കശ്മീരില്‍ സൈനികര്‍ ‘പണി’ തുടങ്ങി

ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്നാണ് ജമ്മു കാശ്മീരില്‍ 10, 000 അര്‍ദ്ധസൈനികരെ വിന്യസിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ എടുത്തുകളയുന്നതിന് മുന്നോടിയായാണ് സൈനിക വിന്യാസമെന്ന് വിമര്‍ശനം ഉയര്‍ന്നതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

അര്‍ധസൈനികരുടെ 100 ട്രൂപ്പുകളായി 10,000 സൈനികരെയാണ് ഒറ്റയടിക്ക് ജമ്മു കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. സൈനിക വിന്യാസത്തിന് പിന്നാലെ ബാരാമുള്ളയിലെ നാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡും നടന്നു. തീവ്രവാദികള്‍ക്ക് അതിര്‍ത്തിയ്ക്ക് അപ്പുറത്ത് നിന്ന് സഹായം നല്‍കിയെന്ന് സംശയിക്കുന്നവരുടെ വീടുകളിലായിരുന്നു പരിശോധന. അതിര്‍ത്തി കടന്ന് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് ഫണ്ട് നല്‍കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് എന്‍.ഐ.എ വിശദീകരണം

നടപടിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തു കളഞ്ഞാല്‍ സംസ്ഥാനത്ത് ഒരുക്കേണ്ട സുരക്ഷാ സന്നാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോര്‍ട്ട്.