ശശികല നടരാജന്‍: അറിയാനായി 9 കാര്യങ്ങള്‍

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്‌ക്-

ശശികല നടരാജന്‍. ജെ. ജയലളിതയുടെ ഉറ്റതോഴി. വീഴ്ചയിലും വളര്‍ച്ചയിലും ജയലളിതയുടെ നിഴലായി നടക്കുകയായിരുന്നു എന്നും ശശികല. പുരട്ചി തലൈവി ചരിത്രത്തിലേയ്ക്ക് മറഞ്ഞതിനുശേഷം പാര്‍ട്ടിയിലെ അധികാരസമവാക്യങ്ങളില്‍ നിര്‍ണായക സ്വാധീനമായി ശശികല നടരാജന്‍ എന്ന പേര് എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ശശികലയെക്കുറിച്ച് അറിയാന്‍ ഒമ്പത് കാര്യങ്ങള്‍….

sasi-01

1. ആദ്യകാലത്ത് വീഡിയോ റെക്കോര്‍ഡിംഗ് സ്ഥാപനവും കാസറ്റ് വാടകയ്ക്ക് നല്‍കിയും ഉപജീവനം കഴിച്ചിരുന്ന ശശികല, ജയലളിത എ.ഐ.എ.ഡി.എം.കെയുടെ പ്രൊപ്പഗണ്ട സെക്രട്ടറിയായി നിയമിതയായശേഷം പാര്‍ട്ടി പരിപാടികള്‍ വീഡിയോ ചെയ്യാന്‍ കോണ്‍ട്രാക്ട് എടുക്കുന്നതിലൂടെയാണ് ജയലളിതയുമായി അടുക്കുന്നത്.

sasi-02

2. പിന്നീട് ശശികല ജയലളിതയുമായി വളരെയധികം അടുത്തു. ‘എന്റെ കൂടെ പിറക്കാതെപോയ സഹോദരിയാണ് ശശികല, എന്റെ അമ്മയുടെ സ്ഥാനത്തുനിന്നും അവര്‍ സംരക്ഷിക്കുന്നു’ എന്ന് ഒരു അഭിമുഖത്തില്‍ ജയലളിത പറയുകപോലുമുണ്ടായി.

sasi-03

3. ഭര്‍ത്താവും സഹോദരങ്ങളുമടങ്ങുന്ന വലിയൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് ശശികലയുടെ വരവ്. ജയലളിതയുമായുള്ള അടുപ്പത്തോടെ ഈ കുടുംബാംഗങ്ങള്‍ തമിഴ്‌നാട്ടില്‍ ഒരു സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് അന്ന് ആരോപണങ്ങളുണ്ടായിരുന്നു.

sasi-04

4. ശശികലയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണങ്ങള്‍ വര്‍ദ്ധിച്ചുവന്ന സാഹചര്യത്തില്‍ 2011 ല്‍ ജയലളിതയെ ശശികലയെയും 13 കുടുംബാംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഒരുവര്‍ഷത്തിനുശേഷം ശശികലയും കുടുംബാംഗങ്ങളും മാപ്പ് പറഞ്ഞ് തിരികെ പാര്‍ട്ടിയില്‍ പ്രവേശിച്ചു.

sasi-05

5. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പ്രത്യേക കോടതി ജയലളിതയോടൊപ്പം ശശികലയെയും നാലുവര്‍ഷം തടവിനും 10 കോടിരൂപ പിഴയും വിധിച്ചിരുന്നു. ഒരുവര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു.

sasi-06

6. എ.ഐ.എ.ഡി.എം.കെയില്‍ ശശികലയുടെ കൈയടക്കല്‍ തുടങ്ങുന്നത് ജയലളിതയുടെ അവസാന കാലഘട്ടങ്ങളിലായിരുന്നു. പ്രത്യേകിച്ച് ജയലളിത ജയിലിലടയ്ക്കപ്പെട്ട് ആരോഗ്യപരമായി തളര്‍ന്ന സാഹചര്യങ്ങളില്‍. എന്നാല്‍ ജയലളിതയുടെ മരണംവരെ പാര്‍ട്ടിയില്‍ ഒരു ഔദ്യോഗിക പദവിയും ശശികല വഹിച്ചിരുന്നില്ല.

sasi-07

7. തമിഴ്‌നാട് ജനങ്ങള്‍ ജയലളിതയുടെ ശബ്ദം ഇതുവരെ കേട്ടിട്ടുണ്ടാകില്ലാ.. കാരണം മറ്റൊന്നുമല്ലാ. അവര്‍ ഇതുവരെ പൊതുവേദികളില്‍ പ്രസംഗിച്ചിട്ടില്ല എന്നതുതന്നെ. എതിരായ കോടതി വിധികളും, മാഫിയപോലെ പ്രവര്‍ത്തിക്കുന്ന കുടുംബാംഗങ്ങളും, പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കലും എല്ലാം ചേര്‍ന്ന് അത്ര നല്ല ഒരു ഇമേജ് അല്ല പൊതുജനങ്ങള്‍ക്ക് മുന്നില്‍ ശശികലയ്ക്ക്. അവര്‍ ശശികലയെ അംഗീകരിക്കുമോ എന്ന് ഇനി കണ്ടറിയാം.

sasi-08

8. രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള തേവര്‍ സമുദായാംഗമാണ് ശശികല. മുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വവും ഇതേ സമുദായത്തില്‍ നിന്നുതന്നെ. തേവര്‍ സമുദായത്തോട് പ്രത്യേക മമത പുലര്‍ത്തുന്ന രണ്ടുപേരോടും മറ്റ് സമുദായാംഗങ്ങളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അത്രയ്ക്ക് അടുപ്പമില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

sasi-09

9 എ.ഐ.എ.ഡി.എം.കെയുടെ 130 ലധികം എം.എല്‍.എമാരും 49 എം.പിമാരും ശശികലയെ പയസ് ഗാര്‍ഡനില്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജയലളിതയുടെ മരണത്തിനുശേഷവും ശശികല വസിക്കുന്നത് പയസ് ഗാര്‍ഡനില്‍തന്നെയാണ്. ജയലളിതയുടെ പിന്‍ഗാമിയായി.