അതിജീവിക്കാന്‍ കേരളം;സഹായഹസ്തവുമായി സിനിമാ താരങ്ങള്‍

കേരളം വീണ്ടുമൊരു പ്രളയത്തിന് സാക്ഷിയാവുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ഒന്നാം വര്‍ഷം ഓര്‍മപ്പെടുത്താനെന്നവണ്ണം പ്രകൃതി ഈ വര്‍ഷവും സംഹാരതാണ്ഡവമാടുമ്പോള്‍ നിരവധി ജീവനുകളാണ് ഇല്ലാതായത്. സ്വപ്‌നങ്ങളാണ് നഷ്ടമായത്.

കഴിഞ്ഞവര്‍ഷത്തെ പ്രളയകാലം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അന്ന് സഹായവും പിന്തുണയുമായി കൂടെയുണ്ടായിരുന്ന മലയാള സിനിമാതാരങ്ങള്‍ ഇന്നും സജീവമാവുകയാണ്. മലയാള നടന്മാര്‍ മാത്രമല്ല അന്യഭാഷകളില്‍ നിന്നുള്ള നടന്മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജൂഡ് ആന്റണി, ഇന്ദ്രജിത്ത്, പൂര്‍ണിമ ഇന്ദ്രജിത്ത്, സരയൂ, ഉണ്ണിമുകുന്ദന്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളാണ് പ്രളയബാധിതര്‍ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഇവര്‍ സജീവമായി രംഗത്തുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, സോപ്പ്, അടിവസ്ത്രങ്ങള്‍ എന്നിവ കളക്ഷന്‍ സെന്ററുകളിലേക്ക് എത്തിച്ച് തരാന്‍ ജനങ്ങളോട് അപേക്ഷിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

താല്‍ക്കാലികമായി സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറുക. വൈദ്യസഹായം, ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കാന്‍ ഈ സാഹചര്യത്തില്‍ ഏറ്റവും എളുപ്പം ക്യാമ്പുകളിലാണ്. ജീവനാണ് ഏറ്റവും പ്രധാനമെന്നാണ് ടൊവീനോ പറഞ്ഞത്. അതോടൊപ്പം രക്ഷാദൗത്യത്തില്‍ സര്‍ക്കാരിനൊപ്പം പങ്കാളിയാകാന്‍ എന്‍ജിഒയില്‍ അംഗമാകുന്നതിനുള്ള ലിങ്കും കണ്‍ട്രോള്‍ റൂമുകളുടെ നമ്പരുകളും അദ്ദേഹം ഷെയര്‍ ചെയ്യുകയും ചെയ്തു. കൂട്ടത്തില്‍ ദുരിതത്തില്‍ വലയുന്നവരെ തന്റെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം.

അതേസമയം ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണങ്ങള്‍ എത്തിക്കാനുള്ള മുന്നറിയിപ്പുമായി ആണ് നിവിന്‍പോളി രംഗത്തെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ ആകട്ടെ വളര്‍ത്തു മൃഗങ്ങളെ കൂടി രക്ഷിക്കണമെന്ന അപേക്ഷയുമായി ആണ് സജീവമായത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നിരവധി മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. അതില്‍ പകുതിയാകട്ടെ കൂട്ടില്‍ അകപ്പെട്ടും കെട്ടഴിക്കാതെയുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മുന്നറിയിപ്പ് സന്ദേശം ഷെയര്‍ചെയ്തും ഫോണ്‍ നമ്പരുകള്‍ നല്‍കിയും ആഷിക് അബുവും രംഗത്തിറങ്ങിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയചിത്രമല്ല, ഈ വര്‍ഷത്തെ ചിത്രം തന്നെയാണ് എന്നു പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ജൂഡ് ആന്റണി പോസ്റ്റ് കുറിച്ചത്. കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ ഒരു പ്രളയം ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന ആശംസയും അദ്ദേഹം നേരുന്നുണ്ട്.

പല കളക്ഷന്‍ സെന്ററുകളിലും ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ലെന്ന് അറിയിപ്പാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയത്. കഴിഞ്ഞ പ്രളയകാലത്ത് ചേര്‍ത്തുപിടിച്ചവരെ ഇത്തവണ കൈവെടിയരുതെന്നും തനിക്ക് കഴിയുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഉണ്ണി പറയുകയും ചെയ്തു.

അതേസമയം കേരളം വീണ്ടും പ്രളയക്കെടുതിയില്‍ വലയുകയാണെന്നും എല്ലാവരും നാടിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായങ്ങള്‍ നല്‍കുകയും വേണമെന്നും, കേരള ജനത വീണ്ടും കഷ്ടപ്പെടുന്നതില്‍ ദുഃഖമുണ്ടെന്നും ഇതിനെ മറികടക്കാന്‍ ഒരുമിച്ചു നില്‍ക്കണം എന്നുമാണ് നയന്‍താര കുറിക്കുന്നത്. വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും നല്‍കി കേരളത്തെ സഹായിക്കണമെന്നും താരം
കുറിക്കുന്നു.

കേരളത്തില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായാണ് നടന്‍ ആര്യന്‍ രംഗത്തെത്തിയത്. ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ലെന്നും ആര്യന്‍ പറയുന്നു.

അതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ താരങ്ങളെ ചലഞ്ച് ചെയ്തുകൊണ്ട് ആഷിഖ് അബു വീണ്ടും രംഗത്തെത്തി. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തുടങ്ങിയവരെയാണ് ആഷിക് അബു ചാലഞ്ച് ചെയ്തിരിക്കുന്നത്. സംഗീത സംവിധായകന്‍ ബിജിപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചാലഞ്ച് ആഷിക് അബു ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ പ്രളയകാലത്ത് ദുരിതബാധിത പ്രദേശങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ അന്‍പോട് കൊച്ചി എന്ന സന്നദ്ധ സംഘടനയും ഇത്തവണ കാര്യമായി തന്നെ രംഗത്തുണ്ട്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടെയും നേതൃത്വത്തിലാണ് അന്‍പോട് കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ കളക്ട്രേറ്റിലടക്കം കളക്ഷന്‍ സെന്ററുകള്‍ തുടങ്ങിയെങ്കിലും മരുന്നുകളടക്കമുള്ള അവശ്യവസ്തുക്കള്‍ കാര്യമായെത്തുന്നുമില്ല. കഴിഞ്ഞ പ്രളയകാലത്ത് ലഭിച്ച സഹായങ്ങളെ അപേക്ഷിച്ച് ഇത്തവണ സഹായ ഹസ്തങ്ങള്‍ വളരെ കുറവാണ്

ഈ സാഹചര്യത്തിലാണ് ജനങ്ങളോട് സിനിമ താരങ്ങളും സഹായമഭ്യര്‍ത്ഥിക്കുന്നത്. എത്രയും പെട്ടെന്ന് കഴിയുന്നത്ര അവശ്യ സാധനങ്ങള്‍ എത്തിച്ച് തരണമെന്നാണ് ഇവര്‍ വാര്‍ത്താ ചാനലുകള്‍ വഴി ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തുന്നത്. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച വടക്കന്‍ ജില്ലകള്‍ക്ക് അവശ്യസാധനങ്ങള്‍ ആദ്യപടിയായി എത്തിക്കാനാണ് അധികൃതരുടെ ശ്രമം. കഴിഞ്ഞ പ്രളയകാലത്തേതുപോലെതന്നെ പൊതു ജനത്തിന്റെ സഹായ ഹസ്തങ്ങള്‍ തേടുകയാണ് വോളണ്ടിയര്‍മാര്‍.