പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി സൂപ്പർ താരം ദളപതി വിജയ്

മ്മുടെ താരങ്ങളെല്ലാം കണ്ടു പഠിക്കേണ്ടത് തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യെയാണ്. പ്രളയത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാന്‍ തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍ ഈ തമിഴ് സൂപ്പര്‍ താരം. ഇതിനായി കേരളത്തിലെ തന്റെ ഫാന്‍സ് അസോസിയേഷന്‍ വഴിയാണ് വിജയ് സഹായങ്ങള്‍ എത്തിക്കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് രാജ്യത്ത് തന്നെ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍. പതിനായിരക്കണക്കിന് പേര്‍ക്കാണ് ഇതിനകം തന്നെ സഹായം ലഭിച്ചിരിക്കുന്നത്. സ്വന്തമായി കൊടിയുള്ള രാജ്യത്തെ ഏക ഫാന്‍സ് അസോസിയേഷനാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍.

കഴിഞ്ഞ പ്രളയകാലത്ത് കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വിജയ് ഫാന്‍സ് ദുരിതബാധിതര്‍ക്കായി നല്‍കിയിരുന്നത്. സഹായം പണമായല്ല, സാധനങ്ങളായി നേരിട്ട് നല്‍കിയ ആ നടപടി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 15 ലോറികളിലായി പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി പുറപ്പെട്ട വാഹനങ്ങളെ കേരളം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്.

ഇതുപോലെ പരമാവധി സഹായങ്ങള്‍ രണ്ടാം പ്രളയത്തിലും ചെയ്യാനാണ് വിജയ് ഫാന്‍സിന്റെ തീരുമാനം. വിജയ് തന്നെ നേരിട്ടാണ് ഇക്കാര്യത്തില്‍ ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫാന്‍സ് അസോസിയേഷനുകളെ താരങ്ങളുടെ സിനിമാ പ്രമോഷനുള്ള ഉപകരണമായി മാത്രം കാണുന്നവര്‍ കണ്ണ് തുറന്ന് കാണേണ്ട കാഴ്ചയാണിത്.

പ്രളയബാധിത മേഖലയിലേക്ക് കൊല്ലത്തെ വിജയ് ഫാന്‍സുകാരാണ് ആദ്യമായി സഹായഹസ്തവുമായി രംഗത്തു വന്നിരിക്കുന്നത്. വിജയ്‌യുടെ മരണപ്പെട്ട സഹോദരി വിദ്യയുടെ പേരില്‍ തുടങ്ങിയ വിദ്യാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഭക്ഷ്യസാധനങ്ങളും ബോട്ടുമായി പ്രളയബാധിത പ്രദേശത്ത് വോളന്റിയര്‍മാരായി സേവനമനുഷ്ഠിക്കുന്നത്.

നീണ്ടകരയില്‍ ചവറ എം.എല്‍.എ വിജയന്‍പിള്ള ദുരിതാശ്വാസ വസ്തുക്കള്‍ ഏറ്റുവാങ്ങി. 15 പ്രവര്‍ത്തകരും വോളന്റിയര്‍മാരായി പ്രളയബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ബോട്ടുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിലും ഇവര്‍ ഏര്‍പ്പെടും. പ്രളയ ദുരിതം രൂക്ഷമായ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലും വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പരമാവധി സഹായങ്ങളെത്തിക്കാനാണ് വിജയ് ആരാധകരുടെ തീരുമാനം.

എന്തുകൊണ്ടാണ് വിജയ് ഫാന്‍സിന് ഇത്ര വലിയ ആരാധകര്‍ കേരളത്തിലും എന്ന ചോദ്യത്തിനുള്ള മറുപടിയും ഈ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നല്‍കുന്നത്. പ്രളയകാലത്ത് മാത്രമല്ല, അല്ലാതെയും പാവപ്പെട്ടവരെ സഹായിക്കുന്ന സംഘടനയാണ് വിജയ് ഫാന്‍സ്.

വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ തമിഴകത്തും കേരളത്തിലും ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ഫാന്‍സ് അസോസിയേഷന്‍ നടത്താറുള്ളത്. ഇതിന് മാത്രമായി വലിയ തുകയാണ് എല്ലാ വര്‍ഷവും ചിലവഴിച്ച് വരുന്നത്.

മുന്‍പ് നീറ്റ് പ്രവേശന പരീക്ഷ വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പോയി സഹായ ധനം നല്‍കിയ വിജയ് തൂത്തുക്കുടിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും രഹസ്യമായി പോയി സഹായ ധനം നല്‍കിയിരുന്നു.

മോട്ടോര്‍ ബൈക്കിന് പിന്നിലിരുന്ന് അര്‍ദ്ധരാത്രിയില്‍ വിജയ് നടത്തിയ ഈ സന്ദര്‍ശനം ബാധിക്കപ്പെട്ട ഒരു വീട്ടിലെ യുവാവ് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. വൈറലായ ഈ വീഡിയോ കണ്ട നിരവധി പ്രമുഖര്‍ പിന്നീട് താരത്തെ പ്രശംസിച്ച് രംഗത്തു വരികയുമുണ്ടായി.

സിനിമയിലെ സസ്പെന്‍സ് പോലെ സഹായ കാര്യങ്ങളിലും സസ്പെന്‍സ് പിന്തുടരുന്ന ദളപതി വിജയ് ഇത്തവണ നേരിട്ട് കേരളത്തിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്.

തമിഴകം കഴിഞ്ഞാല്‍ ദളപതിക്ക് ഏറ്റവും അധികം ആരാധകര്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇവിടെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്ന സമയങ്ങളില്‍ പോലും വിജയ് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശന വിജയം നേടാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മലയാള താരങ്ങളുടെ ആരാധകരില്‍ നല്ലൊരു പങ്കും ദളപതി ആരാധകരാണ് എന്നതാണ് വിജയ് ഫാന്‍സിന്റെ ശക്തി.