ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് കെ.എസ്.ഇ.ബി

കല്‍പ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് കെ.എസ്.ഇ.ബി. ആഗസ്റ്റ് 10 ന് രാവിലെ 8 മണിയോടെയാണ് മുന്നറിയിപ്പ് നല്‍കി ഘട്ടംഘട്ടമായി ഷട്ടര്‍ ഉയര്‍ത്തുക. ഒരു മീറ്റര്‍ ഉയരത്തില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ വാരാമ്പറ്റ പുഴയുടെ തീരത്ത് താമസിക്കുന്ന പനമരം ഉള്‍പ്പെടുയുള്ള ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍ (9496011981,04936 274474) ബന്ധപ്പെടാവുന്നതാണ്. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. നിലവില്‍ 771.2 മീറ്റര്‍ എന്ന നിലയിലെത്തിയിട്ടുണ്ട്. 773.9 എന്ന നിലയിലെത്തിയാല്‍ നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നു വിടാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.