2.25 ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ

കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 2.25 ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയെന്ന് സര്‍ക്കാര്‍. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങിയിട്ടുണ്ട്.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷമാണ്. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സര്‍ക്കാര്‍ അറിയിച്ചു. പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പാലക്കാട് ജില്ലയില്‍ ഇടവിട്ട് നേരിയ മഴയുണ്ട്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും രംഗത്തിറങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി.

വയനാട് പുത്തുമലയിലെയും മലപ്പുറം കവളപ്പാറയിലെയും വന്‍ദുരന്തത്തിലടക്കം മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 71 ആയി. കവളപ്പാറയില്‍ ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തി.

ട്രെയിന്‍, വിമാന, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തുടങ്ങി. കോഴിക്കോട് നിന്ന് പാലക്കാട്, മൈസൂര്‍ റൂട്ടുകളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയത്തുനിന്ന് കുമരകംവരെ വെള്ളക്കെട്ടാണ്. ആലപ്പുഴ ഭാഗത്തേക്കു ബസില്ല. ചങ്ങനാശേരി ആലപ്പുഴ എസി റോഡില്‍ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. നെടുമ്പാശേരിയില്‍നിന്ന് വിമാനസര്‍വീസ് തുടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ