അങ്ങനെ കേരള സർക്കാർ നിസ്സാൻ കാർ കമ്പിനിയ്ക്കും അള്ളുവെച്ചു

റോയ് മാത്യു
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന ഇടത് സർക്കാരിന്റെ ബഡായി കേട്ട് വന്ന ജപ്പാൻ കമ്പിനിയും നാട് വിടാനൊരുങ്ങുന്നു. സർക്കാർ സ്പോൺസേർഡ് ആന്തൂർ മോഡൽ ആത്മഹത്യ തൽക്കാലം നടന്നില്ലാ എന്ന് മാത്രം!
പിണറായി സർക്കാർ കൊട്ടിഘോഷിച്ചു നടന്ന നിസ്സാൻ മോട്ടോർ കോർപറേഷൻ ലിമിറ്റഡിന്റെ ഗ്ലോബൽ റിസേർച്ച് ഹബ് തുടങ്ങാനുള്ള ശ്രമങ്ങൾക്ക് സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് വേണ്ട പാരകൾ വെച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.
സംസ്ഥാന സർക്കാരും നിസ്സാൻ കമ്പിനിയും തമ്മിൽ ഒപ്പുവെച്ച ധാരണപത്ര പ്രകാരം വാഗ്ദാനം ചെയ്ത ഒരു ധാരണയും സർക്കാർ പാലിച്ചില്ലെന്ന് നിസ്സാൻ കമ്പിനി യുടെ ചീഫ് ഡിജിറ്റൽ ഓഫീസർ സ്വാമിനാഥൻ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് ഉദ്ധരിച്ചു കൊണ്ടാണ് സായി കിരണിന്റെ റിപ്പോർട്ട്.

ചെന്നൈയിൽ തുടങ്ങാനിരുന്ന റിസർച്ച് ഹബ്ബാണ് പിണറായി സർക്കാരിന്റെ വാക്ക് വിശ്വസിച്ച് തിരുവനന്തപുരത്ത് തുടങ്ങാൻ നിസ്സാൻ നിശ്ചയിച്ചത്. കൃത്യം ഒരു വർഷം മുമ്പാണ് സർക്കാരും നിസ്സാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ടെക്നോപാർക്കിൽ ഹബ് തുടങ്ങാനാവശ്യമായ സ്ഥലസൗകര്യങ്ങൾ ഏകജാലക പദ്ധതി പ്രകാരം നൽകുമെന്നായിരുന്നു വാഗ്ദാനം.
നിക്ഷേപകരെ തെക്കുവടക്ക് ഓടിക്കുന്ന സർക്കാരുദ്യോഗസ്ഥന്മാരുടെ പതിവ് സാഡിസത്തിന്റെ ഇരകളാണ് തങ്ങളെന്ന് നിസ്സാൻ കമ്പിനി പറയുന്നു.
അവർക്ക് നൽകാമെന്ന് പറഞ്ഞ വസ്തുവിന്റെ രജിസ്ട്രേഷനോ കൈമാറ്റമോ നടന്നിട്ടില്ല. സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാകുമെന്നൊക്കെ MOU വിൽ പറഞ്ഞിരുന്നെങ്കിലും രജിസ്ട്രേഷൻ വകുപ്പിലെ താപ്പാനകൾ അതൊന്നും അംഗീകരിക്കുന്നില്ലെന്നാണ് കമ്പിനിയുടെ പരാതി.
ഏഷ്യയിലെ ആദ്യത്തെ മോട്ടോർ റിസർച്ച് ഹബ് തുടങ്ങാൻ വന്ന കമ്പിനിയെയാണ് ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ് എന്ന കലാപരിപാടിയിലൂടെ കണ്ടം വഴി ഓടിക്കൂന്നത്.
ആന്തൂരിലെ സാജനോട് ചെയ്ത മാതിരിയുള്ള സഹായങ്ങൾ ഒരു അന്താരാഷ്ട്ര കമ്പിനിക്ക് ചെയ്തു കൊടുക്കാമെന്നാണ് സർക്കാരും ഉദ്യോഗസ്ഥരും പറയുന്നത്. അതായത് കാശു മുടക്കുന്നവനെ ക്കൊണ്ട് കയറെടുപ്പിക്കുക.

ഈ വ്യവസായ വകുപ്പ് മന്ത്രിയും അതിലെ ഉദ്യോഗസ്ഥരും എന്ത് സൗകര്യങ്ങളാണ് നിക്ഷേപകർക്ക് ചെയ്തു കൊടുക്കുന്നത്? ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നതിന് പകരം
പണം മുടക്കാൻ വരുന്നവന്റെ ശവദാഹം സർക്കാർ ചെലവിൽ ഫ്രീയായി നടത്തിക്കൊടുക്കുമെന്നങ്ങ് പരസ്യം ചെയ്താൽ പോരെ?
സർക്കാർ വിലാസം അടിവില്ലിൽ പെട്ടു പോയ ഒരു പറ്റം നിക്ഷേപകരുടെ ജീവിതം കട്ടപ്പുകയാക്കിയിട്ട് വീണ്ടും നിക്ഷേപകരെ തേടി വിദേശ രാജ്യങ്ങളി ലേക്ക് ഉല്ലാസ യാത്ര പോകുന്ന സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും വിശാല ഹൃദയങ്ങൾ കാണാതെ പോകരുത്. ഇതിനിടയിലാണ് തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് സർക്കാർ ഏറ്റെടുത്ത് നടത്താമെന്ന് തള്ളുന്നത്.