌ക്കലത്വം ലഭിച്ചെന്ന തിരിച്ചറിവിൽ കൈകേയി സുമിത്രയെ മറികടന്നു, മൂന്നാം സ്ഥാനം മാത്രമേ പൊതുവേ ശാന്തയായ സുമിത്രക്കു ലഭിച്ചുള്ളൂ.

അശ്വമേധം കുലത്തിനു പ്രതാപവും പാപമോക്ഷവുമായി, പുത്രകാമേഷ്ടി കുടുംബത്തിലെ പ്രശനങ്ങൾക്ക് പരിഹാരവുമായി.. നാടിൻ്റെ സമ്പത്ത് ധൂർത്തടിച്ചും, മറ്റുരാജ്യങ്ങളുടെ സമ്മാനങ്ങൾ സ്വീകരിച്ചു ഭണ്ഡാരം നിറച്ചും നടത്തിയ യാഗങ്ങൾക്കപ്പുറം … ശാന്തയാണു താരം!!!