പ്രളയമുറിവായി കവളപ്പാറ ; തെരച്ചില്‍ നിര്‍ത്തി, നാല്‍പ്പതിലധികം മരണം? മൂന്ന് മൃതദേഹം കിട്ടി

നിലമ്പൂര്‍: പോത്തുകല്ല് കവളപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ നാല്‍പ്പതിലധികം പേര്‍ മരണപ്പെട്ടതായി സംശയം. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രതികൂല കാലാവസ്ഥ മൂലം ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചെ പുനരാരംഭിക്കും. പ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ്. ഇന്നലെ വൈകിട്ടുണ്ടായ ഉരുള്‍പൊട്ടലില്‍ മുപ്പതോളം വീടുകളാണ് തകര്‍ന്നത്. അന്‍പതിനും നൂറിനും ഇടയില്‍ ആളുകളെ കാണാതായിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എഴുപതോളം വീടുകള്‍ ഉള്ള സ്ഥലത്ത് മുപ്പത് വീടുകളെങ്കിലും ഇപ്പോള്‍ മണ്ണിനടയിലാണ്. തിരച്ചില്‍ ഏറെ ദുഷ്‌ക്കരമാണെന്നും സൈന്യത്തിന്റെ സേവനം ഉണ്ടെങ്കില്‍ മാത്രമേ മണ്ണിനിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍,അവരെ രക്ഷിക്കാനാകൂവെന്നും പി.വി അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്.സിഗ്നല്‍ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്.രാവിലെ മുതല്‍ തന്നെ,ഞാനുള്‍പ്പെടെ കവളപ്പാറയില്‍ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സര്‍ക്കാര്‍ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ കവളപ്പാറയില്‍ എത്തും.കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.കവളപ്പാറയിലെ ജനങ്ങള്‍ക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു- അദ്ദേഹം കുറിച്ചു.

അതിനിടെ, പാലക്കാട്ട് നിന്ന് എന്‍.ഡി.ആര്‍.എഫ് സംഘം പാലക്കാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ മുതല്‍ പ്രദേശവാസികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഏറെ വൈകിയാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. റോഡ് തകര്‍ന്നതിനാല്‍ ആര്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. കാണാതായവരെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും നാട്ടുകാര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍, ഇവര്‍ ആരും തന്നെ ഇവിടെ എത്തിച്ചേര്‍ന്നിട്ടില്ല എന്ന് മനസിലാക്കിയതോടെയാണ് അന്‍പതോളം ആളുകള്‍ അപകടത്തില്‍പെട്ടതായി മനസിലാക്കിയത്.