അന്യർ 

ഒരു ആവേശത്തിന്
ഒപ്പം കൂടിയതൊന്നുമല്ല, 
കല്ലെറിഞ്ഞിട്ടും, ആട്ടിയോടിച്ചിട്ടും,
എന്നോ വിടാതെ
പിന്നാലെ കൂടിയതാണ്.
കണ്ണിലെ വെറുപ്പ്
കണ്ടില്ലെന്ന് നടിച്ചിട്ടാണ്,
ഒരിത്തിരി അകലമിങ്ങനെ
എപ്പോഴും ബാക്കി നിർത്തി
എന്നുമിങ്ങനെ പിന്നാലെ….
പണ്ടെന്നോ ഉള്ളിൽ
ഊട്ടി ഉറപ്പിച്ചു പോയതാണ്,
ഉണ്ട ചോറിന്റെ
നന്ദിയെന്നുമുള്ളിലുണ്ടാവണമെന്ന്.
ശീലം, അത് മാത്രമായത്
കൊണ്ടാണ്,
വീട്ടിലേക്കുള്ള വഴി മറന്ന്,
ഉൾമുറിവുകളിൽ
നീറി നീറി,
ലക്ഷ്യമില്ലാതെ
നിങ്ങളിങ്ങനെ അലയുമ്പോൾ,
വാക്കുകളില്ലാതെ
നിഴലുപോലെയിപ്പോഴും കൂടെ…
ചിരിച്ചു കൊണ്ട് ഈ
കനൽപ്പാതയിൽ എരിഞ്ഞടങ്ങുന്നവനേ,
ഇപ്പോഴല്ലാതെ, പിന്നെ
എപ്പോഴാണ്
ഞാൻ നിനക്ക്
കാവലാകേണ്ടത്???

സുജ ബിനുദാസ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ