പുത്തുമല ദുരന്തം;കാരണം ഉരുള്‍പ്പൊട്ടലല്ല

വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ പുത്തുമലയിലുണ്ടായ ദുരന്തത്തിനു കാരണം ഉരുള്‍പ്പൊട്ടലല്ല അതി ശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.

ദുര്‍ബല പ്രദേശമായ ഇവിടെ നടന്ന മരംമുറിക്കലും ഏലം കൃഷിക്ക് വേണ്ടി മണ്ണിളക്കിയതും മണ്ണിടിച്ചിലിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്ന ആവശ്യമുന്നയിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

പ്രദേശത്തെ മേല്‍ മണ്ണിന് 1.5 മീറ്റര്‍ മാത്രമാണ് ആഴമുള്ളത്. താഴെ ചെരിഞ്ഞു കിടക്കുന്നത് വന്‍ പാറക്കെട്ടുമാണ്. മേല്‍മണ്ണിന് 2.5 മീറ്ററെങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണും ഇത്രത്തോളം തന്നെ ഘനമീറ്റര്‍ വെള്ളവുമാണ് ഇടിഞ്ഞു താഴ്ന്ന് ഒഴുകിയതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി ജീവനും അവരുടെ സ്വപ്‌നങ്ങളും ഇല്ലാതാക്കിയ പുത്തുമല ദുരന്തത്തെ ഉരുള്‍പൊട്ടലെന്ന് വിളിക്കുന്നത് തെറ്റാണെന്നും മണ്ണ് സംരക്ഷ വകുപ്പ് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ