മൂന്നു മിനിറ്റിനുള്ളിൽ തട്ടിയത് 720 കിലോ സ്വര്‍ണ്ണം

സാവോപോളോ: ബ്രസീലിലെ സാവോപോളോ രാജ്യാന്തര വിമാനത്തിൽ നിന്ന് 200 കോടിയിലേറെ രൂപ വിലവരുന്ന 720 കിലോ സ്വർണക്കട്ടികൾ കടത്തിക്കൊണ്ടുപോയത് സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിൽ. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മോഷണമാണ് സാവോപോളോ വിമാനത്താവളം നടന്നത്. സായുധരായ എട്ട് യുവാക്കൾ, വെറും മൂന്നു മിനിറ്റിനുള്ളിലാണ് മോഷണം നടത്തിയത്. ന്യൂയോർക്കിലേക്കും സൂറിച്ചിലേക്കും അയയ്ക്കാനുള്ള സ്വർണമായിരുന്നു ഇത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഫെഡറൽ പൊലീസിന്റെ വേഷം ധരിച്ചാണു യുവാക്കാൾ എസ്. യു.വിയിലും പിക് അപ് ട്രക്കിലുമായി വിമാനത്താവളത്തിലെത്തിയത്.

മുഖത്തിന്റെ ചില ഭാഗങ്ങളൊഴികെ ബാക്കിയെല്ലാം മൂടിയുള്ള വസ്ത്രമാണ് ഇവർ ധരിച്ചിരുന്നതെന്നു സി.സി.ടിവി ദൃശ്യങ്ങളിൽ കാണാം. കാർഗോ ടെർമിനലിലേക്ക് എത്തിയ നാലു പേർ ആധികാരികമായി അവിടുത്തെ ജീവനക്കാർക്കു നിർദ്ദേശങ്ങൾ നൽകി. തുടർന്നു ജീവനക്കാർ സ്വർണക്കട്ടികൾ അടങ്ങിയ കാർഗോ ട്രക്കിലേക്കു കയറ്റി. ഇവരിൽ ഒരാളുടെ പക്കൽ റൈഫിൽ ഉണ്ടായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. സ്വർണം എത്തിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന കമ്പനിയിലെ ജോലിക്കാരന്റെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയ മോഷ്ടാക്കൾ ഇയാളെ ഭീഷണിപ്പെടുത്തി വിവരങ്ങൾ കൃത്യമായി ചോർത്തിയെന്നാണ് കരുതുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് സംശയത്തിന് ഇടനൽകാതെ മോഷ്ടാക്കൾ സ്വർണം തട്ടിയെടുത്തത്. വ്യാജപൊലീസ് കാറുകൾ രണ്ടുവട്ടം മാറിയ ശേഷമാണ് മോഷ്ടാക്കൾ തങ്ങളുടെ വാഹനത്തിൽ കടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.