ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ടു; ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു

ബംഗളൂരു: രാജ്യത്തിന്റെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കന്‍ഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്.

View image on Twitter

ചന്ദ്രയാന്‍ രണ്ട് ഉപഗ്രഹം ജൂലൈ 22നാണ് വിക്ഷേപിച്ചത്. ജൂലൈ 23 മുതല്‍ ഈ മാസം 6 വരെ അഞ്ച് തവണ പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ച ശേഷമാണ് ഇന്ന് പുലര്‍ച്ചെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറയിലേക്ക് മാറ്റിയത്. പേടകത്തിലെ എല്ലാ ഘടകങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്‌റോ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക.