ബി.ജെ.പി ഭരണഘടനയെ കൊന്നു: ഗുലാം നബി ആസാദ്

ന്യൂഡൽഹി: അസാധാരണ നീക്കങ്ങള്‍ക്കൊടുവില്‍ ജമ്മു-കശ്മീരിനെ വിഭജിച്ച് ഉത്തരവിറങ്ങി. പ്രത്യേക അധികാരം പ്രയോഗിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവില്‍ ഒപ്പുവച്ചു. ജമ്മു-കശ്മീർ ഇനിമുതല്‍ നിയമസഭയുള്ള ഒരു കേന്ദ്രഭരണ പ്രദേശമായിരിക്കും. ഒരു സംസ്ഥാനമായിരിക്കില്ല. നിയമനിർമ്മാണം നടത്താതെ ലഡാക്ക് കേന്ദ്രഭരണ പ്രദേശമാകും.ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. നേതാക്കളെ വീട്ടുതടങ്കലിലാക്കിയതുൾപ്പെടെയുള്ള കശ്മീരിനെ ഭീതിമുനയിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ജമ്മു-കശ്മീരിന്റെ പല ഭാഗത്തും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ, ഇന്റർനെറ്റ്, ലാന്റ് ലൈൻ ഫോൺ സേവനങ്ങൾ റദ്ദാക്കി.
പ്രമുഖ നേതാക്കളായ കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോൺ എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. സ്ഥിതിഗതികൾ കലുഷിതമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുത്തു. ഇവരെ കൂടാതെ ധനമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ നിർമലാ സീതാരാമൻ, വിദേശ കാര്യമന്ത്രി ജയശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്.