ചന്ദ്രയാന്‍-2 , അഞ്ചാംഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ബംഗളൂരു: ചന്ദ്രയാന്‍-2 പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. 1041 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

പേടകം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്. നേരത്തെ രണ്ടും മൂന്നും നാലും ഘട്ടങ്ങളിലെ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായിരുന്നു.

ആഗസ്റ്റ് 14ന് ഉച്ചക്കു ശേഷം മൂന്നിനും നാലിനുമിടയിലായിരിക്കും ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റുന്ന പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഗതിമാറ്റ ദൗത്യം (ട്രാന്‍സ് ലൂനാര്‍ ഇന്‍സെര്‍ഷന്‍) നടക്കുക. പേടകത്തിന്റെ ഗതിമാറ്റുന്ന ഘട്ടം ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഏറെ നിര്‍ണായകമാണ്. ട്രാന്‍സ് ലൂനാര്‍ ഇന്‍ജക്ഷനു ശേഷം ആഗസ്റ്റ് 20നായിരിക്കും (ദൗത്യത്തിന്റെ 30ാം ദിവസം) ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുക.

ചന്ദ്രയാന്‍-2 പേടകത്തെ ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. വിക്ഷേപണത്തിനു ശേഷം ഉദ്ദേശിച്ചതിലും 6000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചതിനാല്‍ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ ഒഴിവാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ