പേനുകൾ പുഴമെനയുന്നു

പ്രസന്ന പാർവതി

പുഴയിലൊന്ന് മുങ്ങി നിവർന്നതാണവൾ
ഒരത്താണി കിട്ടിയ പോലെ പുഴ മുടി വള്ളികളിലേക്ക് ഒലിച്ചു കേറി കുടിയിരുന്നു
പുഴ നിന്നിടം കല്ലൊഴുകി
ചെതുമ്പൽ പൊഴിച്ച് വാൽ മുറിച്ചിട്ട് മീനുകൾ….!
ചെകിളയടച്ച് നേരാംവണ്ണം ശ്വാസമെടുത്തു.
ഉടലൊന്നു കുറുകി
പായലെന്നു കരുതി മുടിയിഴകളിൽ തെന്നി .
തലയോടിന്റെ പാറക്കല്ലുകളിൽ കരണ്ടും
കടിച്ചും മദിച്ചു നടന്നു.
പുതിയ (ആ ) വാസവ്യവസ്ഥയ്ക്ക് സ്വയം
പാകപ്പെട്ട്,
മുടിയിഴകളെ ഒന്നിച്ചു ചേർത്തു
പുഴയെ മെനയുകയാണ്….!