വല്യമ്മായി കഥകൾ

എലിസബത്ത് ജോസ്

എന്നെ വിസ്മയിപ്പിച്ച കഥാകാരി ആരെന്ന് ചോദിച്ചാൽ അതെന്റെ വല്ല്യമ്മായി ആണെന്നേ ഞാൻ പറയു. ഞങ്ങളുടെ തറവാട്ടിലെ ഏറ്റവും മൂത്ത ആളായിരുന്നു വല്ല്യമ്മായി.

ഓരോ തവണ തറവാട്ടിൽ നിൽക്കാൻ വല്ല്യമ്മായി വരുമ്പോഴും ഓരോ കഥയും ഉണ്ടാവും പ്രേതത്തിനെ കണ്ട കഥ, അന്തോണീസ് പുണ്യാളനെ കണ്ടതും സംസാരിച്ചതും, അമ്മായിയുടെ പണ്ടത്തെ സൗന്ദര്യത്തിന്റെ കഥ അങ്ങനെ കഥകൾ പലതുണ്ട്. പ്രേതം തന്നെ പല വെറൈറ്റി.

വല്യമ്മായിയുടെ പേര് കൊച്ചുറോമ എന്നായിരുന്നു എന്ന് ഞങ്ങൾ കുട്ടികൾക്കു അവരുടെ മരണം വരെ അറിയില്ലായിരുന്നു. കൊച്ചു റോമ എന്നാൽ കൊച്ചു റോസാ എന്നാണ് അർത്ഥം. അവരെ എല്ലാവരും ബഹുമാനത്തോടെ വെല്യേച്ചി എന്നുമാത്രം വിളിച്ചു പോന്നു. ഞങ്ങൾ കുട്ടികൾക്കാണെൽ ഞങ്ങളുടെ പ്രിയപ്പെട്ട വല്യമ്മായിയും.

അവർ വീട്ടിൽ വന്നാൽ മൂന്നുപെണ്ണുങ്ങൾ എടുക്കുന്ന ജോലി ഒറ്റക്കെടുക്കും. അത്രക്കും കഠിനാദ്ധ്വാനി!!! പാചകമാണെങ്കിലോ അതികേമം. പലഹാരം ആണെങ്കിലും കറികൾ ആണെങ്കിലും അമ്മായിയുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണ്. എല്ലാ പണികളും കഴിഞ്ഞു രാത്രി കുടുംബപ്രാർത്ഥനയും അത്താഴവും കഴിഞ്ഞു അമ്മായി ഫ്രീ ആവുമ്പോൾ ഞങ്ങളെല്ലാം അമ്മായിയുടെ ചുറ്റും കൂടും. അമ്മമാരും ഉണ്ടാവും കൂട്ടത്തിൽ. അപ്പോ അമ്മായി കഥകളുടെ കെട്ടഴിക്കും.കഥകൾ കേൾക്കുമ്പോൾ നല്ല ശ്രദ്ധയോടെ എല്ലാവരും ഇരിക്കുമെങ്കിലും കഥകൾ കേട്ടു കഴിഞ്ഞാൽ പിന്നെ ഭയമാണ്. അടുക്കളയിൽ പോവാൻ വരെ കൂട്ട് വേണം. രാത്രി മൂത്രമൊഴിക്കാൻ കുറച്ചു ദിവസത്തേക്ക് പെണ്ണുങ്ങൾ എല്ലാവരും ഒന്നിച്ചു പുറത്തിറങ്ങുള്ളൂ. വെള്ളം കുടിക്കാൻ പോവാൻ വരെ പേടി. തറവാടിന്റെ തട്ടിൻപുറത്ത് എലി ഓടിയാൽ വരെ നമ്മൾ കിടുങ്ങും. കിടന്നുറങ്ങുമ്പോൾ ഞങ്ങൾ പേടി മാറാൻ വിശ്വാസപ്രമാണം ചൊല്ലി കിടക്കും. വിശ്വാസപ്രമാണം ചൊല്ലിയാൽ പിന്നെ ഈ വക ടീമുകൾക്കൊന്നും ആ പരിസരത്ത് നിൽക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് ചെറുതല്ലാത്ത ഒരു ആത്മവിശ്വാസം അന്നും ചിലപ്പോഴൊക്കെ ഒറ്റക്കാവുന്ന രാത്രികളിൽ ഇന്നും നൽകാറുണ്ട്. ഈ impact കുറച്ചു നാളേക്ക് നിലനിൽക്കും.

എല്ലാ കഥകളിലും അമ്മായി ഉണ്ടാവും മെയിൽ റോളിൽ. അന്തോണീസ് പുണ്ണ്യവാളന്റെ കഥയിൽ അമ്മായിയോടാണ് അന്തോണീസ് പുണ്ണ്യാളൻ സംസാരിക്കുന്നത്. പ്രേതത്തെ കണ്ട കഥയിലും കണ്ട ആള് അമ്മായി ആവും. പ്രാർത്ഥന ചൊല്ലി പ്രേതത്തെ ഓടിപ്പിക്കുന്ന, അന്തോണീസ് പുണ്ണ്യാളനോട് സംസാരിക്കുന്ന, പലഹാരങ്ങൾ കൊണ്ട് ഇന്ദ്രജാലം കാണിച്ചിരുന്ന വല്യമ്മായി ഞങ്ങൾ കുട്ടികളുടെ മനസ്സിൽ മാത്രമല്ല ഞങ്ങളുടെ അമ്മമാരുടെ മനസിലും വലിയ ഹീറോയിൻ ആയിരുന്നു.

അമ്മായി അന്തിക്കാട് നിന്നും വരുമ്പോൾ അമ്മമാർ ആദരവോടെ എതിരേറ്റു. സാധാരണ കുളിക്കാൻ മടിച്ചിയായിരുന്ന ഞാൻ വല്യമ്മായി പറഞ്ഞാൽ കുളിക്കാൻ വരെ തയ്യാറായി അവരെ ആദരിച്ചു. വൈകുന്നേരം കളി കഴിഞ്ഞു തീർത്തും കൂറയായി കരിംഭൂതം കണക്കെ വരുന്ന എന്നെ പൂച്ചക്കുഞ്ഞിനെ എന്ന പോലെ അനുനയിപ്പിച്ചു(അമ്മ ഭദ്രകാളിക്ക് തുള്ളിയാൽ മാത്രം തീരെ താല്പര്യമില്ലാതെ കുളിക്കാൻ വരുന്ന ഞാനാണ് എന്നോർക്കണം ) തലയിലും മേലും എണ്ണ തേപ്പിച്ചു, അമ്മായിയോട് സ്നേഹം ഉണ്ടാവട്ടെ എന്നു പറഞ്ഞ് മുഖത്തും എണ്ണ പുരട്ടി പൊട്ടിചിരിച്ചു (സാധാരണ പൂച്ചകുഞ്ഞുങ്ങൾ വീട്ടിൽ കേറിവന്നാൽ അവ വിട്ടു പോവാതിരിക്കാൻ കുറച്ചു വെളിച്ചെണ്ണ അവയുടെ മുഖത്ത് പുരട്ടും പിന്നെ അവ പോവില്ലത്രേ )തെങ്ങുംതടത്തിൽ കൊണ്ടു പോയി തേച്ചുകഴുകി വെളുപ്പിച്ചു എടുക്കും. സന്ധ്യക്ക്‌ കർത്താവിന്റെ മാലാഖ ചൊല്ലിക്കും. വേനലവധിക്ക് അമ്മായിടെ അന്തിക്കാട് വീട്ടിൽ കൊണ്ടുപോയി നിർത്തും.

അമ്മായി സുന്ദരിയായിരുന്നു. അത് അമ്മായിക്ക് തന്നെ ഉറച്ച വിശ്വാസവും ഉണ്ടായിരുന്നു. അമ്മായി പറഞ്ഞു തന്ന ഒരു സംഭവകഥ കൂടി പറയാം. ഒരു ദിവസം അമ്മായി കുളത്തിൽ കുളികഴിഞ്ഞു ഈറനോടെ മാർകച്ച കെട്ടി വീട്ടിലേക്ക് കേറിവരുമ്പോൾ ഒരു ബന്ധു അമ്മായിയുടെ സൗന്ദര്യം കണ്ട് അത്ഭുതപരതന്ത്രനായി ചോദിച്ചു “ഇതാര് ദേവകന്യകയോ “ഇപ്പോ ചിലരൊക്കെ ആക്കി ചോദിക്കുന്നപോലെയല്ല ഹേ…. ഇത് അയാളറിയാതെ ഉള്ളിൽ നിന്നും വന്നത് !!എന്നിട്ട് അമ്മായി പറയും അന്ന് എനിക്ക് മുട്ടൊപ്പം മുടിയുണ്ടായിരുന്നു. പൂവമ്പഴത്തിന്റെ നിറം. നിറഞ്ഞ മാറിനിടയിലൂടെ ഒരു താമരയിതൾ പോലും കടക്കാനുള്ള ഗ്യാപ് ഇല്ല. അത്രയും സുന്ദരിയായിരുന്ന അമ്മായി ഇയാളുടെ കണ്ണ് കിട്ടി വയ്യാതെ കുറേ നാൾ കിടപ്പിലായി പോയി. പിന്നീട് തറവാട്ടിൽ കൊണ്ടുവന്നു ചികിൽസിച്ചു അമ്മായിയെ മിടുക്കിയാക്കി തിരിച്ചയച്ചു.

അമ്മായി അവരുടെ കുടുംബത്തിനായി കുറെ കഷ്ടപ്പെട്ടു. അമ്മായിയുടെ മക്കളെല്ലാം നല്ലനിലയിൽ ആയി. പരിചയപെട്ടവർക്കൊക്കെ ഒരുപാട് പ്രിയങ്കരിയായി. ഇപ്പോ അമ്മായി മരിച്ചിട്ട് 23വർഷം കഴിഞ്ഞു. ഒരാള് മരിച്ചിട്ട് ഇത്രയും വർഷം കഴിഞ്ഞിട്ടും നമ്മുടെ ഹൃദയത്തിൽ സ്നേഹത്തോടെ ഓർക്കാൻ കഴിയുന്നതാണ് ഏറ്റവും മഹത്തരം. അമ്മായിയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും ഇന്നും സ്നേഹത്തോടെ മാത്രമേ ഓർക്കാൻ കഴിയു.. അങ്ങനെയുള്ള അമ്മായിയെ എങ്ങനെ സ്നേഹിക്കാതിരിക്കും. നിഷ്കളങ്കയായ, കഠിനാധ്വാനിയായിരുന്ന, മക്കളെ അളവറ്റു സ്നേഹിച്ച, അതിരറ്റ വിശ്വാസിയായിരുന്ന എന്റെ വല്യമ്മായിയുടെ ഓർമ്മക്കായി ഇതിവിടെ സമർപ്പിക്കുന്നു.