മേരാ ഭാരത് മഹാൻ

ശ്രീജിത്ത് ശ്രീകുമാർ
Chandrayaan-2 സംഗതി നമ്മൾക്ക് ഒരു വലിയ മൈൽസ്റ്റോൺ ആണ്. പഴയ സോവിയറ്റ് യൂണിയൻ പിന്നെ അമേരിക്ക, ചൈന ഇവർക്ക് ശേഷം ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തുകൊണ്ട് ഇന്ത്യ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം ആയി.ആയിരത്തിനടുത്ത് വരുന്ന ആളുകളുടെ പ്രവർത്തനത്തിന്റെ ഫലം. പ്രൊജക്റ്റ് ഡയറക്ടറും മിഷൻ ഡയറക്ടറും വനിതകൾ എന്നതും കാണിക്കുന്നത് മറ്റൊന്നല്ല… നമ്മുടെ സ്ത്രീകൾ ആകാശത്തും അത്ഭുതങ്ങൾ കാണിക്കാൻ തെയ്യാറെടുക്കുന്നു….

1968 ജൂലായിൽ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി അമ്പതു വർഷങ്ങൾക്ക് ശേഷം മറ്റൊരു ജൂലായിൽ നമ്മൾ അതിനെ ആദരിക്കുന്ന വിധത്തിൽ മറ്റൊരു നേട്ടം സ്വന്തമാക്കുന്നു. ഇവിടെയാണ് ഒരു വിഷൻ ഉള്ള നേതാവിന്റെ വലിപ്പം മനസ്സിലാക്കേണ്ടത്. വിഭജനവും അതിനോടൊപ്പം ലക്ഷകണക്കിന് ആളുകളുടെ മരണവും, രാജ്യത്തെ കൊള്ളയടിച്ചുപോയവർ ഉപേക്ഷിച്ച പകുതിയിലധികം വരുന്ന പട്ടിണിയെ മുന്നിൽ കണ്ടു ജീവിക്കുന്ന ജനത, അവരുടെ പല ഭാഷകൾ പല രീതികൾ, യുദ്ധങ്ങൾ….ഇതിന്റെയെല്ലാം ഇടയിലും ഒരു പ്രധാന കാര്യമായി ISRO, IIT തുടങ്ങിയ പലതും വേണമെന്ന് സ്വപ്നം കണ്ട് അതാണ് മുന്നോട്ടുള്ള വഴിയെന്ന് മനസ്സിലാക്കി അതിനുവേണ്ടി പരിശ്രമിച്ച നെഹ്‌റുവിനെപ്പോലെ അദ്ദേഹത്തോടൊപ്പം നിന്ന മറ്റു പലരെപ്പോലെയുള്ളവർ ആണ് ഇന്ന് നമ്മൾക്ക് ഈ നേട്ടം സമ്മാനിച്ചത്.ഈ അവസരത്തിൽ അതും മറക്കാതിരിക്കാം.

ഫ്യൂവൽ സേവ് ചെയ്യാനായി ഭൂമിയുടെ ഗുരുത്വകർഷണ ബലത്തിനെക്കൂടി ഉപയോഗപ്പെടുത്തുയുള്ള യാത്രയുടെ പാത നിശ്ചയവും മറ്റും കാണിക്കുന്നത് ഒരു ചെറിയ തുടക്കത്തിൽനിന്നും ഇന്ന് നമ്മൾ എവിടെയെത്തി എന്നതാണ്. നമ്മുടെ ആത്മവിശ്വസം ആണ്. അങ്ങനെ പതിമൂന്നു പതിനാലു നിലയുടെ വലുപ്പത്തിൽ അറനൂറ്റമ്പതു ടൺ ഭാരമുള്ള നമ്മുടെ Geosynchronous Satellite Launch Vehicle Mark III (GSLV Mk-III)എന്ന റോക്കറ്റ് വിക്രം എന്ന പേരുള്ള ലാൻഡറും കൂട്ടത്തിൽ അതിന്റെയുള്ളിൽ Pragyan എന്ന് പേരായ കുഞ്ഞൻ മൂൺ റോവറുമായി കുതിച്ചു പറന്നപ്പോൾ ലോകം അവിടെ കണ്ടത് സ്വപ്നം കാണാനുള്ള , മുന്നോട്ടു കുതിക്കാനുള്ള ഒരു രാജ്യത്തിന്റെ ആഗ്രഹങ്ങളാണ്.

നമ്മൾക്ക് കുറ്റങ്ങളും കുറവുകളും പറഞ്ഞു ചിരിക്കാം, പരസ്പരം പഴിചാരാം. പക്ഷെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും തങ്ങളുടെ കുട്ടികളെയും കൊണ്ട് അച്ഛനമ്മമാർ, ചെറുപ്പക്കാരായ വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന ഏഴായിർത്തി അഞ്ഞൂറോളം ആളുകൾ ഈ കാഴ്ച കാണാൻ വന്നത് മറ്റൊരു ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ നെഞ്ചിലേറ്റിയാണ്. കുറവുകൾക്കിടയിലും സ്വപ്ങ്ങൾ കാണാനുള്ള ,അത് നേടാനുള്ള അക്ഷീണപ്രയത്‌നത്തിൽ ഏർപ്പിട്ടിരിക്കുന്ന മറ്റൊരു ഇന്ത്യയെ, ശാസ്ത്രത്തിന്റെ വഴിയിൽ സഞ്ചരിക്കുന്ന, മുന്നേറുന്ന ഇന്ത്യയെ…..
പ്രതീക്ഷയും അവരിലാണ്.
ലോകത്തെവിടെയായാലും അതുകൊണ്ടുതന്നെ അഭിമാനത്തോടെ പറയാം….മേരാ ഭാരത് മഹാൻ.