ജപ്പാന്‍ ഓപ്പണ്‍ ഫൈനല്‍ നാളെ: സായ് പ്രണീത് പുറത്ത്

ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണണ്‍ ഫൈനല്‍ നാളെ. പുരുഷ വിഭാഗം സിംഗിള്‍സില്‍ ജപ്പാന്റെ കെന്റോ മൊമോതയും ഇന്തോനേഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയും വനിതാ സിംഗിള്‍സില്‍ ജാപ്പനീസ് താരങ്ങളായ നൊസോമി ഒഹൂകാരയും അകാനെ യമാഗുച്ചിയും ഏറ്റുമുട്ടും. ഇന്നു നടന്ന സെമിയില്‍ ഇന്ത്യയുടെ സായ് പ്രണീതിനെയാണ്് കെന്റോ മൊമോത നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. മൊമോതയോടുള്ള പ്രണീതിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. ജപ്പാന്‍ ഓപ്പണില്‍ പുരുഷ വിഭാഗം സെമിയിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് പ്രണീത്. ഇന്തോനേഷ്യയുടെ ടോമി സുഗിരാറ്റോയെയാണ് ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. സ്‌കോര്‍: 18-21, 12-21. ഡെന്‍മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ഗന്‍സെനെയാണ് ജൊനാതന്‍ ക്രിസ്റ്റി തോല്‍പിച്ചത്. സ്‌കോര്‍ : 21-14, 21-14.
ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു. യമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. സെമിയില്‍ ചൈനയുടെ യുഫേയ് ചെനെയാണ് യമാഗുച്ചി തോല്‍പിച്ചത്. 21-15, 21-15. കാനഡയുടെ മിഷേല്‍ ലിയെയാണ് ഒകുഹാര തോല്‍പിച്ചത്. സ്‌കോര്‍: 21-12, 21-18. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ തോറ്റുമടങ്ങിയിരുന്നു. ജപ്പാന്റെ കെയ്‌ഗോ സൊനോദ- തകേഷി കമുറ സഖ്യത്തോടാണ് പരാജയം. രണ്ടാം റൗണ്ടില്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ, സാത്വിക് സായ്‌രാജ് രങ്കറെഡ്ഡി സഖ്യവും സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ കിഡംബി ശ്രീകാന്ത്, പ്രണോയ് എച്ച്.എസ്, സമീര്‍ വര്‍മ്മ എന്നിവരും പുറത്തായിരുന്നു.