ഐജിയെ വിറപ്പിച്ച എമ്മെനും കാനത്തെ “വിരട്ടിയ ഐജി “യും

റോയ് മാത്യു
സിപി.ഐ. പ്രവർത്തകർ പ്രതിഷേധിക്കാൻ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എം.എൽ.എക്ക് മർദനമേറ്റത് സമരത്തിനിടെയാണ്. പോലീസ് ആരെയും വീട്ടിൽക്കയറി മർദിച്ചിട്ടില്ലെന്നും കാനം ഇന്നലെ വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞു…..
നല്ല ബെസ്റ്റ് വലത് കമ്യൂണിസ്റ്റ് പാർടി സെക്രട്ടറി !

ഐ ജി ആഫീസിലേക്ക് ജാഥ നയിച്ച സി പി ഐ യുടെ മൂവാറ്റുപുഴ എം എൽ എ -എൽദോ ഏബഹാമിനും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും ക്രൂരമായ രീതിയിൽ പോലീസ് മർദ്ദനം ഏറ്റിട്ടും മിണ്ടാവൃതം അനുഷ്ഠിക്കുന്ന പാർടി സെക്രട്ടറി കാനം രാജേന്ദ്രൻ എമ്മെൻ ഗോവിന്ദൻ നായരെക്കുറിച്ച് കേട്ടിട്ടുണ്ടാവും. അദ്ദേഹവും പാർടി സെക്രട്ടറി ആയിരുന്നു. തന്റെ ഒരു സഹപ്രവർത്തകനെ പോലീസ് അകാരണമായി മർദ്ദിച്ചതെന്നറിഞ്ഞ് അന്നത്തെ ഐജിയുടെ മുന്നിൽ പോയി പൊട്ടിത്തെറിക്കുകയും സഹപ്രവർത്തകനെ മർദ്ദിക്കരുതെന്ന് ഉറപ്പു വാങ്ങുകയും ചെയ്ത എമ്മെന്റെ പാർട്ടിയുടെ ഇപ്പോഴത്ത സെക്രട്ടറി പോലീസിന്റെ മുന്നിൽ വാലും ചുരുട്ടി നിൽക്കയാണ്. യാതൊരു ലജ്ജയുമില്ലാത കാനമെന്ന സെക്രട്ടറി പോലീസിനെ ന്യായീകരിക്കുമ്പോൾ ഐ ജി യെ വിറപ്പിച്ച പാർടി സെക്രട്ടറി എമ്മെനെ ഓർത്ത് എൽദോയ്ക്കു രോമാഞ്ചം കൊള്ളാം. –

സഹപ്രവർത്തകരെക്കുറിച്ച് കരുതലുണ്ടായിരുന്ന എമ്മനെക്കുറിച്ച് തോപ്പിൽ ഭാസി എഴുതിയത് എൽദോയും കാനം രാജേന്ദ്രനും ഒന്ന് വായിക്കണം –

” എമ്മെന്റെ ബലവും ദൗർബല്യവും എല്ലാം ശരിക്കും എനിക്കറിയാം. നല്ല മാനസിക ബലവും അങ്ങേയറ്റ ത്തെ ദൗർബല്യവും ഒരു പോലെ സമ്മേളിച്ച ഒരസാധാരണ മാനസിക പ്രകൃതമായിരുന്നു എമ്മന്റേത്. മാനസിക ബലം തന്റെ സ്വന്തം കാര്യത്തിലാണ് കാണിക്കാറ് – ദൗർബല്യം അന്യരുടെ പ്രയാസങ്ങൾ അറിയുമ്പോൾ .മറ്റുള്ളവരുടെ ദു:ഖം അറിയുമ്പോൾ കണ്ണു നിറയുകയും ഗദ്ഗദകണ്ഠ നാവുകയും ചെയ്യുന്ന സഖാവിന്റെ രൂപം ഞാനോർക്കുന്നു.

എം എൻ ഗോവിന്ദൻ നായർ ഒളിവിൽ നിന്ന് പുറത്ത് വന്ന് ഏതാനും മാസം കഴിഞ്ഞപ്പോൾ ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. സന്ധ്യ കഴിഞ്ഞ് സമയത്താണ് എന്റെ അറസ്റ്റ്. സഖാക്കൾ രാത്രി ഒൻപത് മണിക്കു തന്നെ തിരുവനന്തപുരത്തായിരുന്ന എമ്മെനെ വിവരം അറിയിച്ചു. അറസ്റ്റിനിടയിൽ എനിക്ക് മർദ്ദനമേറ്റ വിവരം അറിഞ്ഞ സഖാവ് നേരെ ഐ ജി ചന്ദ്രശേഖരൻ നായരുടെ വീട്ടിലേക്ക് കയറിച്ചെന്നു. ഐ ജി അപ്പോഴേക്കും എന്റെ അറസ്റ്റിന്റെ വിവരം അറിഞ്ഞിരുന്നു. എമ്മെൻ വളരെയധികം വികാരഭരിതനായിട്ടാണ് കയറിച്ചെന്നതെന്നും ഐജിയുടെ നേരെ തട്ടിക്കയറിയതെന്നും പിന്നീടൊരിക്കൽ ഐ ജി എന്നോട് പറഞ്ഞു. എന്നെ ലോക്കപ്പിലിട്ട് മർദ്ദിക്കുകയില്ലെന്ന് ചന്ദ്രശേഖരൻ നായർ ഉറപ്പുകൊടുത്തിട്ടും എമ്മെൻ തൃപ്തനായില്ല. ഉടൻ തന്നോടൊപ്പം എന്നെ ഇട്ടിരിക്കുന്ന ചെങ്ങന്നൂർ ലോക്കപ്പ് വരെ പോകണമെന്ന് അദ്ദേഹം ശഠിച്ചു. അടുത്ത ദിവസം രാവിലെ ചെങ്ങന്നൂർ എത്തിക്കൊള്ളാമെന്ന് ഐ ജി സമ്മതിക്കുകയും ഉടൻ എമ്മെന്റെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ ലോക്കപ്പിലേക്ക് ഫോൺ ചെയ്യുകയും ചെയ്തു.
രാത്രി പത്ത് മണി സമയത്ത് ഞാൻ ചെങ്ങന്നൂർ ലോക്കപ്പിൽ അഴികളിൽ പിടിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഇൻസ്പെക്ടറുടെ മുറിയിൽ എന്നെ അറസ്റ്റ് ചെയ്ത മാവേലിക്കര ഇൻസ്പെക്ടറരും ചെങ്ങന്നൂർ ഇൻസ്പെക്ടറും സിൽബന്തികളും കൂടി എന്നെ കൈകാര്യം ചെയ്യേണ്ട വിധം ആലോചിക്കുകയാണ്. അപ്പോഴാണ് ഐ ജി യുടെ ഫോൺ കോൾ വന്നത്.. എനിക്കൊരു പദ്രവം ഉണ്ടാകാൻ പാടില്ലെന്ന് ഐജി നിർദ്ദേശിച്ചു. ആ വിവരം ഒരു പോലീസുകാരൻ വന്ന് എന്നോട് പറഞ്ഞപ്പോൾ എനിക്കാശ്വസമായി. അടുത്ത പ്രഭാതം പൊട്ടി വിടർന്നപ്പോൾ ഉണർന്ന് അഴികളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഞാൻ കണി കണ്ടത് എമ്മെ നെയാണ്. ദീർഘമായ ഒരു കാലഘട്ടം ലോക്കപ്പുകളിലും ജയിലുകളിലും കഴിയുകയും ക്ഷയ രോഗിയായിരിക്കെ ജയിൽ ചാടുകയും ചെയ്ത ആ ധീരൻ നിറകണ്ണുകളോടെ നിശ്ചലനായി നിൽക്കുന്നു! പത്ത് മണിക്ക് ഐജി എത്തി. എനിക്ക് മർദ്ദനമേൽക്കുകയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് എം എൻ പോയത്. എല്ലാ പാർട്ടി സഖാക്കളോടുമുള്ള എം എൻ ഗോവിന്ദൻ നായരുടെ വികാര പരമായ ബന്ധം ഇതായിരുന്നു വെന്ന് അദ്ദേഹത്തെ അറിയാവുന്നവർക്കറിയാം.”

( രാഷ്ടീയത്തിന്റെ പരിശുദ്ധിക്ക് എമ്മെൻ ചിരഞ്ജീവി ആയിരിക്കണം. – *ഞങ്ങൾ അറിയുന്ന എമ്മെൻ *
പ്രഭാത് ബുക്ക്സ് )