ജമ്മു കശ്മീരിൽ അപ്രതീക്ഷിത തിരിച്ചടി അമേരിക്കയ്ക്കും

എന്തൊക്കെ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും ഒരു കാര്യം ഇതോടെ വ്യക്തമായിരിക്കുകയാണ്, അത് ഇന്ത്യയോടുള്ള ലോക രാഷ്ട്രങ്ങളുടെ സമീപനമാണ്. കശ്മീര്‍ വിഷയം തര്‍ക്ക പ്രശ്നമാക്കി ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ട പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പ്രമുഖ മുസ്ലീം രാഷ്ട്രങ്ങളുടെ പിന്തുണ പോലും ആ രാഷ്ട്രത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല. ബഹു ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനെ പിന്തുണക്കുന്നവരാണ്.

അമേരിക്കയുടെ നീക്കങ്ങള്‍ പോലും തന്ത്രപരമായിരുന്നു. ഇറാനുമായി പോരിലായതിനാല്‍ മാത്രമായിരുന്നു അമേരിക്ക പാക്കിസ്ഥാന് കൈ കൊടുത്തിരുന്നത്. ഇന്ത്യയെ ഒരിക്കലും ഇറാനെതിരായ നീക്കത്തിനൊപ്പം കിട്ടില്ലന്ന് വ്യക്തമായതിനാലായിരുന്നു ഈ നീക്കം. പാക്കിസ്ഥാന്‍ മണ്ണിലേക്ക് പലവട്ടം പീരങ്കി ആക്രമണം നടത്തിയ രാജ്യമാണ് ഇറാന്‍. പരമ്പരാഗതമായി തുടരുന്ന വൈര്യമാണ് ഇരു രാഷ്ട്രങ്ങള്‍ക്കിടയിലും ഉള്ളത്. ഈ പേര്‍ഷ്യന്‍ പോരാളികളെ സാക്ഷാല്‍ അമേരിക്ക പോലും ഭയപ്പെടുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ഇമ്രാന്‍ ഖാന്‍- ട്രംപ് കൂടിക്കാഴ്ചയില്‍ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് നല്‍കാന്‍ എടുത്ത തീരുമാനം പോലും അവര്‍ക്കിപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. പാക്കിസ്ഥാന്‍ നീക്കത്തെ ചൈനയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഒപ്പമുള്ളവര്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത രാജ്യമായാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ മാറി കൊണ്ടിരിക്കുന്നത്.ഇന്ത്യയാകട്ടെ തന്ത്രപരമായാണ് കരുക്കള്‍ നീക്കിയത്. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്ത് കളയുന്ന തീരുമാനത്തിന് മുന്‍പ് തന്നെ ലോക പിന്തുണ ആര്‍ജിക്കാന്‍ രാജ്യത്തിന് കഴിഞ്ഞിരുന്നു.

ഇന്ത്യയുടെ നയതന്ത്ര മികവാണ് ഇക്കാര്യത്തില്‍ എടുത്ത് പറയേണ്ടത്. വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങി പ്രമുഖ രാജ്യങ്ങളെ നിലപാട് ബോധ്യപ്പെടുത്താന്‍ എളുപ്പത്തില്‍ ഇന്ത്യക്ക് കഴിഞ്ഞു. എന്തിനേറെ ചൈനക്ക് പോലും മറുപടി പറയാന്‍ പറ്റാത്ത വാദങ്ങളാണ് ഇന്ത്യ ഉയര്‍ത്തിയിരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍പുടിനെ സംബന്ധിച്ച് പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന കയറിയാലും പ്രശ്നമില്ലന്ന നിലപാടിലാണ്. അത്രക്കും ശക്തമായൊരു പിന്തുണയാണ് റഷ്യയുടെ ഭാഗത്തുന്നിന്നുമുള്ളത്.

അമേരിക്ക ഇപ്പോള്‍ പാക്കിസ്ഥാനുമായി അടുക്കുന്നതിലും റഷ്യ ഹാപ്പിയാണ്. ഇന്ത്യ – റഷ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ നടപടി വഴി ഒരുക്കുമെന്നാണ് റഷ്യ കരുതുന്നത്. ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള ആയുധ ഇടപാട് റഷ്യ റദ്ദാക്കിയിരുന്നു. മേലില്‍ ഒരു ഇടപാടും പാക്കിസ്ഥാനുമായി നടത്തില്ലെന്നാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്ക പാക്കിസ്ഥാനെ അറിയിച്ചിരുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഒട്ടും രസിക്കാത്ത നടപടിയായിരുന്നു ഇത്. റഷ്യയുമായി കൂടുതല്‍ വിപുലമായ ആയുധ ഇടപാടിനാണ് രാജ്യമിപ്പാള്‍ ഒരുങ്ങുന്നത്. അമേരിക്കയുടെ ഏത് ആധുനിക യുദ്ധവിമാനത്തെയും തരിപ്പണമാക്കാനുള്ള ശക്തി റഷ്യയുടെ എസ് 400 ട്രയംഫിനുണ്ട്. ശക്തമായ ഈ മിസൈല്‍ പ്രതിരോധ സംവിധാനം അധികം താമസിയാതെ ഇന്ത്യയില്‍ എത്തും.40,000 കോടിയുടേതാണ് കരാര്‍.

മറ്റു ലോക രാഷ്ട്രങ്ങളുമായുള്ള ബന്ധവും ഇന്ത്യ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേല്‍, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും ശക്തമായ പിന്തുണയാണ് ഇന്ത്യക്ക് നല്‍കുന്നത്. ഇറാന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമായിട്ടും ഈ രാജ്യങ്ങളുമായുള്ള ബന്ധത്തെ അത് അല്‍പ്പം പോലും ബാധിച്ചിട്ടില്ല.

പാക്കിസ്ഥാന് അമേരിക്ക യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള തീരുമാനത്തില്‍ ഇസ്രയേലിനും ഫ്രാന്‍സിനും ശക്തമായ അമര്‍ഷമാണുള്ളത്. ട്രംപിന്റെ പാക്ക് അടുപ്പത്തില്‍ അമേരിക്കയിലും കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. ഭീകരരെ വളര്‍ത്തുന്ന രാജ്യത്തിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കുന്നത് അപകടമാണെന്നാണ് മുന്നറിയിപ്പ്.ഇവ ഭീകരരുടെ കൈവശമെത്താനുള്ള സാധ്യത ഉണ്ടെന്നും ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയെ പോലെ ലോകത്തിലെ ഏറ്റവും വലിയ ഒരു വിപണിയെ നഷ്ടപ്പെടുത്തുന്നതിനോട് പ്രമുഖ നയതന്ത്ര വിദഗ്ദരും യോജിക്കുന്നില്ല. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്ക് പുറമെ ഭരണപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഇക്കാര്യത്തില്‍ ശക്തമായ ഭിന്നാഭിപ്രായമുണ്ട്. ഇന്ത്യയുമായാണ് അമേരിക്ക നല്ല ബന്ധം തുടരേണ്ടത് എന്ന അഭിപ്രായക്കാരാണ് ഇവരില്‍ ഭൂരിപക്ഷവും.

അതേസമയം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കൂടുതല്‍ കടുത്ത നിലപാടിലേക്കാണ് ഇന്ത്യയിപ്പോള്‍ പോകുന്നത്. പാക്ക് അധീന കശ്മീരിനു വേണ്ടി ജീവന്‍ വെടിയാനും തയ്യാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും പാക്കിസ്ഥാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ലോക്സഭയില്‍ അമിത് ഷായാണ് പാക്ക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചത്. കശ്മീരിലെ വിഷയം സൂഷ്മമായി നിരീക്ഷിക്കുകയാണെന്ന അമേരിക്കയുടെ പ്രതികരണത്തിന് പിന്നാലെ ആയിരുന്നു ഈ പ്രതികരണവും . പാക്ക് അധീന കശ്മീര്‍ ലക്ഷ്യമിട്ട് ഇന്ത്യ സൈനിക നടപടി സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതാണിത്.

ജമ്മുകശ്മീരിലെ രാഷ്ട്രീയ നീക്കങ്ങളില്‍ നിലവില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസാണ് അറിയിച്ചത്.

വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണമെന്നും, നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും അമേരിക്ക ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മേഖലയിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫന്‍ ട്വിജ്വാരക്കും വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണരേഖയിലെ സൈനിക നടപടി വര്‍ധിപ്പിച്ചതിലെ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ അമേരിക്കയല്ല ഐക്യരാഷ്ട്രസഭയായാലും ജമ്മു കശ്മീര്‍ വിഷയത്തില്‍ ഒരടി പിന്നോട്ട് പോകില്ലന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. ഉത്തര കൊറിയ, ഇറാന്‍ വിഷയങ്ങളില്‍ നാണം കെട്ടിരിക്കുന്ന ട്രംപിനുള്ള മറ്റൊരു തിരിച്ചടിയാണിത്. പാക്ക് പ്രധാനമന്ത്രിക്ക് ട്രംപ് കൈ കൊടുത്ത ഉടനെ തന്നെയാണ് കടുത്ത നടപടി ഇന്ത്യയും സ്വീകരിച്ചത്.

മധ്യസ്ഥ ശ്രമത്തിന് തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനത്തിനാണ് പുതിയ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. വേണ്ടി വന്നാല്‍ പാക്ക് അധീന കശ്മീരും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും അമേരിക്കയെ കൂടി ലക്ഷ്യമിട്ടുള്ളതാണ്.

ലോക പൊലീസ് ചമഞ്ഞ് ലോകത്തെ വിറപ്പിച്ചിരുന്ന അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളാണ് ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ക്കും പേടിയില്ലാത്ത രാജ്യമായി ട്രംപാണ് അമേരിക്കയെ മാറ്റിയിരിക്കുന്നത്.