യക്ഷിയും കക്ഷിയും

മഹിഷാസുരൻ

വേണാട്ടുകാർ യക്ഷിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടിയവരാണ്; 56 എണ്ണം, നാട്ടുരാജ്യങ്ങൾ മൂന്നെണ്ണം വീതം; പഞ്ചവങ്കാട് നീലിമുതൽ മാർത്താണ്ഡവർമ്മയുടെ മുറപ്പെണ്ണ് കള്ളിയങ്കാട്ട് നീലിവരെ! പിന്നെ പൊതുമുതലായ വടയക്ഷി, ധൂമാവതി, ഒറ്റമുലച്ചി, ചേട്ട, ഉണ്ടുച്ചക്കി അങ്ങനെ കുറേയെണ്ണം വേറേയും, അവരെയങ്ങ് മാറ്റിനിർത്തിയാലും, ഈ 56 ൻ്റെ കൂടെ മരുന്നിനുപോലും ഒരു നീലൻ ഇല്ലാത്തതെന്തേ? ഈ കക്ഷികൾക്ക് പ്രതികാരമൊന്നും ചെയ്യേണ്ടേ?

എനിക്ക് തോന്നുന്നത്, സ്ത്രീകൾ ഒരുകാര്യവും മറക്കില്ല, എത്ര ചെറുതായാലും അവരുടെ മനസ്സാകുന്ന ഡയറിയിൽ കുറിച്ചിടും, അവസരം വരുമ്പോൾ ആ പുരാവൃത്തം പരാമർശ്ശിക്കുകയും ചെയ്യും! പുരുഷന്മാർ പൊതുവേ ഒരു കാര്യം കഴിയുന്നതോടെതന്നെ അതു മറക്കും; അല്ലെങ്കിൽ അടുത്ത ഒരുവിഷ്യം കിട്ടുമ്പോഴെങ്കിലും, അപൂർവ്വമായേ ദീർഘകാലത്തേയ്ക്ക് ഒരു പക മനസ്സിൽ സൂക്ഷിക്കാറുള്ളൂ. കുറേ ചീത്ത വിളിച്ചോ, അടികൊടുത്തോ, കൊന്നുകളഞ്ഞോ ഒക്കെ ആ ദേഷ്യം രൊക്കം തീർക്കുകയാണവരുടെ പതിവ്, അല്ലാതെ അതും അടക്കിപ്പിടിച്ച് കിടന്നുറങ്ങാനവർക്കാവില്ല.

യക്ഷിയുടെ കാര്യത്തിലും ഇതുതന്നെയെടുക്കാം; മരിച്ചുകഴിഞ്ഞാൽ പുരുഷൻ അടുത്ത പരിപാടിയെപ്പറ്റി ചിന്തിക്കുമായിരിക്കണം, കഴിഞ്ഞ കാര്യങ്ങൾ ചിന്തിച്ചു അതിൻ്റെ പിന്നാലേ നടക്കനൊന്നും പോവില്ല. യക്ഷികളെപ്പോലെ ഭംഗിയായി തുണിയുടുക്കാനും, മുടിയഴിച്ചിടാനും, കണ്ണെഴുതാനും, ലിപ്സ്റ്റിക്കിടാനും, പാദസരം കെട്ടാനും, ജീവിതത്തിൽ ഒരു മൂളിപ്പാട്ടുപോലും പാടിയിട്ടില്ലെങ്കിലും പി.മാധുരിയെപ്പോലെ പാട്ടുപാടാനുമൊന്നും പുരുഷ ആത്മാക്കൾക്ക് താൽപ്പര്യമില്ല. പിന്നെങ്ങനാണ് ഇവറ്റകളെ നമ്മൾ കാണുക?

സ്ത്രീകൾ നേരേ വിപരീതമാണ്, ഒന്നാം ക്ളാസ്സിൽ സ്ളേറ്റുതുടയ്ക്കാൻ വെറ്റമഷിത്തണ്ട് തരാത്ത കക്ഷികളെ തൊട്ട് തുടങ്ങുന്നു കണക്കുപുസ്തകത്തിലെ ലിഖിതങ്ങൾ! ഇതിനെല്ലാം ഒരു പരിഹാരമുണ്ടാക്കിയിട്ടുമതി അടുത്ത ഉദ്യമം എന്ന തീരുമാനമാവണം യക്ഷികളെ ധാരാളമായി കാണാനിടയാക്കിയത്! അതോ പരസ്യങ്ങളുടെ മാതൃക പിന്തുടർന്ന യക്ഷലോകത്തെ തമ്പുരാക്കന്മാർ മോഡലായി സ്ത്രീകൾ മതിയെന്ന് തീരുമാനമെടുത്തതോ?

എന്തായാലും കാനായികുഞ്ഞിരാമൻ യക്ഷിക്ക് വസ്ത്രം നൽകാതെ ഒരു വിപ്ളവമാണു സൃഷ്ടിച്ചത്; അവിടെയുമൊരു പ്രശ്നമുണ്ട്, നന്നായി വസ്ത്രധാരണം ചെയ്തുവരുന്ന യക്ഷിയെ അകറ്റാൻ പുരുഷൻ വിവസ്ത്രനായി നിന്നാൽ മതിയെന്നൊരു സങ്കൽപ്പമുണ്ടായിരുന്നു, ഇതിപ്പോൾ തുണിയില്ലാത്ത യക്ഷിയുടെ മുന്നിൽ തുണിയഴിച്ചിട്ടുനിന്നാൽ പഴയ മാന്ത്രികനോവലുകളിൽ പറയുന്നതുപോലെ … സുരതം!!!

“അഹോ നാരീ കോപവതീ
ന പൊങ്കാല അർപ്പണം കരോതി”

വേണാട്ടിലെ നീലിമാർക്കൊരു രഹസ്യമുണ്ട്, അവർ ഗതികെട്ട നായർസ്ത്രീകളായിരുന്നു! അന്തിക്ക് ശാപ്പാടടിച്ച് വെടിവട്ടവുമായിരുന്ന നമ്പൂരി സംബന്ധം എന്ന അസംബന്ധത്തിനിറങ്ങിപ്പുറപ്പെടുമ്പോൾ, സ്വന്തം വീട്ടിൽ മനസ്സമാധാനമായി കിടന്നുറങ്ങാൻ കഴിയാതെവന്ന നായർ യുവാക്കൾ, നല്ലസുന്ദരിപ്പെണ്ണുങ്ങളെ ഒരുക്കി വല്ല പാലയുടേയോ പനയുടേയോ ചുവട്ടിൽ നിർത്തി വരുന്നവഴിതന്നെ നമ്പൂരിശ്ശനെ ആകർഷിച്ച്, കൊണ്ടുപോയി നഖവും മുടിയുമൊക്കെ പറിച്ചെടുത്ത് ഭീകരമായിക്കൊന്നു, രക്തമൂറ്റി, അവശിഷ്ടങ്ങൾ വല്ല പനയ്ക്ക് മുകളിലും ചുവട്ടിലുമിടും. അത് യക്ഷി പിടിച്ചതാണെന്ന് കഥകൾ പടരും, അവളെ പേടിച്ച് നമ്പൂരിമാർ രാത്രിയിൽ ഉള്ള സഞ്ചാരം അവസാനിപ്പിക്കും; അതോടെ നായർ യുവാക്കൾക്ക് അവരുടെ മനഃസമാധാനവും, ഇണയും, ഉറക്കവും തിരികെ ലഭിക്കും. ആ പരീക്ഷണം വിജയം കണ്ടപ്പോൾ നാട്ടിലാകെ 56 യക്ഷികൾ ഉണ്ടായി!