കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തില്‍ മാറ്റം അനിവാര്യമെന്ന് സാം പിത്രോഡ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിന് സംഘടനാ സംവിധാനത്തില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് സാം പിത്രോഡയുടെ റിപ്പോര്‍ട്ട്. ബജറ്റ്‌ സമ്മേളനം കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് പിത്രോഡ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ ഇരുപതോളം നിര്‍ദ്ദേശങ്ങളില്‍ ഒന്ന് കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ പൂര്‍ണ്ണമായും കോര്‍പറേറ്റ് മാതൃകയിലേക്ക് മാറ്റണമെന്നാണ്. ഇതിനായി ഒരു ചീഫ് ടെക്നിക്കല്‍ ഓഫീസര്‍, ഹ്യൂമന്‍ റിസോഴ്സ് ഡിപാര്‍ട്ട്മെന്റ് എന്നിവ വേണമെന്നും പാര്‍ട്ടി പദവി വഹിക്കുന്നവര്‍ക്ക് കൃത്യമായ ജോലി നിശ്ചയിച്ച് കൊടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ടെക്നിക്കല്‍ ഓഫീസറെ എ.ഐ.സി.സിയില്‍ മാത്രമല്ല സംസ്ഥാന ഘടകങ്ങളിലെല്ലാം നിയമിക്കണം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും പാര്‍ട്ടിയുടെ ഡാറ്റാ അനലറ്റിക്സ് വിഭാഗവും സി.ടി.ഒ മാനേജ് ചെയ്യണമെന്നും പിത്രോഡ പറയുന്നു.

രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവി രാജിവെക്കുമ്പോള്‍ സൂചിപ്പിച്ച നേതാക്കളുടെ ചുമതലാബോധം ഉറപ്പ് വരുത്തുന്നതിന് വേണ്ടി പാര്‍ട്ടി പദവികളുള്ളവര്‍ക്ക് ഹ്യൂമന്‍ റിസോഴ്സ് വകുപ്പ് ജോലി നിശ്ചയിക്കുന്നതിനൊപ്പം റേറ്റിങ് സംവിധാനം കൊണ്ടു വരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. കോണ്‍ഗ്രസിന്റെ തകര്‍ന്ന സംഘടനാ സംവിധാനം തിരിച്ചുകൊണ്ടുവരാനായി നല്‍കിയ റിപ്പോര്‍ട്ടിനെ മിഷന്‍ 2020 എന്നാണ് പിത്രോഡ വിശേഷിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ