പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന; വിളിച്ചിട്ടും വിട്ടു നിന്ന് ഗാന്ധി കുടുംബം;പ്രശംസയുമായി മോദി

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നിന്ന് ഗാന്ധി കുടുംബം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രണബിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. ഇന്നലെയാണ് രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രണബ് തന്റെ പിന്‍ഗാമി രാംനാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രിക്ക് പുറമേ, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, മുതിര്‍ന്ന മന്ത്രിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.എന്നാല്‍ സോണിയാ ഗാന്ധി, മകന്‍ രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. രാഹുലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസില്‍ നിന്ന് ആനന്ദ് ശര്‍മ്മ, അഹ്മദ് പട്ടേല്‍, ഭൂപേന്ദര്‍ സിങ് ഹൂഡ, ജനാര്‍ദ്ദന്‍ ദ്വിവേദി, ശശി തരൂര്‍ എന്നിവര്‍ പങ്കെടുത്തു. രാഷ്ട്രപതിയാകും മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും വിവിധ കാലയളവുകളില്‍ കേന്ദ്രമന്ത്രിയുമായിരുന്നു പ്രണബ് മുഖര്‍ജി. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദിയുമായി ഏറെ അടുപ്പം സൂക്ഷിച്ച നേതാവു കൂടിയാണ് ഇദ്ദേഹം. ഇന്ന് രാവിലെ പ്രണബിനെ പുകഴ്ത്തി മോദി ട്വിറ്ററില്‍ കുറിപ്പിടുകയും ചെയ്തു. ‘നിങ്ങള്‍ ഭാരതരത്‌ന സ്വീകരിക്കുന്നത് കാണാന്‍ കഴിഞ്ഞത് ആദരവാണ്. രാജ്യത്തിനു വേണ്ടി താങ്കള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉചിതമായ അംഗീകാരമാണിത്’ – എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള മോദിയുടെ വാക്കുകള്‍. മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് പ്രണബിന് പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നത്.