പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍; തെരച്ചിലിന് കനത്ത മഴ തടസമാകുന്നു

വയനാട്: വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിന് കനത്ത മഴ തടസമാകുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

ദുരന്ത സാധ്യതയുള്ളതിനാല്‍ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ സൂക്ഷിക്കുവാന്‍ വിവിധ ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.

പുത്തുമലയില്‍ നൂറേക്കറോളം മലവെള്ളക്കുത്തൊഴുക്കില്‍ ഒഴുകിപോയ നിലയിലാണ്. മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളി, അമ്പലം, കടകള്‍ വാഹനങ്ങള്‍ തുടങ്ങി പ്രദേശമാകെ പ്രളയമെടുത്ത അവസ്ഥയാണ് ഇവിടെ.