യു.പി സര്‍ക്കാരിനെ വിരട്ടി മോദി

കോളിളക്കം സൃഷ്ടിച്ച ഉന്നാവോ സംഭവത്തില്‍ യു.പി സര്‍ക്കാരിനെ വിരട്ടി മോദി. ഇരയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതായ ആരോപണത്തില്‍ ശക്തമായ ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

ഇതേ തുടര്‍ന്നാണ് ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.

ഒരു കാരണവശാലും ഇത്തരം സംഭവങ്ങള്‍ വച്ച് പൊറുപ്പിക്കില്ലന്ന കടുത്ത നിലപാട് പ്രധാനമന്ത്രി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മോദിയും അമിത് ഷായും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ട്രക്ക് ഇടിപ്പിച്ച സംഭവത്തില്‍ ഐ.ബി റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മോദി കടുത്ത നിലപാടിലേക്ക് മാറിയത്.

പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും ക്രൂര പ്രവര്‍ത്തനങ്ങളിലേക്ക് പോയാല്‍ ഒരു സംരക്ഷണവും ഉണ്ടാകില്ലന്നതാണ് പ്രധാനമന്തിയുടെ നിലപാട്. ബി.ജെ.പി നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാന തലങ്ങളില്‍ നേതൃയോഗങ്ങള്‍ വിളിച്ച് ബി.ജെ.പി നേതാക്കള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം ആര്‍.എസ്.എസും മുന്നേട്ട് വെച്ചിട്ടുണ്ട്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ നാഗ്പൂരിലെ സംഘം ആസ്ഥാനവും ഗൗരവമായാണ് കാണുന്നത്.

അതേസമയം ഉന്നാവോ പെണ്‍കുട്ടിക്കെതിരായ ട്രക്ക് ആക്രമണം ദേശീയ തലത്തില്‍ തന്നെ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായക്ക് ഏറ്റ കളങ്കമായാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളും സംഭവത്തെ നോക്കി കാണുന്നത്. ഇത് ആയുധമാക്കി പ്രതിപക്ഷവും ബി.ജെ.പിക്ക് എതിരെ ശക്തമായ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

രാജ്യസഭയില്‍ സി.പി.എം അംഗം എളമരം കരീമും എസ്.പി അംഗം രാംഗോപാല്‍ യാഥവും വിഷയം ഉന്നയിച്ചിരുന്നു. സഭയുടെ പൊതുവികാരവും പെണ്‍കുട്ടിക്ക് അനുകൂലമായിരുന്നു. സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തന്നെ കര്‍ശന നടപടി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി. ഇതും ഗൗരവമായാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. സി.ബി.ഐ അന്വേഷണമാണ് അഭികാമ്യമെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയതും ഇതോടെയാണ്.

സ്വന്തം നിലക്ക് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും അധികാരമില്ല. സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാറുള്ളത്. അതല്ലെങ്കില്‍ പിന്നെ ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമാണ് സി.ബി.ഐ അന്യേഷണത്തിന് ഉത്തരവിടാന്‍ അധികാരമുള്ളത്. യു.പി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത സ്ഥിതിക്ക് മികച്ച സിബിഐ ടീമിനെ കൊണ്ട്തന്നെ കേസ് അന്വേഷിപ്പിക്കുമെന്നാണ് സൂചന.

ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിയെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്ന വാദത്തിന് ശക്തി പകരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പീഡനക്കേസില്‍ പ്രതിയായി ജയിലില്‍ കിടക്കുന്ന എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ഗൂഢാലോചന നടത്തിയതായാണ് പ്രാഥമിക നിഗമനം. പൊലീസിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കു വീട്ടില്‍ 7 പൊലീസുകാരെയും യാത്രയില്‍ അകമ്പടിക്കു 3 പൊലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ ഒരാളും കൂടെയില്ലായിരുന്നു. കാറില്‍ സ്ഥലമില്ലാത്തതിനാല്‍ പൊലീസുകാര്‍ ഒപ്പം പോയില്ലെന്നാണു വിശദീകരണം. ഉന്നത ഐ.പി.എസുകാര്‍ക്ക് പോലും ദഹിക്കാത്ത വിശദീകരണമാണിത്.

അംഗരക്ഷകരായ പൊലീസുകാര്‍ തന്നെയാണ് യാത്രാവിവരം, ജയിലില്‍ കഴിയുന്ന എം.എല്‍.എക്ക് ചോര്‍ത്തിനല്‍കിയതെന്ന് എഫ്‌ഐആറില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് പൊലീസിന് ചില തെളിവുകള്‍ ലഭിച്ചു എന്നതിന്റെ സൂചനയാണിത്.

അപകടക്കേസില്‍ എം.എല്‍.എ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ചു മറച്ചിരുന്നെങ്കിലും നമ്പര്‍ യു.പി 71 എടി 8,300 ആണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച റായ്ബറേലിയിലുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരിലൊരാള്‍ പീഡനക്കേസിലെ സാക്ഷിയാണ്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും വെന്റിലേറ്ററിലാണ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഗുരുതര പരുക്കുണ്ട്.

പീഡനക്കേസില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ എംഎല്‍എ ജയിലിലിരുന്നും ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും തങ്ങള്‍ നിരന്തരം ഭീഷണി നേരിടുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചിട്ടുണ്ട്. വ്യാജരേഖ ആരോപണത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അമ്മാവനെ കണ്ടുമടങ്ങുമ്പോഴാണു പെണ്‍കുട്ടിയും കുടുംബവും അപകടത്തില്‍പ്പെട്ടിരുന്നത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണം വരുന്നതോടെ ഗൂഢാലോചന മുഴുവന്‍ പുറത്താകുമെന്ന പ്രതീക്ഷയിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.