നിന്ദിതർക്കും പീഡിതർക്കുമൊപ്പം നിലകൊള്ളുക

സന്ദീപ് ദാസ്

സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.ഈ നടപടിയ്ക്കുപുറകിൽ ഒരുപാട് കാരണങ്ങളുണ്ടെന്ന് പറയപ്പെടുന്നു.മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സ്വന്തമായി കാർ വാങ്ങിയതുമെല്ലാം ലൂസി ചെയ്ത തെറ്റുകളാണെന്ന് സഭ അഭിപ്രായപ്പെടുന്നു.

പക്ഷേ ഇതിനേക്കാളെല്ലാം വലിയൊരു ‘തെറ്റ് ‘ ലൂസി ചെയ്തിരുന്നു.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ലൂസി ശക്തമായി പ്രതിഷേധിച്ചിരുന്നു !നീതിയ്ക്കുവേണ്ടി ശബ്ദമുയർത്തുന്നത് ഇന്നത്തെ കാലത്ത് വലിയ അപരാധമാണല്ലോ !

വേട്ടക്കാരനൊപ്പം നിൽക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെൻ്റ്.ഏതാനും ദിവസങ്ങൾക്കുമുമ്പ് നടന്ന കുപ്രസിദ്ധമായ വാഹനാപകടക്കേസ് വരെയുള്ള സംഭവങ്ങളിൽ ഇക്കാര്യം വളരെ പ്രകടമാണ്.

ബലാത്സംഗക്കേസിൽ ജയിൽവാസം കഴിഞ്ഞെത്തിയ ഫ്രാങ്കോയ്ക്ക് ജലന്തറിൽ ലഭിച്ച സ്വീകരണം ആരും മറന്നിട്ടുണ്ടാവില്ലെന്ന് കരുതുന്നു.വൈദികരും നാട്ടുകാരും ബിഷപ്പിനെ സ്വീകരിച്ചത് പുഷ്പവൃഷ്ടി നടത്തിക്കൊണ്ടാണ് ! അതിനുപുറമെ ഫ്രാങ്കോയോടുള്ള ആദരസൂചകമായി ഫ്ലെക്സുകളും തോരണങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു !

കേരളത്തിൽ കോളിളക്കമുണ്ടാക്കിയ അഭയ കേസിൽ എന്താണ് സംഭവിച്ചത്? പ്രതികളെന്ന് കണ്ടെത്തിയവർ സഭയുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന കാഴ്ച്ച നാം കണ്ടതല്ലേ?

ശരിയുടെ പക്ഷത്ത് നിൽക്കുന്നവർ പലപ്പോഴും ക്രൂശിക്കപ്പെടുകയും ചെയ്യും ! ഫ്രാങ്കോയ്ക്കെതിരെ കൊച്ചിയിൽ സത്യാഗ്രഹസമരം നടത്തിയ സിസ്റ്റർമാർക്ക് പ്രതിഫലമായി ലഭിച്ചത് സ്ഥലംമാറ്റമാണ് ! അവരോട് എെക്യദാർഢ്യം പ്രഖ്യാപിച്ച സിസ്റ്റർ ലൂസിയുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലുമാണ് !

മഠത്തിൽ താൻ അനുഭവിക്കുന്ന വിവേചനങ്ങൾ ഭീകരമാണെന്ന് ലൂസി വെളിപ്പെടുത്തിയിട്ടുണ്ട്.മറ്റു സിസ്റ്റർമാർ തന്നോട് സംസാരിക്കാറില്ലെന്നും ഭക്ഷണം പോലും നേരേചൊവ്വേ ലഭിക്കുന്നില്ലെന്നും ലൂസി പറയുന്നു.ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം അവർ എന്താണ് ചെയ്തത്?

ക്രിസ്തുമതവിശ്വാസപ്രകാരം സ്വർഗ്ഗരാജ്യം നീതിമാൻമാർക്കുള്ളതാണ്.സിസ്റ്റർ ലൂസി നിലകൊണ്ടത് നീതിയ്ക്കുവേണ്ടിയല്ല എന്ന് സഭയുടെ മേലാളൻമാർക്ക് നെഞ്ചത്ത് കൈവെച്ച് പറയാൻ സാധിക്കുമോ?

മതമേതായാലും അതിൽ രണ്ടുതരം ആളുകളുണ്ടാകും.ആചാരങ്ങളും പാരമ്പര്യങ്ങളും എല്ലാക്കാലത്തും അതേപടി മുറുകെപ്പിടിക്കണമെന്ന് വാദിക്കുന്നവരാണ് ഒരു വിഭാഗം.കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നവരാണ് മറുപക്ഷം.സിസ്റ്റർ ലൂസി ഉൾപ്പെടുന്നത് രണ്ടാമത്തെ വിഭാഗത്തിലാണ്.അതുകൊണ്ടാണ് അവർ പലരുടെയും കണ്ണിലെ കരടാകുന്നത്.

പ്രായപൂർത്തിയാകുന്നതിനുമുമ്പ് ആളുകളെ വൈദികവൃത്തിയിലേക്ക് തള്ളിവിടുന്നതിനോട് യോജിപ്പില്ലെന്ന് ലൂസി തുറന്നടിച്ചിട്ടുണ്ട്.അതുപോലെ പല അപ്രിയസത്യങ്ങളും അവർ പറഞ്ഞിട്ടുണ്ട്.പാരമ്പര്യവാദികൾക്ക് അതൊന്നും ഒട്ടും രസിച്ചിട്ടില്ല.

ലൂസി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.പക്ഷേ അവർ വർഗീയത പറഞ്ഞിട്ടില്ല.അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിച്ചിട്ടില്ല.മനുഷ്യൻ്റെ പ്രശ്നങ്ങളെക്കുറിച്ചാണ് ലൂസി സംസാരിക്കാറുള്ളത്.സ്ത്രീകൾ ചങ്ങല പൊട്ടിക്കണമെന്ന് അവർ പലതവണ ആഹ്വാനം ചെയ്തിട്ടുണ്ട്.ഇതൊക്കെയല്ലേ ശരിയായ മാതൃക?

കാലാഹരണപ്പെട്ട ആശയങ്ങളോട് കലഹിച്ചപ്പോൾ യേശുക്രിസ്തു പലരുടെയും ശത്രുവായെന്ന് ഗ്രന്ഥങ്ങൾ പറയുന്നു.ലൂസിയുടെ പ്രയാണവും ആ ദിശയിലല്ലേ?സഭയിലും സമൂഹത്തിലും നിലനിൽക്കുന്ന ചില തെറ്റായ കാര്യങ്ങൾ തിരുത്തപ്പെടേണ്ടതാണെന്ന് അവർ കരുതുന്നു.അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?

ഒത്തിരി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സന്യാസസഭ ലൂസിയുടെ കവിതാസമാഹാരം ഇറക്കാൻ വിമുഖത കാണിച്ചത് എന്തിനായിരിക്കും? അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴാണ് ഒരാൾ റിബലാകുന്നത്.പൊതുസമൂഹം മാത്രമല്ല,വിശ്വാസികളും ലൂസിയുടെ കൂടെയുണ്ട്.കാരയ്ക്കാമല ഇടവകയിൽനിന്ന് ലൂസിയെ മാറ്റിനിർത്താനുള്ള വികാരിയുടെ തീരുമാനം വിശ്വാസികളുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചിരുന്നുവല്ലോ.

സന്യാസത്തിൽ തുടരാനാണ് ഇഷ്ടമെന്ന് ലൂസി വ്യക്തമാക്കിയിട്ടുണ്ട്.ഈ നടപടിയെ നിയമപരമായി നേരിടുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.താൻ ചെയ്തതെല്ലാം ശരിയാണെന്ന് ലൂസി ഇപ്പോഴും വിശ്വസിക്കുന്നു…

പ്രിയ സിസ്റ്റർ,താങ്കളുടെ ഭാവിജീവിതം എങ്ങനെയാവുമെന്നറിയില്ല.അതെന്തുതന്നെയായാലും ഈ മനസ്സ് കൈവിടാതിരിക്കുക.നിന്ദിതർക്കും പീഡിതർക്കുമൊപ്പം നിലകൊള്ളുക.ഈ നാട്ടിലെ മുഴുവൻ ‘മനുഷ്യരുടെയും’ അകമഴിഞ്ഞ പിന്തുണ സിസ്റ്റർക്കുണ്ടാവും…