കുമാരസംഭവങ്ങള്‍;സ്വാഭാവികതയുടെ അരങ്ങേറ്റം

രഘുനാഥന്‍ പറളി

പതിനേഴിനും ഇരുപതിനും വയസുകൾക്ക് ഇടയ്ക്ക് പ്രായമുളള ആൺകുട്ടികൾക്കും പതിനാറിനും ഇരുപതിനും ഇടയ്ക്ക് പ്രായമുളള പെൺകുട്ടികൾക്കുമായി കാസ്റ്റിംഗ് കാള്‍ നടത്തി തയ്യാറാക്കിയിട്ടുളള ഒരു ചിത്രം കൂടിയാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്’‍ എന്ന പുതിയ സിനിമ. ഈ സിനിമ സ്വാഭാവികതയുടെ ഔന്നത്യത്തിലേക്ക് സഞ്ചരിക്കുന്നതിന്റെ ഒരു പ്രമുഖ കാരണം കൂടി അതിലുണ്ട്. ഗിരീഷ് എ ‍ഡി എന്ന നവാഗത സംവിധായകന്‍ തന്റെ ആദ്യവരവില്‍ തന്നെ മലയാള സിനിമയില്‍ നടത്തുന്ന സര്‍ഗാത്മകമായ ഒരു തിരുത്തുകൂടിയാണ് അത് എന്നു പറയാം.

കാരണം അടുത്തകാലത്തിറങ്ങിയ ‘ഒരു അ‍ഡാര്‍ ലൗ’ മുതല്‍ ‘പതിനെട്ടാം പടി’ വരെയുളള സ്കൂള്‍ചിത്രങ്ങളിലൊന്നും കാണാത്തവിധമുളള ഒരു ‘ഫ്രെഷ്നെസ്’ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഒരു പശ്ചാത്തലം കൂടിയാണത്. അക്കാര്യത്തില്‍ സംവിധായകന്‍ പുലര്‍ത്തുന്ന ശ്രദ്ധയും നിഷ്കര്‍ഷയും, ഡിനോയ് പൗലോസിനോടു ചേര്‍ന്നെഴുതിയ തിരക്കഥയിലും സുവ്യക്തമാണ്. കൗമാരം എന്നത് എപ്രകാരം കുട്ടിത്തത്തിന്റെന്റെയും യൗവനത്തിന്റെയും തീക്ഷ്ണസംയോഗമായി നിലകൊള്ളുന്നു (Adolescence is the conjugator of childhood and adulthood – Louise J Kaplan) എന്നുകൂടി മനോഹരമായി ചിത്രീകരിക്കാന്‍‍ ഈ സിനിമയ്ക്കു കഴിയുന്നുണ്ടെന്നത് പ്രധാനമാണ്. മുമ്പ്, കുടുംബത്തിലെ പിടുത്തംവിട്ട സഹോദരന്‍മാര്‍ക്കിടയില്‍ ബോധത്തോടെ നിലകൊള്ളുന്ന ഇളയ സഹോദരന്‍ ഫ്രാങ്കിയായി ജീവിച്ച മാത്യു തോമസ് ആണ്, തണ്ണീര്‍മത്തനിലെ കൗമാര നായകന്‍ ജെയ്സണെ അവിസ്മരണീയമാക്കുന്നത്. ‘നായകന്‍’ എന്ന വാക്ക് വാസ്തവത്തില്‍ ആലങ്കാരികം മാത്രമാണ് ഈ സിനിമയെ സംബന്ധിച്ചിടത്തോളം. കാരണം ചില പരാധീനതകളുടെയും പരാജയങ്ങളുടെയും പ്രയാസങ്ങളുടെയും ആകത്തുക കൂടിയാണ് സിനിമയിലെ ജെയ്സണ്‍ എന്ന കഥാപാത്രം. സ്കൂള്‍ (വിദ്യാഭ്യാസം), രക്ഷാകര്‍തൃത്വം, പരീക്ഷാഫലം എന്നിവയെ സംബന്ധിച്ചുളള ചില സുപ്രധാന ചോദ്യങ്ങളും ചിന്തകളും സിനിമയില്‍ ഉള്‍ച്ചേരുന്നത്, പക്ഷേ സിനിമയുടെ ഉപരിതല ഹാസ്യത്തില്‍ നഷ്ടപ്പെട്ടുപോകേണ്ടവയല്ലെന്ന് പ്രത്യേകം പറയട്ടെ. വിനീത് ശ്രീനിവാസന്റെ വ്യാജരൂപിയായ രവി പത്മനാഭന്‍ എന്ന വ്യത്യസ്ത അധ്യാപക കഥാപാത്രം, വാസ്തവത്തില്‍ ആ ചോദ്യങ്ങളെയും ചിന്തകളെയും പലപാട് ഉയര്‍ത്തുന്നുണ്ടുതാനും. നൂറു ശതമാനം റിസള്‍ട്ടിനായുളള പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിശ്വസിച്ചേല്‍പ്പിക്കുന്നതുപോലും ഈ (മലയാളം)അധ്യാപകനെയാണല്ലോ..!

പൂര്‍ണ്ണനാകാനും മികച്ച വിദ്യാര്‍ഥിയാകാനുമുളള ജെയ്സന്റെ ത്വര ആദ്യത്തില്‍ തന്നെ നാം കാണുന്നുണ്ട്, മൂന്നു മാര്‍ക്കു വാങ്ങുന്ന ദൈന്യതയില്‍ ആ ശ്രമം ഒടുങ്ങുകയാണെങ്കിലും. ഏറെക്കുറെ അതുപോലെ തന്നെയാണ്, തന്റെ സഹപാഠിയായ കീര്‍ത്തിയോടുളള (അനശ്വര രാജന്‍ ഏറെ സൂക്ഷ്മമായും ഭദ്രമായും അവരിപ്പിക്കുന്ന കഥാപാത്രം) അവന്റെ പ്രണയപരിശ്രമങ്ങളും നീങ്ങുന്നതെന്നതെന്നത് പ്രധാനമാണ്. ഈ പ്രണയവും അധ്യാപകന്‍ രവി പത്മനാഭന്റെ ഹീറോയിസവും കുട്ടികള്‍ക്ക് പ്രത്യേകിച്ച് കീര്‍ത്തിക്ക് അയാളോടുളള ആരാധനയുമാണ് അവന്‍ തന്റെ തീരാദു:ഖങ്ങളായി സഹോദരങ്ങളോടു പങ്കിടുന്നത് എന്നത് ഓര്‍ക്കാം-ജൂനിയേഴ്സുമായുളള സംഘര്‍ഷം അത്രമേല്‍ ബാധിക്കുന്നില്ല എന്നതും. രവി എന്ന അധ്യാപകന്‍ ഉള്ളില്‍ ജയ്സണെ ഭയപ്പെടുന്നതിന്റെ അനുരണനങ്ങള്‍ പലരൂപത്തില്‍ ആവിഷ്കരിക്കപ്പെടുന്നത് കൗതുകകരമാണ്. അവന്‍ തന്റെ വ്യാജപ്രതിരൂപത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇടിച്ചിറങ്ങാം എന്ന ആന്തല്‍ കൂടിയാണ് അതിലുളളത്. ഹ്യുമാനിറ്റീസില്‍ നിന്ന് എത്തുന്ന സുഹൃത്തിന്റെ തീറ്റ ആംഗ്യങ്ങളും ഭാഷണവും ഭക്ഷണവും-അവരൊത്തുളള തണ്ണിമത്തന്‍ കൂട്ടായ്മയും-ഈ ചിത്രത്തിന്റെ ചടുലതയ്ക്ക് എത്ര നൈസര്‍ഗികമായാണ് ആക്കം കൂട്ടുന്നത്..!

ഇര്‍ഷാദ്, സജിന്‍, നിഷാ സാരംഗ്, തിരക്കഥാകൃത്തുകൂടിയായ ഡിനോയ് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ സിനിമയോട് ഗാഢം ചേര്‍ത്തുനിര്‍ത്തുന്നു. ജസ്റ്റിന്‍ വര്‍ഗീസ്-സുഹൈല്‍ കോയ ടീം ഒരുക്കിയ ഗാനങ്ങള്‍ മുന്‍പുതന്നെ വൈറലായി മാറിയിരുന്നു. ജോമോന്‍.ടി.ജോണ്‍, വിനോദ് ഇല്ലംപിള്ളി എന്നിവരുടെ ക്യാമറ വേണ്ടിടങ്ങളിലും വേണ്ട ദൃശ്യങ്ങളിലും മാത്രമാണ് പതിയുന്നത്. ചുരുക്കത്തില്‍, ഹൃദ്യവും ഭദ്രവുമായ ഒരു കഥപറച്ചിലല്ല, മറിച്ച് കൗമാരകാലത്തെ സ്കൂളിംഗിന്റെയും ഹീറോയിസത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വാഭാവിക സ്പന്ദനങ്ങളെ സൂക്ഷ്മമായി പിടിച്ചെടുക്കാനും തന്റെ ചിത്രത്തില്‍ സന്നിവേശിപ്പിക്കാനും ഗിരീഷ് എ ‍ഡി എന്ന പുതുസംവിധായകന് കഴിഞ്ഞിരിക്കുന്നു എന്നതുതന്നെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ പ്രമുഖ വ്യതിരിക്തതയാകുന്നത്-വിജയവും!