അച്ഛന്റെ ഒസ്യത്ത്

അഷ്ടമൂർത്തി

ഞങ്ങളുടെ വീട്ടില്‍ പശുവില്ലാതായിട്ട് അര നൂറ്റാണ്ടെങ്കിലും ആയിക്കാണണം. തൊഴുത്ത് അതോടെ ആവശ്യമില്ലാതായി. പിന്നീടെപ്പോഴോ അത് പഴയ സാധനങ്ങള്‍ കൂട്ടിയിടാനുള്ള പുരയായി. ഇളക്കിയെടുത്ത കട്ടിള, വാതിലുകള്‍, ജനലുകള്‍, പലകകള്‍, ഞെണുങ്ങിയ പാത്രങ്ങള്‍, ഓട്ട വീണ പാട്ടകള്‍, തേക്കുകൊട്ട, തേനീച്ചക്കൂട് എന്നിങ്ങനെ എന്തും അതില്‍ കൊണ്ടുചെന്നു തള്ളുന്ന ശീലമായി. എല്ലാം യഥാസ്ഥാനത്തുണ്ടോ എന്ന് വല്ലപ്പോഴുമൊന്ന് പരിശോധിച്ചുനോക്കുന്ന പതിവുണ്ട്. ഓരോന്നോരോന്നായി എല്ലാം വലിച്ചുപുറത്തിടുമ്പോള്‍ കാണാതായി എന്നു ധരിച്ചിരുന്ന പലതും അതില്‍നിന്ന് കണ്ടുകിട്ടുന്ന പതിവുമുണ്ട്.

ഇന്നലെ അങ്ങനെയൊരു ദിവസമായിരുന്നു. സുധാകരനും ഷീലയും രാവിലെത്തന്നെ തുടങ്ങി പണി. മറ്റുപലതിന്റേയും ഇടയില്‍നിന്ന് അച്ഛന്‍ അന്ത്യദിനങ്ങളില്‍ ഉപയോഗിച്ചിരുന്ന ബെഡ് പാന്‍, മൂത്രപ്പാത്രം, തുപ്പല്‍പ്പാത്രം എന്നിവ പുറത്തുവന്നു. കിടപ്പിലായിരുന്ന നാലു കൊല്ലത്തോളം അവയൊക്കെ അച്ഛന്റെ അരികെത്തന്നെയുണ്ടായിരുന്നു. പിഞ്ഞാണം കൊണ്ടുള്ള ബെഡ്പാന് തകരാറൊന്നും വന്നിട്ടില്ല. പ്ലാസ്റ്റിക് കൊണ്ടുള്ള മൂത്രപ്പാത്രവും തുപ്പല്‍പ്പാത്രവും നല്ലവണ്ണം ഒന്നു കഴുകി വൃത്തിയാക്കിയെടുത്താല്‍ മതി. ഒന്നിനും ഒരു കേടും പറ്റിയിട്ടില്ല.

ബെഡ്പാന്‍ മുത്തശ്ശിയമ്മ ഉപയോഗിച്ചതായിരുന്നു. വസ്തിയ്ക്കുള്ള ഉപകരണവും. പിന്നീട് അവ അച്ഛന്റേതായി. അമ്മയ്ക്ക് അവ ഉപയോഗിയ്‌ക്കേണ്ടിവന്നില്ല. മറവിരോഗം ബാധിച്ച അമ്മ അച്ഛനോളം കിടന്നില്ല. അതുകൊണ്ട് അവ മറവിയില്‍പ്പെട്ട് തൊഴുത്തുപുരയില്‍ത്തന്നെ ഇത്രയും കാലം കിടന്നു.

വാര്‍ദ്ധക്യത്തിന്റെ നിരാലംബതയില്‍ ഇത്തരം ഉപകരണങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. അച്ഛനാണെങ്കില്‍ എല്ലാ സൗകര്യങ്ങളും വേണമെന്ന് നിര്‍ബ്ബന്ധമായിരുന്നു. കാലടി മൂടാന്‍ സോക്‌സ്, കാലില്‍ കെട്ടാന്‍ പട്ടീസ്, ചെവി മൂടിക്കെട്ടാന്‍ മഫ്‌ളര്‍, മൂക്കു തുടയ്ക്കാന്‍ തൂവാല എന്നിവയെല്ലാം എല്ലായ്‌പ്പോഴും അച്ഛന്റെ ഒപ്പമുണ്ടായിരുന്നു. കൊത്തുപണിയിലുള്ള വാസനകൊണ്ട് പലതരം ഊന്നുവടികള്‍ അച്ഛന്‍ തന്റെ നല്ല കാലത്തുതന്നെ ഉണ്ടാക്കിവെച്ചിരുന്നു. എന്നാലും വാര്‍ദ്ധക്യം അംഗീകരിയ്ക്കാനുള്ള മടി കൊണ്ടാവണം അച്ഛന്‍ അവ ഒരിയ്ക്കലും ഉപയോഗിച്ചില്ല. അതുകൊണ്ടു കൂടിയാവാം അച്ഛന്‍ ഇടയ്ക്കിടെ വീണു. ഭാഗ്യത്തിന് ഓരോ വട്ടവും പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. വാര്‍ദ്ധക്യത്തില്‍ ഏറ്റവും പേടിയ്‌ക്കേണ്ടത് ഇത്തരം വീഴ്ചകളെയാണല്ലോ.

ഞാന്‍ വേണുവിന്റെ ഇ-മെയില്‍ ഓര്‍മ്മിച്ചുപോയി. ജനുവരി 25-ലെ കത്തില്‍ വേണു എഴുതിയിരുന്നു: ”ഇന്നലെ ഞാന്‍ ശേഷയ്യങ്കാരുടെ വീട്ടില്‍ പോയിരുന്നു. അയാളുടെ ഭാര്യ മുഖമടിച്ചുവീണ് മുഖമാകെ വികൃതമായിരിയ്ക്കുകയാണ്. ഏഴ് സ്റ്റിച്ച്. പല്ലു കുറേ പോയി. ഭക്ഷണമൊന്നും കഴിയ്ക്കാന്‍ വയ്യ. പാവം. ശുശ്രൂഷിയ്ക്കാന്‍ ശേഷന്‍. പാര്‍ക്കിന്‍സണ്‍ കാരണം അയാള്‍ക്കു സ്വയം നില്‍ക്കാന്‍ പോലും പ്രയാസം. ഇടയ്ക്കിടെ മകന്‍ അമേരിക്കയില്‍നിന്നു വിളിയ്ക്കും. അവര്‍ എന്തുചെയ്യുന്നു എന്ന് അന്വേഷിയ്ക്കാന്‍. എങ്ങനെ ചെയ്യണം എന്നുപദേശിയ്ക്കാന്‍. വല്ലാത്ത കഷ്ടം തോന്നും. ആര്‍ക്കും ഒന്നും ചെയ്യാനില്ല. ചെയ്യേണ്ട മക്കള്‍ അടുത്തുമില്ല.”

തുടര്‍ന്ന് മറ്റൊരു കുടുംബത്തില്‍ പോയെന്നും വേണു തുടര്‍ന്നു. അവിടെ ഗൃഹനാഥ അര്‍ബ്ബുദചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍നിന്നെത്തിയിട്ടുണ്ട്. ഇപ്പോള്‍ കുറച്ച് ആശ്വാസമുണ്ട്. അവരുടേയും മക്കള്‍ അകലത്തെവിടെയൊക്കെയോ ആണ്.

മക്കള്‍ അടുത്തുണ്ടാവുക എന്നത് അച്ഛനമ്മമാരുടെ പുണ്യമാണ്. പക്ഷേ അവരെ നല്ലവണ്ണം ശുശ്രൂഷിയ്ക്കാനുള്ള മനസ്സുള്ളവരാവണമെന്നു മാത്രം. വയസ്സാവുമ്പോള്‍ മനുഷ്യരുടെ സ്വഭാവം മാറുന്നത് സ്വാഭാവികം. ഇന്നലെ വരെ സ്വബോധത്തോടെ സംസാരിച്ചിരുന്ന അച്ഛന്‍ എന്തുകൊണ്ടാണ് ഇന്ന് ഇങ്ങനെ എന്ന് നമുക്കു സങ്കടം തോന്നും. ഒരു ശുണ്ഠിയുമില്ലാതിരുന്ന അമ്മ ഇന്നെന്താണ് ഇങ്ങനെ ആവശ്യമില്ലാതെ നമ്മളോടു കയര്‍ക്കുന്നത് എന്നും നമ്മള്‍ അത്ഭുതപ്പെടും. അവരുടെ സാന്നിദ്ധ്യം നമുക്ക് അനിഷ്ടമാവുന്നത് വളരെ പെട്ടെന്നാണ്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഭാഷയില്‍ അവര്‍ ‘അനാവശ്യ’മായി മാറുന്നത് അപ്പോഴാണ്.

ഈയിടെ യൂട്യൂബ് വഴി ഒരു ചെറുചിത്രം പ്രചരിച്ചിരുന്നു. ഉദ്യാനത്തില്‍ പത്രം വായിച്ചുകൊണ്ടിരിയ്ക്കുന്ന മകന്‍. അരികെ അതേ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഇരിയ്ക്കുന്ന അച്ഛന്‍. അകലത്തെവിടെയോ നിന്ന് ഒരു കിളിയുടെ ശബ്ദം കേള്‍ക്കുന്നു. അച്ഛന്‍ അത് ഏതു കിളിയുടെ ശബ്ദമാണെന്ന് മകനോട് ചോദിയ്ക്കുന്നു. ഉത്തരം പറയുന്ന മകനോട് അച്ഛന്‍ വീണ്ടും അതേ സംശയം തന്നെ ആവര്‍ത്തിയ്ക്കുന്നു. ക്ഷമ കെട്ട മകന്‍ അച്ഛനോടു കയര്‍ക്കുന്നു. അപ്പോള്‍ അച്ഛന്‍ അകത്തുപോയി പഴയ ഒരു ചിത്രപുസ്തകം എടുത്തുകൊണ്ടുവരുന്നു. മകനെ വാക്കുകള്‍ പഠിപ്പിച്ചത് ആ പുസ്തകത്തില്‍നിന്നാണ്. അച്ഛന്‍ പറയുന്നു: ”മകനേ, ഇതു നിന്നെ പഠിപ്പിയ്ക്കുമ്പോള്‍ നീയും എന്നോട് പിന്നെയും പിന്നെയും സംശയം ചോദിച്ചിരുന്നു. പക്ഷേ ഞാന്‍ ക്ഷമയോടെ നിനക്ക് എല്ലാം വീണ്ടും വീണ്ടും പറഞ്ഞുതന്നിരുന്നു. നിനക്കോര്‍മ്മയുണ്ടോ?”

എണ്‍പത്തഞ്ചു വയസ്സുവരെ പരിപൂര്‍ണ്ണ ആരോഗ്യവാനായിരുന്ന അച്ഛന്‍ കാണെക്കാണെ ദുര്‍ബ്ബലനായി. വളരെപ്പെട്ടെന്ന് കിടപ്പാവുകയും ചെയ്തു. അങ്ങനെയൊരച്ഛനെ ഞങ്ങളാരും സങ്കല്‍പ്പിച്ചിട്ടുതന്നെയുണ്ടായിരുന്നില്ല. ഒരു പനി ബാധിച്ച് കട്ടിലില്‍ കിടന്ന അച്ഛന്‍ അന്നു രാത്രി ”നിങ്ങളെല്ലാവരും ആശുപത്രിയില്‍ നില്‍ക്കണമെന്നില്ല, ഒരാളൊഴിച്ച് ബാക്കിയുള്ളവര്‍ വീട്ടിലേയ്ക്കു പൊയ്‌ക്കോളൂ” എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ അനുഭവിച്ച സങ്കടം അച്ഛന്റെ മരണത്തില്‍പ്പോലും ഉണ്ടായിട്ടില്ല. വീട് ആശുപത്രിയായി തോന്നാന്‍ തക്കവണ്ണം അച്ഛന്റെ മനസ്സ് മാറിപ്പോയത് അംഗീകരിയ്ക്കാന്‍ നല്ല വിഷമം തോന്നി. പിന്നെപ്പിന്നെ അതിനോടു പൊരുത്തപ്പെടാന്‍ കഴിഞ്ഞുവെങ്കിലും ഒരു രാത്രി ഉടുത്തിരുന്ന മല്ലുമുണ്ട് എടുത്ത് നെടുകെ കീറുന്നതു കണ്ടപ്പോള്‍ സങ്കടം സഹിയ്ക്കാന്‍ കഴിഞ്ഞില്ല. എന്താണച്ഛാ ചെയ്യുന്നത് എന്നു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു: ”ജനാലയ്ക്കല്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ടില്ലേ, അയാള്‍ ഒരു മുണ്ടു തര്വോ എന്നു ചോദിയ്ക്കുന്നു.” മുണ്ടു കീറാന്‍ തുടങ്ങിയാല്‍ പിന്നെ ആറു മാസമേ ആയുസ്സുള്ളു എന്ന് ഏതോ മരണലക്ഷണവിദഗ്ധന്‍ പറഞ്ഞുവെങ്കിലും അച്ഛന്‍ പിന്നേയും നാലു കൊല്ലം ജീവിച്ചു.

ജീവിച്ചു എന്നു പറഞ്ഞാല്‍ ശരിയാവുമോ ആവോ! തികച്ചും കിടയ്ക്കയിലെ ജീവിതമായിരുന്നു അത്. ആദ്യത്തെ ആറുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ സ്വബോധത്തിലേയ്ക്കു തിരിച്ചുപോന്നു. പക്ഷേ ശരീരം അപ്പോഴേയ്ക്കും വല്ലാതെ ക്ഷീണിച്ചിരുന്നു. ഒന്നും സ്വന്തം നിയന്ത്രണത്തിലായിരുന്നില്ല. രാവിലെ കുളിപ്പിച്ചുകൊണ്ടുവന്ന് കിടത്തിയാല്‍ ഉടനെ ഉടുമുണ്ടാകെ മലം പുരണ്ടിട്ടുണ്ടാവും. വീണ്ടും മുണ്ടു മാറ്റി കിടത്തി ഒന്നു തിരിയുമ്പോഴേയ്ക്കും കിടക്കവിരി മൂതംകൊണ്ട് നനഞ്ഞിട്ടുണ്ടാവും. പത്തും പന്ത്രണ്ടും പ്രാവശ്യം വസ്ത്രങ്ങളും ആറും ഏഴും പ്രാവശ്യം കിടക്കവിരികളും മാറ്റിയ എത്രയോ ദിവസങ്ങളുണ്ട്.

നിങ്ങള്‍ക്കറിയുമോ, വൃദ്ധശരീരത്തിന്റെ തൊലി വളരെ മൃദുത്വമുള്ളതാണ്. അല്പം അശ്രദ്ധ മതി തൊലിയില്‍ മുറിവേല്‍ക്കാന്‍. കുളിപ്പിയ്ക്കുമ്പോള്‍ നല്ലവണ്ണം ശ്രദ്ധിയ്ക്കണം. അച്ഛന്റെ ശരീരം സ്വന്തം ശരീരം പോലെ എനിയ്ക്കു ഹൃദിസ്ഥമായി. കുളിപ്പിയ്ക്കുമ്പോഴും മുഖം വടിച്ചുകൊടുക്കുമ്പോഴും കാലിലേയും കയ്യിലേയും നഖങ്ങള്‍ വെട്ടുമ്പോഴുമെല്ലാം പിന്നെപ്പിന്നെ അത് എന്റെ ശരീരം തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ആദ്യത്തെ ആറു മാസത്തിനുശേഷം അച്ഛന്‍ സ്വബോധത്തിലേയ്ക്കു തിരിച്ചുവന്നത് ഞങ്ങളെ എല്ലാവരേയും സന്തോഷിപ്പിച്ചു. വായിയ്ക്കാന്‍ ഹിന്ദു പത്രം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഹിന്ദു പത്രം വിശദമായി വായിയ്ക്കുന്ന പതിവ് വീണ്ടും തുടങ്ങി. ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ‘ഫ്രന്റ്‌ലൈന്‍’ വീണ്ടും വായിയ്ക്കണമെന്നു പറഞ്ഞു. പത്രത്തില്‍നിന്ന് അറിഞ്ഞിട്ടാവണം, അക്കാലത്തിറങ്ങിയ കിരണ്‍ ബേദിയുടെ ആത്മകഥ ‘ഐ ഡെയര്‍’ വാങ്ങിക്കൊണ്ടുവരണമെന്ന് ഒരു ദിവസം ആവശ്യപ്പെട്ടു. രാത്രിയും പകലുമായി അച്ഛന്‍ രണ്ടു ദിവസംകൊണ്ട് ആ പുസ്തകം വായിച്ചുതീര്‍ത്തു. അച്ഛന്‍ വീണ്ടും വായനയുടെ ലോകത്തിലേയ്ക്കു തിരിച്ചെത്തിയെന്നു സന്തോഷിച്ച് അലമാരിയില്‍നിന്ന് കൂടുതല്‍ പുസ്തകങ്ങള്‍ ഞാന്‍ എടുത്തുകൊടുത്തു.

എല്ലാം താല്‍ക്കാലികം മാത്രമായിരുന്നു എന്ന് പിന്നീടു മനസ്സിലായി. ഹിന്ദു പത്രം കയ്യില്‍ ഒതുങ്ങാതായി. വായന പൂര്‍ത്തിയാക്കാതെ അച്ഛന്‍ പലപ്പോഴും ഉറക്കത്തിലേയ്ക്കു വഴുതിവീണു. പത്രം പുറങ്ങള്‍പുറങ്ങളായി കട്ടിലില്‍ പരന്നു ചിതറി. ‘ഫ്രന്റ് ലൈന്‍’ വായിയ്ക്കപ്പെടാതെ കട്ടിലില്‍ ദിവസങ്ങളോളം കിടന്നു. ചിലപ്പോള്‍ അത് മൂത്രത്തില്‍ നനഞ്ഞു. ക്രമേണ ഞാന്‍ ഹിന്ദുവും ഫ്രന്റ്‌ലൈനും വാങ്ങിക്കൊണ്ടുവരുന്നതു നിര്‍ത്തി.

വായന നിന്നുപോയത് അച്ഛന്‍ പിന്നീടെപ്പൊഴോ ഓര്‍മ്മിച്ചെടുത്തു. ഹിന്ദു കൊണ്ടുവരുന്നത് ഞാന്‍ എന്നേ നിര്‍ത്തിയിരുന്നു. ഒരു ദിവസം കുളിയ്ക്കുമ്പോള്‍ ‘ഫ്രന്റ് ലൈന്‍’ വാങ്ങിക്കൊണ്ടുവരണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു. പക്ഷേ മാസികയുടെ പേര് അച്ഛന് ഓര്‍മ്മിച്ചെടുക്കാനായില്ല. ജോലിയ്ക്കിറങ്ങുമ്പോള്‍ അത് വീണ്ടും ഓര്‍മ്മിപ്പിയ്ക്കാന്‍ അച്ഛന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴും അച്ഛന് അതിന്റെ പേര് ഓര്‍മ്മ വന്നില്ല. ഒന്നും മനസ്സിലാവുന്നില്ല എന്ന് ഞാനും നടിച്ചു. വെറുതെ പതിനഞ്ചുറുപ്പിക കളയുന്നതെന്തിന് എന്നായിരുന്നു എന്റെ ചിന്ത. വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങിവന്നപ്പോഴേയ്ക്കും അച്ഛന്‍ മാസികയുടെ പേരു മാത്രമല്ല ആ വിഷയംതന്നെ മറന്നുപോയിരുന്നു.

പിന്നീട് അച്ഛന്‍ ഒരിയ്ക്കലും ഹിന്ദുവും ഫ്രന്റ്‌ലൈനും വാങ്ങിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടില്ല. ഇനി ഓര്‍മ്മിപ്പിച്ചാല്‍ വാങ്ങാമല്ലോ എന്ന ഒരു സ്വയംന്യായീകരണത്തില്‍ ഞാന്‍ സ്വാസ്ഥ്യം തേടി. ഏറെ വൈകാതെ അച്ഛന്‍ ഹിന്ദുവും ഫ്രന്റ്‌ലൈനും ഇല്ലാത്ത ലോകത്തിലേയ്ക്കു യാത്രയാവുകയും ചെയ്തു.

ഒരാള്‍ക്ക് എങ്ങനെ ഇത്രത്തോളം അല്‍പനാവാം എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. വെറും പതിനഞ്ചുറുപ്പികയുടെ ലാഭം നോക്കി സ്വന്തം അച്ഛന്റെ വളരെ ചെറിയ ഒരാഗ്രഹം പോലും നിറവേറ്റിക്കൊടുക്കാന്‍ മടിച്ച എനിയ്ക്ക് ഒരു മകന്‍ എന്നല്ല ഒരു മനുഷ്യന്‍ എന്ന വിളികേള്‍ക്കാന്‍ പോലുമുള്ള അര്‍ഹതയുണ്ടോ?

വേണുവിന്റെ അച്ഛന്റെ മരണവും ആയിടെ നടന്നു. അച്ഛന്റെ അന്ത്യദിവസങ്ങളേപ്പറ്റി അയാള്‍ വാചാലനായി. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മരണം നടന്ന് മൃതദേഹം വീട്ടിലേയ്ക്കു കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ക്കിടെ അയാള്‍ ആശുപത്രിമുറിയില്‍ കുറേ നേരം ഒറ്റയ്ക്കിരുന്നു. മരണം എല്ലാവര്‍ക്കുമുള്ളതാണെന്നും വിഷമിയ്‌ക്കേണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ച നേഴ്‌സിനോട് വേണു ഒന്നും മിണ്ടിയില്ല. ”കഷ്ടം അവര്‍ക്കറിയില്ലല്ലോ ഞാന്‍ എന്നോടു തന്നെയുള്ള അവജ്ഞകൊണ്ടാണ് അവിടെ ഒറ്റയ്ക്കിരുന്നതെന്ന്,” വേണു പറഞ്ഞു. കൃത്യാന്തരബാഹുല്യം എന്ന ഒഴികഴിവില്‍ അച്ഛനോടുള്ള കടപ്പാട് വേണ്ടപോലെ ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം തീരുന്നില്ലെന്ന് അയാള്‍ തുടര്‍ന്നു. ആലുക്കാസിലെ അരണ്ട വെളിച്ചത്തില്‍ പരസ്പരം സങ്കടങ്ങള്‍ പങ്കുവെച്ച് ഞങ്ങള്‍ ഇരിപ്പു തുടങ്ങിയിട്ട് കുറച്ചുനേരമായിരുന്നു. ”മക്കളാണെന്നു പറയുന്ന നമ്മളൊക്കെ തേഡ് റേറ്റ് ചെറ്റകളാണെടോ,” കൂടിക്കാഴ്ചയുടെ അവസാനമായി വേണു പറഞ്ഞു. അപ്പോള്‍ സ്വയം വിശേഷിപ്പിയ്ക്കാന്‍ അതിലും നല്ല വാക്ക് വേറെയുണ്ടെന്ന് എനിയ്ക്കും തോന്നിയില്ല.

വൈകുന്നേരമായി. സുധാകരനും ഷീലയും തൊഴുത്തിലെ സാധനങ്ങള്‍ തിരിച്ച് അടുക്കിവെയ്ക്കാന്‍ തുടങ്ങിയിരുന്നു. പലതും ചിതല്‍ തിന്നുപോയിരുന്നു. അവ ഉപേക്ഷിയ്‌ക്കേണ്ട വകുപ്പില്‍പ്പെടുത്തി സുധാകരന്‍ മാറ്റിവെച്ചിരുന്നു. ഉപയോഗശൂന്യമായ വസ്തുക്കള്‍ എടുക്കുന്ന സ്ഥലത്തു കൊണ്ടുകൊടുക്കാം. അല്ലെങ്കില്‍ കത്തിച്ചുകളയാം. എല്ലാം തരംതിരിയ്ക്കുകയാണ് സുധാകരന്‍.

അച്ഛന്റെ ബെഡ്പാനും മൂത്രപ്പാത്രവും തുപ്പല്‍പ്പാത്രവും അയാള്‍ മാറ്റിവെച്ചിരുന്നു. ഇത് ഏതു വകുപ്പില്‍പ്പെടുത്തണം എന്ന് അയാള്‍ ചോദിച്ചു.

അച്ഛന്‍ ഭൂമിയില്‍ ബാക്കി വെച്ച ആ ജംഗമവസ്തുക്കളിലേയ്ക്ക് ഞാന്‍ നോക്കി. പഴയ നീതിസാരകഥയിലേതു പോലെ ഇന്നല്ലെങ്കില്‍ നാളെ ഇതൊക്കെ ഞങ്ങള്‍ക്കും ആവശ്യമായി വരുമെന്ന് എനിയ്ക്കു തോന്നി.

”സൂക്ഷിച്ച് എടുത്തു വെയ്ക്കണം,” ഞാന്‍ സുധാകരനോടു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ